മിസ് യൂണിവേഴ്സ് വേദിയിൽ കസവഴക്; 'ആദ്യ മലയാളി' എന്ന അഭിമാനത്തോടെ കെസിയ ലിസ് മെജോ

Kaziah Liz Mejo|photo:instagram.com/kaziahmejo/
Kaziah Liz Mejo|photo:instagram.com/kaziahmejo/

ലോകസുന്ദരിപ്പട്ടത്തിനായുള്ള മത്സരവേദിയിൽ കേരളത്തിന്റെ തനിമയും പാരമ്പര്യവും അഭിമാനത്തോടെ അവതരിപ്പിച്ച് ഇന്ത്യയുടെ മിസ് യൂണിവേഴ്സ് 2026 പ്രതിനിധി കസിയ ലിസ് മെജോ. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ പേഴ്‌സണൽ ഇന്റർവ്യൂ റൗണ്ടിൽ കേരളത്തിന്റെ പരമ്പരാഗത കസവ് സാരിയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട വേഷത്തിലാണ് താരം എത്തിയത്. ആദ്യമായി മിസ് യൂണിവേഴ്സ് വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന മലയാളി എന്ന നേട്ടത്തിനൊപ്പം കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം ആഗോള വേദിയിൽ പരിചയപ്പെടുത്താനും കസിയയുടെ ഈ ലുക്ക് വഴിയൊരുക്കി.'വീട്ടിൽനിന്നുള്ള ഒരംശം, ചരിത്രത്തിന്റെ ഒരു ഭാഗം, എന്റെ യാത്രയിലെ ഓരോ നിമിഷവും' എന്ന അർഥം വരുന്ന കുറിപ്പോടെയാണ് കസിയ ചിത്രങ്ങൾ പങ്കുവച്ചത്.

കസവിൽ കേരളത്തിന്റെ കൈയൊപ്പ്

കേരളത്തിന്റെ കസവ് സാരികളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട ഗൗണാണ് പേഴ്‌സണൽ ഇന്റർവ്യൂവിനായി കസിയ തിരഞ്ഞെടുത്തത്. സൂക്ഷ്മമായ കൈത്തറി അലങ്കാരപ്പണികളും ഇന്ത്യൻ കരകൗശലവിദ്യയുടെ മനോഹാരിതയും വേഷത്തിൽ പ്രകടമായിരുന്നു. കേവലം ഫാഷൻ തിരഞ്ഞെടുപ്പായിരുന്നില്ല ഈ വേഷമെന്നും തന്റെ വേരുകളെയും ജീവിതയാത്രയെയും അടയാളപ്പെടുത്താനുള്ള ശ്രമമായിരുന്നുവെന്നും കസിയ വ്യക്തമാക്കി.'എന്റെ പേഴ്‌സണൽ ഇന്റർവ്യൂവിനുള്ള വേഷം വെറുമൊരു വസ്ത്രമായിരിക്കരുതെന്ന് ഞാൻ ആഗ്രഹിച്ചു. മിസ് യൂണിവേഴ്സ് വേദിയിലേക്കുള്ള എന്റെ യാത്രയുടെ തുടക്കം മുതൽ കൂടെയുള്ള ഓരോ ഓർമയും അതിൽ ഉൾപ്പെടുത്തണമെന്നുണ്ടായിരുന്നു' എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.മുടിയിൽ ചൂടിയ മുല്ലപ്പൂമാലയ്ക്കും പ്രത്യേക അർഥമുണ്ട്. മിസ് യൂണിവേഴ്സ് ഇന്ത്യയുടെ ഔദ്യോഗിക ഹെഡ്ഷോട്ടിൽ ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ ധരിച്ച മുല്ലപ്പൂവിനോടുള്ള ആദരസൂചകമായാണ് ഇത് തിരഞ്ഞെടുത്തത്. ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ആദ്യ വനിതയുടെ പാരമ്പര്യത്തെയും ഇതിലൂടെ ആദരിക്കുന്നതായി കസിയ കുറിച്ചു.മത്സരത്തിനായി ഇന്ത്യയിൽനിന്ന് യാത്രതിരിച്ചപ്പോൾ ധരിച്ച അതേ വള തന്നെയാണ് ഈ വേഷത്തിനൊപ്പവും അണിഞ്ഞത്. മുൻഗാമിയായിരുന്ന മത്സരാർത്ഥിയുടെ കമ്മലുകളും ലുക്കിന്റെ ഭാഗമായി. തന്റെ യാത്രയിലെ ഓരോ ഘട്ടത്തിനും ഓർമകൾക്കും പ്രാധാന്യം നൽകുന്ന രീതിയിലായിരുന്നു ആഭരണങ്ങളുടെ തിരഞ്ഞെടുപ്പ്.

കേരളത്തിന്റെ വേരുകൾ

മിസ് യൂണിവേഴ്സ് വേദിയിൽ മത്സരിക്കുന്ന ആദ്യ മലയാളി എന്ന നിലയിൽ ഏറെ അഭിമാനമുണ്ടെന്നും കേരളത്തിന്റെ വേരുകൾ ആഗോള വേദിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും കസിയ പറഞ്ഞു.'ഇന്ത്യയിൽ വീട്ടിലിരുന്ന് എനിക്ക് സ്‌നേഹവും പ്രാർഥനകളും പിന്തുണയും നൽകുന്ന എല്ലാവരോടും നന്ദി. ഇന്ന് എന്നിൽ നിങ്ങളിൽ ഓരോരുത്തരുടെയും ഒരു ചെറിയ അംശം കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. വർഷങ്ങളുടെ സ്വപ്നവും ഒട്ടേറെ പ്രതീക്ഷകളും വിശ്വാസവുമാണ് എന്നെ ഈ വേദിയിലെത്തിച്ചത്. ഇവിടെ എത്തണമെന്ന് സ്വപ്നം കണ്ട എന്റെ ഓരോ കാലഘട്ടത്തോടും എന്നെ സഹായിച്ച എല്ലാവരോടുമുള്ള സ്‌നേഹപ്രകടനമാണ് ഈ വേഷം. എന്റെ നാടിനെ ഞാൻ എപ്പോഴും കൂടെ ചേർത്തുപിടിക്കും' എന്നും താരം കുറിച്ചു.ഷാരൂഖ് ഖാൻ ചിത്രം ചക് ദേ ഇന്ത്യയിലെ പ്രശസ്തമായ വാചകവും ചേർത്താണ് കസിയ കുറിപ്പ് അവസാനിപ്പിച്ചത്.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് സുന്ദരിമാർ ഒരുമിച്ച്

മത്സരത്തിനിടെ പാകിസ്ഥാന്റെ മിസ്ബ അർഷാദിനും ബംഗ്ലാദേശിന്റെ സമീറ ഖാൻ മഹിക്കുമൊപ്പം നിൽക്കുന്ന ചിത്രങ്ങളും കസിയ പങ്കുവച്ചിരുന്നു. വ്യത്യസ്ത രാജ്യങ്ങളെയും പതാകകളെയും പ്രതിനിധീകരിച്ചാലും പരസ്പര സ്‌നേഹത്തിനും സൗഹൃദത്തിനും അതിരുകളില്ലെന്ന സന്ദേശമാണ് ചിത്രങ്ങളിലൂടെ മൂവരും നൽകിയത്.'വ്യത്യസ്ത രാജ്യങ്ങൾ, വ്യത്യസ്ത പതാകകൾ, എന്നാൽ ഒരുപാട് സ്‌നേഹവും സൗഹൃദവും. ആത്മാർഥമായ ബന്ധങ്ങളെ തടയാൻ അതിർത്തികൾക്കാവില്ല' എന്നായിരുന്നു കസിയയുടെ കുറിപ്പ്. #Sisterhood എന്ന ഹാഷ്ടാഗും ഇതിനൊപ്പം ചേർത്തിരുന്നു.നവംബർ 24-ന് പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലുള്ള ജോസ് മിഗ്വേൽ അഗ്രലോട്ട് കൊളീസിയത്തിലാണ് മിസ് യൂണിവേഴ്സ് 2026 ഫൈനൽ നടക്കുന്നത്.

Content Highlights: Kaziah Liz Mejo represents India as the first Malayali at Miss Universe 2026., Wore a custom gown inspired by Kerala's traditional Kasavu saree for the personal interview round., Emphasized cultural roots, incorporating meaningful accessories like jasmine flowers and traditional bangles., Shared a message of unity with Miss Universe contestants from Pakistan and Bangladesh.