ആരാണ് ജെന്നിഫർ ബാരെറ്റോ? മിസ് യൂണിവേഴ്‌സ് കിരീടം ചൂടുന്ന ആദ്യ അമ്മ, ചരിത്രം കുറിച്ച് 27-കാരി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ജെന്നിഫര്‍ ബാരെറ്റോ | Photo:AP
മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട ജെന്നിഫര്‍ ബാരെറ്റോ | Photo:AP

75-ാമത് മിസ് യൂണിവേഴ്‌സ് കിരീടം സ്വന്തമാക്കിയ പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സൗന്ദര്യമത്സര ചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തിരിക്കുകയാണ്. മിസ് യൂണിവേഴ്‌സ് പട്ടം നേടുന്ന ആദ്യ അമ്മ എന്ന ചരിത്രനേട്ടമാണ് 27-കാരിയായ ജെന്നിഫർ സ്വന്തമാക്കിയത്. ഡൊമിനിക്കൻ റിപ്പബ്ലിക് ഫസ്റ്റ് റണ്ണറപ്പും വെനസ്വേല സെക്കൻഡ് റണ്ണറപ്പുമായി. ഫിലിപ്പീൻസും ന്യൂസിലൻഡും യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളിൽ എത്തി. 'ഒരു പുതിയ രാജ്ഞി, ഒരു പുതിയ യുഗം! പ്യൂർട്ടോ റിക്കോയിലേക്ക് കിരീടം എത്തിച്ച നമ്മുടെ പുതിയ മിസ് യൂണിവേഴ്‌സ് ജെന്നിഫർ ബാരെറ്റോയ്ക്ക് അഭിനന്ദനങ്ങൾ,' എന്ന കുറിപ്പോടെയാണ് മിസ് യൂണിവേഴ്‌സ് ഓർഗനൈസേഷൻ വിജയിയെ പ്രഖ്യാപിച്ചത്.

Read Also : 'നീ ഹൃദയങ്ങൾ കീഴടക്കി, നിന്നിൽ അഭിമാനിക്കുന്നു'; കെസിയ ലിസ് മെജോയെ പ്രശംസിച്ച് സുസ്മിത സെൻ

വിവാഹിതയായ ജെന്നിഫർ ബാരെറ്റോയ്ക്ക് പെനലോപ് എന്ന ഏഴ് വയസ്സുകാരിയായ മകളുണ്ട്. സൗന്ദര്യമത്സര വേദിക്ക് പുറമെ ഉന്നത വിദ്യാഭ്യാസവും മികച്ച കരിയറുമുള്ള വ്യക്തിത്വമാണ് ജെന്നിഫറിന്റേത്. സൈക്കോളജിയിലും ക്ലിനിക്കൽ സോഷ്യൽ വർക്കിലുംജെന്നിഫറിന് രണ്ട് ബിരുദാനന്തര ബിരുദങ്ങളുണ്ട്.യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസിന്റെ ആർമി വിഭാഗത്തിൽ 'പ്രിവൻഷൻ സ്‌പെഷ്യലിസ്റ്റ്' ആയി പ്രവർത്തിക്കുകയാണ് ജെന്നിഫർ. സമൂഹത്തിലെ ദോഷകരമായ പ്രവണതകൾ തടയുന്നതിനും ആരോഗ്യകരമായ സാമൂഹിക അന്തരീക്ഷം വളർത്തിയെടുക്കുന്നതിനുമുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണ് ഇവരുടെ പ്രധാന ചുമതല.

Read Also: മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോയ്ക്ക്; ഇന്ത്യയുടെ കെസിയ ടോപ് 30-ൽ 

ഔദ്യോഗിക തിരക്കുകൾക്കിടയിലും വായനയും വോളിബോളും ഇഷ്ടപ്പെടുന്ന ജെന്നിഫർ, പ്യൂർട്ടോ റിക്കോയിലുടനീളം സജീവമായ സന്നദ്ധപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. പ്രമേഹബാധിതരായ കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സഹായിക്കുന്നതിനും രോഗത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി പ്യൂർട്ടോ റിക്കോയിലെ പീഡിയാട്രിക് ഡയബറ്റിസ് അസോസിയേഷനൊപ്പം ജെന്നിഫർ പ്രവർത്തിക്കുന്നു. സൗന്ദര്യമത്സരത്തെ കേവലം കരിയറിലെ ഒരു ചവിട്ടുപടിയായല്ല, മറിച്ച് തന്റെ സാമൂഹിക പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും അർത്ഥവത്തായ മാറ്റങ്ങൾ കൊണ്ടുവരാനുമുള്ള വേദിയായാണ് ജെന്നിഫർ കാണുന്നത്.

വിവാഹിതരായ സ്ത്രീകൾക്കും അമ്മമാർക്കും മത്സരിക്കാൻ അനുമതി നൽകിക്കൊണ്ട് മിസ് യൂണിവേഴ്‌സ് സംഘാടകർ നിയമങ്ങളിൽ മാറ്റം വരുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ ചരിത്രവിജയമായാണ് ജെന്നിഫർ ബാരെറ്റോയുടെ കിരീടനേട്ടം വിലയിരുത്തപ്പെടുന്നത്.

Content Highlights: Jennifer Barreto from Puerto Rico becomes the first mother to win Miss Universe, marking a historic moment in beauty pageant history.