സ്വർണമെന്തിന്? ഹൽദി സെറിമണി വെറൈറ്റിയാക്കി റാണയുടെ പ്രിയതമ മിഹീക; ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യൻ താരം റാണ ദഗുബാട്ടിയും മിഹീകാ ബജാജും തമ്മിലുള്ള വിവാഹ വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഓഗസ്റ്റ് എട്ടിന് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം നടക്കുക. ഇപ്പോഴിതാ വിവാഹത്തിനു മുന്നോടിയായുള്ള ആഘോഷങ്ങളിൽ നിന്നുള്ള ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഹൽദി സെറിമണിയിൽ നിന്നുള്ള മിഹീകയുടെ ചിത്രങ്ങളാണവ.
തീർത്തും വ്യത്യസ്തമായ ലുക്കിലാണ് മിഹീക ഹൽദിക്കായി അവതരിച്ചിരിക്കുന്നത്. പരമ്പരാഗത ശൈലിയിലുള്ള മഞ്ഞ നിറത്തിലുള്ള ലെഹംഗയാണ് ധരിച്ചിരിക്കുന്നത്. ഒരുവശത്തുനിന്ന് കനംകുറച്ച് ഞൊറിഞ്ഞെടുത്ത് താഴേക്കിട്ടിരിക്കുന്ന ദുപ്പട്ടയും മിഹീകയുടെ സൗന്ദര്യം വർധിപ്പിക്കുന്നു. ഹൽദിക്കായി മിഹീക അണിഞ്ഞ ആഭരണങ്ങളാണ് ചടങ്ങിലെ പ്രധാന ഹൈലൈറ്റ്.
സ്വർണാഭരണങ്ങൾക്കു പകരം ചിപ്പികൊണ്ടുള്ള ആഭരണങ്ങളാണ് മിഹീക അണിഞ്ഞിരിക്കുന്നത്. നെറ്റിചുട്ടിയും കമ്മലുംവളകളും മോതിരവുമൊക്കെ ചിപ്പി കൊണ്ടുണ്ടാക്കിയവയാണ്. മാലയുടെ അസാന്നിധ്യം പ്രകടമാകാത്ത വിധത്തിൽ വലിപ്പമുള്ള കമ്മലുകൾ മാറ്റുകൂട്ടുന്നു. അലസമായി അഴിച്ചിട്ട മുടികളും മേക്കപ്പിന്റെ അതിഭാവുകത്വമില്ലാത്തതുമൊക്കെ മിഹീകയുടെ ലുക്ക് വ്യത്യസ്തമാക്കി.
അടുത്തിടെ വിവാഹപൂർവ ആഘോഷങ്ങൾക്കായി മനോഹരമായ ലെഹംഗയും അതിനു ചേരുന്ന മാസ്കും ധരിച്ചു നിൽക്കുന്ന മിഹീകയുടെ ചിത്രങ്ങൾ വൈറലായിരുന്നു. നടി സമാന്ത റൂത് പ്രഭു ഉൾപ്പെടെ നിരവധി പേർ മിഹീകയുടെ ആ ലുക്കിനെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
വ്യവസായി സുരേഷ് ബജാജിന്റെയും അറിയപ്പെടുന്ന ബിസിനസ് വുമണായ ബണ്ടി ബജാജിന്റെയും മകളാണ് മിഹീക. ഇന്റീരിയര്‍ ഡിസൈനിങ്ങില്‍ ബിരുദമെടുത്ത മിഹീക ഉപരിപഠനം നടത്തിയത് ചെല്‍സ് യൂണിവേഴ്‌സിറ്റിയിലാണ്. ഡ്യൂ ഡ്രോപ്പ് സ്റ്റുഡിയോസ് എന്ന പേരില്‍ ഒരു സ്ഥാപനവും മിഹീക നടത്തുന്നുണ്ട്.
Content Highlights: