ഞാനിട്ട ഒരു വസ്ത്രം ഇത്ര വലിയ ചർച്ചാവിഷയമാകുമെന്ന് കരുതിയില്ല; ശാലിനിക്ക് മല്ലികയുടെ മറുപടി

#ലൈഫ്സ്റ്റൈൽ ഡെസ്ക്
മല്ലിക ഷെരാവത് | Photo: Getty Images
മല്ലിക ഷെരാവത് | Photo: Getty Images

ഒരു പച്ച ഡ്രസിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ തർക്കം നടക്കുകയാണെന്ന് പറഞ്ഞാൽ അല്പം അതിശയോക്തിയാകും അല്ലേ. പക്ഷെ, എന്റർടെയ്ൻമെന്റ് ഇൻഡസ്ട്രിയിൽ അതും സംഭവിക്കും. ദ ട്രെയ്‌റ്റേഴ്‌സ് എന്ന റിയാലിറ്റി ഷോയിൽ മല്ലിക ഷെരാവത്ത് ധരിച്ച ഒരു പച്ച നിറത്തിലുള്ള വസ്ത്രത്തെച്ചൊല്ലിയാണ് പുതിയ തർക്കം. പ്രശസ്ത ഡിസൈനർ ബ്രാൻഡായ 'ഡോൾസ് ആൻഡ് ഗബാന'യുടെ പേരിൽ മല്ലിക അണിഞ്ഞ വസ്ത്രം വ്യാജമാണെന്ന ആരോപണം ഉയർത്തിയത് ആർട്ട് കലക്ടറായ ശാലിനി പാസിയാണ്. ശാലിനിയെ പേരെടുത്ത് പറയാതെ ഈ ആരോപണത്തിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മല്ലിക. അസൂയയാണ് ഇത്തരമൊരു ആരോപണത്തിന് പിന്നിലെന്ന് മല്ലിക പറയുന്നു.

ശാലിനി പാസിയും മല്ലിക ഷെരാവത്തും, മല്ലിക അണിഞ്ഞ ഈ പച്ച ഡ്രസ് ആണ് വിവാദമായത്. Photo:Screengrab/homebollywoodofficial

കരൺ ജോഹർ അവതാരകനായ 'ദി ട്രെയ്‌റ്റേഴ്‌സ്' റിയാലിറ്റി ഷോയ്ക്കിടെയാണ് സംഭവങ്ങളുടെ തുടക്കം. മല്ലിക അണിഞ്ഞിരുന്ന പച്ചയും ഗോൾഡനും ചേർന്ന ഗൗൺ വ്യാജമാണെന്നും, യഥാർത്ഥ ബ്രാൻഡ് വസ്ത്രങ്ങൾ താൻ 17-ാം വയസ്സു മുതൽ ധരിക്കുന്നതാണെന്നും ശാലിനി മറ്റ് മത്സരാർത്ഥികളോട് പറഞ്ഞിരുന്നു. മല്ലികയുടെ മൈക്ക് ശരിയാക്കുന്നതിനിടയിൽ ബ്രാൻഡ് ടാഗ് കണ്ടെന്നും അത് വ്യാജമാണെന്ന് ഉറപ്പായെന്നുമായിരുന്നു ശാലിനിയുടെ അവകാശവാദം. ഇതിനെതിരെയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ മല്ലിക തിരിച്ചടിച്ചത്.

'വസ്ത്രം എന്റേത്, ചർച്ച എല്ലാവരുടേയും'

'നമ്മൾ ഇപ്പോൾ ഈ ഷോയിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം ചർച്ച ചെയ്യേണ്ടതുണ്ട് എന്റെ പച്ച വസ്ത്രം! എന്റെ വസ്ത്രം ഇത്രയും വലിയ ചർച്ചാവിഷയമാകുമെന്ന് ഞാൻ കരുതിയില്ല.

 
 
 
 
 
 
 
 
 
 
 
 
 
 
 

എന്റെ വസ്ത്രവും ബോഡി ഷേപ്പും ഗ്ലാമറും കാരണം ആർക്കെങ്കിലും അല്പം അസൂയ തോന്നുന്നുണ്ടെങ്കിൽ എനിക്ക് അത് മനസ്സിലാകും... ആസ്വദിക്കൂ!'മല്ലിക വീഡിയോയിൽ പറഞ്ഞു. 'വസ്ത്രം എന്റേത്, ചർച്ച എല്ലാവരുടേയും' എന്ന രസകരമായ അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചത്.

ഷോയിൽ ഇരുവർക്കുമിടയിൽ പുകയുന്ന വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളാണ് വസ്ത്രത്തെച്ചൊല്ലിയുള്ള വാക്‌പോരിലേക്ക് വഴിമാറിയത്. എന്തായാലും മല്ലികയുടെ ഈ നർമ്മം കലർന്ന മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വസ്ത്രത്തിന്റെ പേരിൽ തർക്കിക്കുന്നതിനേക്കാൾ വലിയ കാര്യങ്ങൾ ഷോയിലുണ്ടെന്നാണ് മല്ലികയുടെ ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

Content Highlights: Mallika Sherawat addresses claims that her green gown on The Traitors was fake., Art collector Shalini Passi originally claimed the Dolce & Gabbana dress was counterfeit., Mallika responded via Instagram, attributing the accusation to jealousy and body shape envy., The controversy has sparked massive social media engagement among fans.