ഹെവി മേക്കപ്പുകളോട് നോ പറയാം; ട്രെൻഡായി 'സ്‌കിനിമലിസവും' നാച്ചുറൽ ഗ്ലോയും

representative image|photo:canva
representative image|photo:canva

സൗന്ദര്യ സങ്കൽപ്പങ്ങളും മേക്കപ്പ് രീതികളും വലിയ മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കട്ടിയുള്ള ഫൗണ്ടേഷനുകൾക്ക് പിന്നിൽ മുഖം മറച്ചുവെക്കുന്ന പഴയ രീതികളിൽ നിന്ന് ചർമത്തിന്റെ സ്വാഭാവിക ഭംഗിയെ തുറന്നുകാട്ടുന്ന 'സ്‌കിനിമലിസം' എന്ന പുതിയ തരംഗത്തിലേക്ക് മേക്കപ്പ് ലോകം മാറിയിരിക്കുന്നു. ഹെവി മേക്കപ്പുകളോട് മുഖംതിരിക്കുന്ന പുതുതലമുറയുടെ താല്പര്യങ്ങളെക്കുറിച്ചും, ഗ്ലാസ് സ്‌കിൻ ട്രെൻഡുകളെക്കുറിച്ചും മേക്കപ്പ് ആർട്ടിസ്റ്റായ ദൃഷ്ടി മദ്‌നാനിയാണ് എൻഡി ടിവിയുടെ അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുന്നത്. ഹെവി മേക്കപ്പുകൾ ഇല്ലാതാകുന്നത് എന്തുകൊണ്ടാണെന്നും ജെൻസീ തലമുറ ആഗ്രഹിക്കുന്ന സൗന്ദര്യ കാഴ്ചപ്പാടുകൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചും വ്യക്തമായ നിരീക്ഷണങ്ങളാണ് ദൃഷ്ടി മദ്‌നാനി പങ്കുവെക്കുന്നത്.

ചർമത്തിന്റെ സ്വാഭാവികത നിലനിർത്തിക്കൊണ്ട് കുറഞ്ഞ മേക്കപ്പ് ഉപയോഗിക്കുന്ന രീതിയെയാണ് 'സ്‌കിനിമലിസം' എന്ന് വിശേഷിപ്പിക്കുന്നത്. മുഖത്തെ പാടുകളോ ചെറിയ വ്യത്യാസങ്ങളോ പൂർണ്ണമായി മറയ്ക്കാൻ ശ്രമിക്കാതെ, ചർമത്തിന് തിളക്കവും ആരോഗ്യവും നൽകുന്നതിനാണ് ഈ രീതി മുൻഗണന നൽകുന്നത്.'മുൻപൊക്കെ കനത്ത ഫൗണ്ടേഷൻ, കൺസീലർ, കോണ്ടറിംഗ് എന്നിവ ഉപയോഗിച്ച് മുഖത്തിന്റെ രൂപം തന്നെ മാറ്റുന്ന രീതിയായിരുന്നു ജനപ്രിയമെങ്കിൽ, ഇന്നത്തെ തലമുറ അത് ആഗ്രഹിക്കുന്നില്ലെന്നും ദൃഷ്ടി മദ്‌നാനി വ്യക്തമാക്കുന്നു. കട്ടിയുള്ള മേക്കപ്പുകൾ ചർമത്തിന്റെ സ്വാഭാവികത തടസ്സപ്പെടുത്തുകയും പലപ്പോഴും കൃത്രിമത്വം തോന്നിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ, ദിവസേനയുള്ള ഉപയോഗത്തിനും ആഘോഷങ്ങൾക്കും ഒരുപോലെ നാച്ചുറൽ ലുക്ക് തിരഞ്ഞെടുക്കാനാണ് ആളുകൾ ഇന്ന് കൂടുതൽ ഇഷ്ടപ്പെടുന്നതെന്നും അവർ പറയുന്നു.

'ഗ്ലാസ് സ്‌കിൻ' എന്ന മാജിക്

കൊറിയൻ ബ്യൂട്ടി സംസ്‌കാരത്തിലൂടെ ലോകമെമ്പാടും തരംഗമായി മാറിയ ഒന്നാണ് 'ഗ്ലാസ് സ്‌കിൻ' ചർമം കണ്ണാടി പോലെ മിനുസമാർന്നതും ഈർപ്പമുള്ളതും തിളക്കമുള്ളതുമായി നിലനിർത്തുന്ന ശൈലിയാണിത്. ഇത് കേവലം മേക്കപ്പിലൂടെ മാത്രം സാധ്യമാകുന്ന ഒന്നല്ലെന്ന് ദൃഷ്ടി ചൂണ്ടിക്കാണിക്കുന്നു. കൃത്യമായ സ്‌കിൻ കെയർ രീതികളും, ഹൈഡ്രേഷൻ , അതായത് ചർമത്തിൽ ഈർപ്പം നിലനിർത്തുന്ന പോഷകങ്ങളും ചേരുമ്പോഴാണ് യഥാർത്ഥ ഗ്ലാസ് സ്‌കിൻ ലഭിക്കുന്നത്. മിനിമൽ മേക്കപ്പ് ഉൽപ്പന്നങ്ങളും ഹൈലൈറ്ററുകളും ഉപയോഗിച്ച് വളരെ ലളിതമായി ഈ തിളക്കം സ്വന്തമാക്കാൻ ഇന്നു സാധിക്കും. മേക്കപ്പിനേക്കാൾ ഉപരി ചർമസംരക്ഷണത്തിന് മുൻഗണന നൽകാൻ ആളുകളെ പ്രേരിപ്പിച്ചു എന്നതാണ് ഗ്ലാസ് സ്‌കിൻ ട്രെൻഡിന്റെ പ്രധാന വിജയം.

പുതിയതലമുറയുടെ സൗന്ദര്യ സങ്കൽപ്പങ്ങൾ

മേക്കപ്പ് ലോകത്തെ ട്രെൻഡുകൾ നിശ്ചയിക്കുന്നതിൽ ഇന്നത്തെ കൗമാരക്കാരും യുവാക്കളും വലിയ പങ്കാണ് വഹിക്കുന്നത്. പൂർണ്ണതയുള്ള സൗന്ദര്യത്തിനേക്കാൾ സ്വന്തം വ്യക്തിത്വത്തിനും സ്വാഭാവികതയ്ക്കുമാണ് അവർ മുൻഗണന നൽകുന്നതെന്നും ദൃഷ്ടി പറയുന്നു.വളരെ ലളിതമായ ഫൗണ്ടേഷനോടൊപ്പം തിളക്കമുള്ള ലിപ് ഗ്ലോസ്, ബോൾഡ് ആയ ഐലൈനർ അല്ലെങ്കിൽ ഐ ഷാഡോ എന്നിവ ഉപയോഗിക്കുന്നതാണ് ഇവരുടെ രീതി. ചുണ്ടിലും കവിളിലും ഒരുപോലെ ഉപയോഗിക്കാവുന്ന ലിപ് ആൻഡ് ചീക്ക് ടിന്റുകൾ പോലെയുള്ള ലളിതവും വേഗത്തിൽ ഉപയോഗിക്കാവുന്നതുമായ ഉൽപ്പന്നങ്ങളോടാണ് ഇവർക്ക് കൂടുതൽ പ്രിയം.ചർമത്തിന്റെ ആരോഗ്യത്തിന് മുൻഗണന നൽകി കെമിക്കലുകൾ കുറഞ്ഞ, ഓർഗാനിക് ആയ ബ്യൂട്ടി പ്രൊഡക്റ്റുകൾ തിരഞ്ഞെടുക്കാൻ പുതിയ തലമുറ അതീവ ശ്രദ്ധ പുലർത്തുന്നുണ്ടെന്നും അവർ പറഞ്ഞു.

മേക്കപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹെവി മേക്കപ്പുകൾ ഒഴിവാക്കി സ്വാഭാവിക ഭംഗി നിലനിർത്താൻ ആഗ്രഹിക്കുന്നവർക്കായി ചില ലളിതമായ ഉപദേശങ്ങളും ദൃഷ്ടി മദ്‌നാനി നൽകുന്നുണ്ട്. നല്ലൊരു മോയിസ്ചറൈസറും സൺസ്‌ക്രീനും ഉപയോഗിക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആവശ്യത്തിന് മാത്രം കൺസീലർ ഉപയോഗിക്കുകയും, കവിളുകളിൽ സ്വാഭാവികമായ റോസി ലുക്ക് നൽകാൻ ടിന്റുകൾ ഉപയോഗിക്കുകയും ചെയ്യുന്നത് ചർമത്തെ കൂടുതൽ ഭംഗിയുള്ളതാക്കും.സ്വന്തം ചർമത്തെ സ്‌നേഹിക്കാനും, പോരായ്മകൾ ഉൾക്കൊണ്ടുകൊണ്ട് തന്നെ ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാനും പ്രാപ്തരാക്കുന്നു എന്നതാണ് സ്‌കിനിമലിസത്തിന്റെ ഏറ്റവും വലിയ സവിശേഷത.

Content Highlights: Heavy makeup and thick foundations are being replaced by skinimalism and natural looks., Glass skin focuses on proper skincare, hydration, and a dewy, smooth texture rather than heavy cosmetics., Gen Z prefers organic, chemical-free products, lip and cheek tints, and quick, effortless routines., Skinimalism encourages self-love by embracing natural skin imperfections with confidence.