17കോടിയിലധികം കാഴ്ചക്കാരെ നേടിയ ലിസയുടെ സവാഡിക; അഭിമാനിക്കാൻ ഇന്ത്യക്കും വകയുണ്ട്!

#ലൈഫ്സ്റ്റൈൽ ഡെസ്ക്
സവാഡികയില്‍ ലിസ പ്രത്യക്ഷപ്പെടുന്ന ലുക്കുകള്‍ | Photo: lalalalisa_m
സവാഡികയില്‍ ലിസ പ്രത്യക്ഷപ്പെടുന്ന ലുക്കുകള്‍ | Photo: lalalalisa_m

17,60,13,155 വ്യൂസ്!!! ബ്ലാക്ക് പിങ്ക് താരം ലിസയുടെ സെപ്റ്റംബർ നാലിന് പുറത്തിറങ്ങിയ പുതിയ സോളോ ഗാനമായ സവാഡിക യുട്യൂബിൽ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. കെ-പോപ്പ് പ്രേമികൾക്കിടയിൽ ലിസയുടെ സോളോ ഒരു വികാരമായി മാറുമ്പോൾ അതിൽ അഭിമാനിക്കാൻ ഇന്ത്യക്കും ഒരു കാരണമുണ്ട്. മ്യൂസിക് വീഡിയോയിൽ ലിസ ധരിച്ചിരിക്കുന്ന അതിമനോരമായ റെഡ് ഹൂഡഡ് ബോഡി സ്യൂട്ട് ഡിസൈൻ ചെയ്തിരിക്കുന്നത് ഇന്ത്യൻ ബ്രാൻഡായ ബ്ലോണിയും ഇന്ത്യൻ ജ്വല്ലറി ബ്രാൻഡായ ഔട്ട്ഹൗസും ചേർന്നാണ്. ഡിസൈനർ അക്ഷത് ബൻസാലിന്റേതാണ്‌ബ്ലോണി ഫാഷൻ ലേബൽ.

48 മണിക്കൂറിനുള്ളിൽ തയ്യാറായ ലുക്ക്!

ജൂലൈ 17-നാണ് ലിസയുടെ സ്‌റ്റൈലിംഗ് ടീം ബ്ലോണിയെ ബന്ധപ്പെടുന്നത്. ജൂലൈ 20ന് വസ്ത്രം പൂർണ്ണമായും ഡിസൈൻ ചെയ്ത് വീഡിയോ ചിത്രീകരണം നടന്നിരുന്ന ഹോങ്കോംഗിലേക്ക് അയച്ചു നൽകുകയും ചെയ്തു. വെറും 48 മണിക്കൂർ കൊണ്ടാണ് അക്ഷത് ബൻസാലും ടീമും ലിസയുടെ സൂപ്പർഹിറ്റ് ലുക്കിനുള്ള വസ്ത്രം തയാറാക്കിയത്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് അക്ഷതിന് ഓഫർ വരുന്നത്. ഓഫീസിലേക്ക് പാഞ്ഞെത്തിയ അക്ഷത് ഡിസൈൻ പണികൾ ആരംഭിക്കുകയായിരുന്നു.'ഭാഗ്യത്തിന് ഫാബ്രിക് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. അത് ചുവന്ന നിറത്തിലേക്ക് ഡൈ ചെയ്‌തെടുത്തു. കൈത്തുന്നൽ നടത്തി.' അക്ഷത് ഓർക്കുന്നു.

തലയിലേക്ക് നീളുന്ന പ്രത്യേക ഹൂഡി ഡിസൈനാണ് ഈ വസ്ത്രത്തിന്റെ പ്രധാന ആകർഷണം. 100 ശതമാനം കോട്ടണിൽ തയാറാക്കിയ വസ്ത്രത്തിന് രൂപം നൽകാൻ മെറ്റൽ വയറുകൾ വെൽഡ് ചെയ്താണ് ഹൂഡി നിർമ്മിച്ചത്. മെറ്റൽ റോഡ് വയ്ക്കുമ്പോൾ സ്വാഭാവികമായും മെഷീൻ ഉപയോഗിച്ച് തുന്നാനായി സാധിക്കില്ല. അതിനാൽ കൈകൊണ്ടാണ് തുന്നിയെടുത്തത്. ലിസയുടെ തലയുടെ കൃത്യമായ അളവുകൾ ലഭ്യമല്ലാതിരുന്നതിനാൽ, താരത്തിന്റെ ചിത്രങ്ങൾ വെച്ച് എ.ഐയുടെ സഹായത്തോടെ ഡിജിറ്റൽ സ്‌കാൻ എടുത്താണ് ഡിസൈനർമാർ തലയുടെ അളവുകൾ അനുമാനിച്ചെടുത്തത്. ഭാഗ്യവശാൽ ആ അളവുകൾ കൃത്യമായിരുന്നു!

ഈ റെഡ് ബോഡിസ്യൂട്ടിനൊപ്പം ലിസ ധരിച്ചിരിക്കുന്നത് ഇന്ത്യൻ ബ്രാൻഡായ ഔട്ട്ഹൗസ് രൂപകല്പന ചെയ്ത ക്രിംസൺ ഹേലോ നെക്ലേസ് ആണ്. 710 ഗ്രാം തൂക്കമുള്ള ഈ ആഭരണത്തിൽ പേളിന്റെ ആകൃതിയിലുള്ള റെസിൻ സ്റ്റോണുകളും സ്വരോവ്‌സ്‌കി ക്രിസ്റ്റലുകളും ചേർത്തിട്ടുണ്ട്.

തായ്ലൻഡിലെ പരമ്പരാഗത അഭിവാദ്യ ശൈലിയായ സവാദി എന്ന വാക്കിനെ ആസ്പദമാക്കിയാണ് ഗൗനത്തിന് സവാടിക എന്ന് പേര് നൽകിയിരിക്കുന്നത്. തായ്ലൻഡ് സ്വദേശിയായ ലിസ, തന്റെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പോപ്പ് സംഗീത ലോകത്തേക്ക് ഉയർത്തിക്കാട്ടുന്നതിന്റെ ഭാഗമായാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മനോഹരമായ ഡാൻസ് മൂവുകളും പവർഫുൾ റാപ്പും ചേർത്തുവെച്ചാണ് ലിസ ഈ മ്യൂസിക് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അതിഗംഭീരമായ വിഷ്വലുകളും ഫാഷനും ഈ ഗാനത്തിലും ഇഴചേർത്തിട്ടുണ്ട്. സംഗീതത്തിനപ്പുറം അഭിനയത്തിലും അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് പുതിയ പാട്ടിന്റെ വരവ്. ലിസ തന്റെ പുതിയ മ്യൂസിക് വീഡിയോക്കായി ഒരു ഇന്ത്യൻ ബ്രാൻഡിനെ തെരഞ്ഞെടുത്തത് ഇന്ത്യൻ ഫാഷൻ ലോകത്തിന് വലിയ അംഗീകാരമായി മാറിയിരിക്കുകയാണ്.