പാരീസിനെ ഞെട്ടിച്ച് ലാറ രാജിന്റെ ദേസി ലുക്ക്; സിന്ദൂരത്തിന് പിന്നിൽ..

പലതരത്തിലുള്ള ഫാഷൻ വിപ്ലവങ്ങളിലൂടെ ഡിസൈനർമാരും സെലിബ്രിറ്റികളും വാർത്തയിൽ ഇടംപിടിക്കുന്ന ഇടമാണ് പാരീസ് ഫാഷൻ വീക്ക്. എന്നാൽ ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഇൻഡോ-വെസ്‌റ്റേൺ കോമ്പിനേഷൻ പരീക്ഷിച്ച് പാരീസിനെപ്പോലും ഞെട്ടിച്ചിരിക്കുകയാണ് കാറ്റ്‌സ്‌ഐ അംഗമായ ലാറ രാജ്. സ്പാനിഷ് ആഡംബര ഫാഷൻ ഹൗസാണ് ലോവെയ്ക്കുവേണ്ടിയാണ് പാരീസ് ഫാഷൻവീക്കിൽ ലാറ എത്തുന്നത്. കാനറി മഞ്ഞയിലുള്ള ഹാൾട്ടർ നെക്ക് മിനി ഡ്രസിനൊപ്പമുള്ള ദേശി ഡീറ്റെയ്‌ലിങ് സ്റ്റൈലിങ് അക്ഷരാർഥത്തിൽ എല്ലാവരെയും ഞെട്ടിക്കുന്നതായിരുന്നു.
മിനി ഡ്രസിനൊപ്പം സങ്ക്‌ലപിക്കാൻ പോലും സാധിക്കാത്ത രീതിയിൽ മുടി നേർരേഖയിൽ വകഞ്ഞ് സിന്ദൂരമണിഞ്ഞ് നെറ്റി നിറഞ്ഞുകിടക്കുന്ന നെറ്റിച്ചുട്ടിയും ബിന്ദിയുമണിഞ്ഞ് മൂക്കുത്തിയും കാതിൽ വെള്ളി ജിമുക്കിയും കാലിൽ പാദസരവും ഹൈഹീൽസുമണിഞ്ഞാണ് ലാറ ഫാഷൻ ലോകത്തെ കൺഫ്യൂഷനിലാക്കിയത്.
ലാറയുടെ ലുക്ക് വൈറലായതോടെ ആളുകൾ ശ്രദ്ധിച്ചത് സിന്ദൂരമാണ്. സിന്ദൂരം പോലുള്ള പവിത്രമായ ഒരു ആചാരപ്രതീകത്തെ വെറുമൊരു ഫാഷൻ ട്രെൻഡായി മാറ്റിയതിനെതിരെ ഒരു വിഭാഗം നെറ്റിസൺസ് രംഗത്തുവന്നു. 'ആദ്യമായാണ് ഒരു പെർഫോമേറ്റീവ് സിന്ദൂരം കാണുന്നത് എന്നതരത്തിലായിരുന്നു വിമർശനങ്ങൾ. മറ്റുചിലരാകട്ടെ അത് ലാറയുടെ ഇന്ത്യൻ വേരുകളെ സൂചിപ്പിക്കുന്നതിനുള്ള അവളുടെ ശ്രമമായാണ് വിലയിരുത്തിയത്. പാരമ്പര്യ ചിഹ്നങ്ങളെ ആധുനിക ഫാഷനുമായി സംയോജിപ്പിക്കുന്നതിൽ തെറ്റില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ലാറ രാജിന്റെ ഈ വേറിട്ട ലുക്ക് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ഇൻസ്റ്റാഗ്രാമിലും റെഡ്ഡിറ്റിലും ചർച്ചകൾ ചൂടുപിടിച്ചു. ചിലർ ലാറയുടെ ലുക്കിനെ ഇന്ത്യൻ മിനിസ്‌ക്രീൻ പരമ്പരയിലെ ആന്റിഹീറോ കഥാപാത്രമായ ഉർവശി ധോലാകിയ അനശ്വരമാക്കിയ കോമോലികയുമായാണ് താരതമ്യം ചെയ്തത്.
തമിഴ് വംശജയാണ് ലാറ. നേരത്തേയും തന്റെ ഇന്ത്യൻ വേരുകളെക്കുറിച്ച് ലാറ സംസാരിച്ചിട്ടുണ്ട്. ബോളിവുഡ് താരം രേഖയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ലാറ ആ സ്‌റ്റൈലിങ് പരീക്ഷിച്ചതത്രേ. പാരമ്പര്യമായി സിന്ദൂരവും പട്ടുസാരികളും ഗംഭീര ആഭരണങ്ങളും ധരിച്ച് തനതായ ഇന്ത്യൻ സൗന്ദര്യബോധം നിലനിർത്തുന്ന രേഖയോടുള്ള ആദരവാണ് താൻ പ്രകടിപ്പിച്ചതെന്നാണ് ലാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
എനിക്ക് എന്റെ വസ്ത്രം വളരെയധികം ഇഷ്ടപ്പെട്ടു, ഇന്ത്യൻ ആഭരണങ്ങളും കുങ്കുമവും ധരിച്ചത് എനിക്ക് വളരെ ആത്മവിശ്വാസവും മനോഹരവുമാണെന്ന് തോന്നി.
‘കുട്ടിക്കാലം മുതൽ കുങ്കുമം എന്റെ ജീവിതത്തിന്റെ ഭാഗമാണ്, പൂജയുടെയും ആരതിയുടെയും സമയത്ത് വീട്ടിൽനിന്ന് ലഭിച്ച ഒരു പവിത്രമായ അനുഗ്രഹം. അവബോധത്തിന്റെയും കരുത്തിന്‍റെയും സ്ത്രീശക്തിയുടെയും പ്രതീകമായിട്ടാണ് ഞാൻ ഇത് ധരിക്കുന്നത്. എന്റെ എക്കാലത്തെയും സ്റ്റൈൽ ഐക്കണായ രേഖയ്ക്കും, ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന സ്ത്രീയായ എന്റെ അമ്മയ്ക്കും ആദരവ് അർപ്പിച്ചുകൊണ്ട് ഞാൻ ഇത് എന്റേതായ രീതിയിൽ സ്റ്റൈൽ ചെയ്തിരിക്കുകയാണ്. അത്രമേൽ ധൈര്യത്തോടെയും വ്യക്തിത്വത്തോടെയും അവർ രണ്ടുപേരും ഇന്ത്യൻ സൗന്ദര്യം വഹിക്കുന്ന രീതി എന്നെ സ്വാധീനിച്ചിട്ടുണ്ട്.’ ലാറ കുറിപ്പിൽ പറയുന്നു.
മുൻപും ബിന്ദികളും ഓം നെക്ലേസുകളും തന്റെ വസ്ത്രധാരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള താരം, ചെറുപ്പക്കാരായ ഇന്ത്യൻ പെൺകുട്ടികൾക്ക് സ്വന്തം പാരമ്പര്യം അഭിമാനത്തോടെ കൊണ്ടുനടക്കാൻ പ്രചോദനമാകാനാണ് ഇത്തരം സ്‌റ്റൈലുകൾ തിരഞ്ഞെടുക്കാറുള്ളതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പാരീസ് ഫാഷൻ വീക്കിന് തൊട്ടുമുമ്പ് ഹിന്ദു ദൈവമായ ലക്ഷ്മി ദേവിയുടെ ചിത്രം അടിച്ച ടാങ്ക് ടോപ്പ് ധരിച്ചും താരം എത്തിയിരുന്നു.