മേക്കപ്പിനിടെ ഉറക്കം തൂങ്ങി കീര്‍ത്തി; മോഡേണ്‍ ഔട്ട്ഫിറ്റിനൊപ്പം മഞ്ഞ താലിച്ചരടും

തെന്നിന്ത്യന്‍ നടി കീര്‍ത്തി സുരേഷ് തന്റെ ആദ്യ ബോളിവുഡ് ചിത്രമായ ബേബി ജോണിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. വരുണ്‍ ധവാന് നായകനായ ചിത്രം ക്രിസ്മസിനാണ് തിയേറ്ററുകളിലെത്തുന്നത്. കരിയറില്‍ പുതിയൊരു നേട്ടത്തിലെത്തുമ്പോള്തന്നെ സ്വകാര്യ ജീവിതത്തിലും മനോഹരമായ നിമിഷങ്ങളിലൂടെ കടന്നുപോകുകയാണ് കീര്‍ത്തി.
15 വര്‍ഷം നീണ്ടുനിന്ന പ്രണയത്തിനൊടുവില്‍ കീര്‍ത്തിയും ബിസിനസുകാരനായ ആന്റണി തട്ടിലും ഗോവയില്‍വെച്ച് വിവാഹിതരായിരുന്നു. വിജയ്, തൃഷ, കല്ല്യാണി പ്രിയദര്ശന് ഉള്‍പ്പെടെയുള്ള താരനിര വിവാഹത്തില്‍ പങ്കെടുത്തിരുന്നു. മെഹന്ദിയും സംഗീതും റിസപ്ഷനുമെല്ലാമായി ആഘോഷമായിട്ടാണ് വിവാഹം നടന്നത്. ഹിന്ദു ആചാരപ്രകാരം നടന്ന വിവാഹത്തിനുശേഷം ക്രിസ്ത്യന്‍ സ്റ്റൈലിലായിരുന്നു റിസപ്ഷന് നടന്നത്.
ഇതിന് പിന്നാലെ കീര്‍ത്തിയെ മേക്കപ്പ് ചെയ്യുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു. മേക്കപ്പിനിടെ കീര്‍ത്തി ഉറക്കം തൂങ്ങുന്നതാണ് വീഡിയോയിലുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ ചടങ്ങുകളുള്ളതിനാല്‍ മേക്കപ്പിന്റെ സമയത്ത് നടി അറിയാതെ ഉറങ്ങുകയായിരുന്നു.
ബേബി ജോണിന്റെ പ്രൊമോഷനെത്തിയ കീര്‍ത്തിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വെസ്റ്റേണ്‍ ഔട്ട്ഫിറ്റ് ധരിച്ചെത്തിയ താരത്തിന്റെ കഴുത്തിലെ മഞ്ഞച്ചരടില് കെട്ടിയ താലിയാണ് ആരാധകര്‍ ശ്രദ്ധിച്ചത്. ഔട്ട്ഫിറ്റിന് യോജിക്കാതിരുന്നിട്ടും താലി കഴുത്തിലണിഞ്ഞ കീര്‍ത്തിയെ അഭിനന്ദിച്ചാണ് നിരവധി പേര് കമന്റ് ചെയ്തിരിക്കുന്നത്. താലി എല്ലാവരേയും കാണിക്കുന്നത് ഇപ്പോള്‍ സ്റ്റൈലിന്റെ ഭാഗമാണോ എന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.
കറുപ്പ് നിറത്തിലുള്ള തിളങ്ങുന്ന ഹൈ സ്ലിറ്റ് ഗൗണായിരുന്നു കീര്‍ത്തിയുടെ ഔട്ട്ഫിറ്റ്. ഒപ്പം കറുപ്പ് നിറത്തിലുള്ള ഹൈ ഹീല്‍സും കറുപ്പ് ബാഗും താരം ഉപയോഗിച്ചു. റിങ്ങ് സ്റ്റൈലിലുള്ള കമ്മലാണ് ഇതിനൊപ്പം ധരിച്ചത്.
ചുവപ്പ് നിറത്തിലുള്ള ബോഡികോണ്‍ കോര്‍സെറ്റ് ഔട്ട്ഫിറ്റും നടി മറ്റൊരു പ്രൊമോഷന് പരിപാടിക്ക് ധരിച്ചിരുന്നു. ഇതിനൊപ്പവും താലി ധരിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നിരവധി പേര് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Content Highlights: keerthy suresh sizzles in modern dress flaunts mangalsutra