മഷി വീണ ഷര്‍ട്ടിന് പിന്നാലെ ഒരുകാലുള്ള ജീന്‍സും വില്‍പ്പനയ്ക്ക്; വില 38,000 രൂപ | വീഡിയോ

കോപെർനിയുടെ ഒരു കാലുള്ള ജീൻസ് | Photos: coperniparis.com
കോപെർനിയുടെ ഒരു കാലുള്ള ജീൻസ് | Photos: coperniparis.com

ഴിഞ്ഞ ദിവസങ്ങളിലാണ് പോക്കറ്റില്‍ മഷി പടര്‍ന്ന ഡിസൈനിലുള്ള ഒരു ഷര്‍ട്ട് തരംഗമായത്. ഇറ്റാലിയന്‍ ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡായ മോസ്‌ക്വിനോ കുച്ച്വര്‍ ആണ് ഈ ഫോര്‍മല്‍ ഷര്‍ട്ട് അവതരിപ്പിച്ചത്. കലാസൃഷ്ടി എന്ന് മോസ്‌ക്വിനോ വിശേഷിപ്പിച്ച ഷര്‍ട്ടിന്റെ വില 80,000 രൂപയാണ്. ഇതിന് പിന്നാലെ ഒരു കാല്‍ മാത്രമുള്ള ജീന്‍സ് വിപണിയിലെത്തിച്ചിരിക്കുകയാണ് മറ്റൊരു കമ്പനി.

ഫ്രാന്‍സില്‍ നിന്നുള്ള ലക്ഷ്വറി ബ്രാന്‍ഡായ കോപെര്‍നിയാണ് വിചിത്രമെന്ന് തോന്നിക്കുന്ന ഈ ഡിസൈന്‍ അവതരിപ്പിച്ചത്. കോപെര്‍നിയുടെ ഈ ഒറ്റക്കാലന്‍ ഡെനിം ജീന്‍സിന് 440 ഡോളര്‍ അതായത് ഏകദേശം 38,000 രൂപയാണ് വില. 

എക്‌സ്ട്രാ സ്‌മോള്‍, സ്‌മോള്‍, മീഡിയം എന്നീ വലിപ്പങ്ങളിലാണ് ജീന്‍സ് ലഭിക്കുക. വാങ്ങി ഉപയോഗിച്ചശേഷം ഇഷ്ടപ്പെട്ടില്ലെങ്കില്‍ 14 ദിവസത്തിനകം തിരികെ നല്‍കാനും സാധിക്കും. 

കോപെര്‍നിയുടെ വെബ്‌സൈറ്റില്‍ ഈ പോര്‍ച്ചുഗല്‍ നിര്‍മ്മിത വണ്‍-ലെഗ് ഡെനിം ട്രൗസര്‍ വില്‍പ്പനയ്‌ക്കെത്തിയിട്ടുണ്ട്. വില്‍പ്പനയ്‌ക്കെത്തിച്ച ജീന്‍സുകള്‍ മുഴുവന്‍ ചൂടപ്പം പോലെ വിറ്റുപോയി. സ്‌റ്റോക്ക് തീര്‍ന്നതിനാല്‍ പുതിയ സ്റ്റോക്ക് വന്നാല്‍ മാത്രമേ ഇനി വാങ്ങാന്‍ കഴിയൂ. 

യു.എസ്. സോഷ്യല്‍ മീഡിയാ ഇന്‍ഫ്‌ളുവന്‍സര്‍ ക്രിസ്റ്റി സാറ സ്‌കോട്ട് വാങ്ങുകയും അത് ധരിച്ചുകൊണ്ടുള്ള വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് കോപെര്‍നിയുടെ പുതിയ ജീന്‍സിന്റെ കച്ചവടം കുത്തനെ കൂടിയത്. ഭര്‍ത്താവിനൊപ്പം സ്‌കിറ്റ് രൂപത്തിലാണ് ക്രിസ്റ്റി വീഡിയോ ചെയ്തത്. 

'ഇതിന്റെ ഒരു കാല്‍ കാണുന്നില്ലല്ലോ' എന്ന് ഭര്‍ത്താവ് ചോദിക്കുമ്പോള്‍, കാണാത്തതല്ല, ഇത് പ്രശസ്തമായ കോപെര്‍നി ജീന്‍സാണ് എന്ന് ക്രിസ്റ്റി വീഡിയോയില്‍ പറയുന്നു. തുടര്‍ന്നാണ് ക്രിസ്റ്റി ജീന്‍സ് ധരിക്കുന്നത്. 

Content Highlights: Coperni Jeans With One Leg Selling for Over Rs 38,000