കോപ്പിയടിച്ചാല്‍ പണി കിട്ടും ; പുതിയ സൈനിക വസ്ത്രങ്ങളുടെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കി ഇന്ത്യന്‍ സൈന്യം

ന്യൂഡല്‍ഹി: പുതിയ സൈനിക വസ്ത്രത്തിന്റെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കി ഇന്ത്യന്‍ സൈന്യം. സേനയുടെ ആധുനികവത്കരണം, സൈനിക സുഖ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സ്വാശ്രയത്വം തുടങ്ങിയ താത്പര്യങ്ങളുടെ ഭാഗമായി 2025 ജനുവരിയിലാണ് ഇന്ത്യന്‍ സൈന്യം പുതിയ ന്യൂ കോട്ട് കോമ്പാറ്റ് (ഡിജിറ്റല്‍ പ്രിന്റ്) അവതരിപ്പിച്ചത്. ആര്‍മി ഡിസൈന്‍ ബ്യൂറോയുടെ കീഴിലുള്ള ഒരു കണ്‍സല്‍ട്ടന്‍സി പ്രൊജക്ട് എന്ന നിലയില്‍ ന്യൂഡല്‍ഹി നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജിയാണ് ഇത് രൂപകല്‍പന ചെയ്ത് വികസിപ്പിച്ചത്.
മൂന്ന് പാളികളുള്ള ഈ വസ്ത്രത്തില്‍ അത്യാധുനിക സാങ്കേതിക തുണിത്തരങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്. വൈവിധ്യമാര്‍ന്ന കാലാവസ്ഥയിലും തന്ത്രപ്രധാനമായ സാഹചര്യങ്ങളിലും സുഖം, ചലനാത്മകത കാര്യക്ഷമത എന്നിവ മെച്ചപ്പെടുത്തും വിധമുള്ള എര്‍ഗോണമിക് ഡിസൈനിലാണ് ഇത് ഒരുക്കിയിട്ടുള്ളത്.
Indian Army secures Intellectual Property Rights for New Design Coat Combat (Digital Print)
New Coat Combat has been designed and developed by the National Institute of Fashion Technology (#NIFT), New Delhi, as a consultancy project under the aegis of the Army Design Bureau… pic.twitter.com/2LKlhbhNIQ— PIB India (@PIB_India) November 19, 2025
കൊല്‍ക്കത്തയിലെ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ് , ഡിസൈന്‍ ആന്റ് ട്രേഡ്മാര്‍ക്‌സിൽ നിന്നാണ് ഇന്ത്യന്‍സൈന്യം പുതിയ വസ്ത്രത്തിന്റെ ഡിസൈനിന്റെ ബൗദ്ധിക സ്വത്തവകാശം സ്വന്തമാക്കിയത്. 2025 ഫെബ്രുവരി 27 നാണ് പുതിയ വസ്ത്രത്തിന്റെ പകര്‍പ്പാവകാശത്തിനായി സൈന്യം അപേക്ഷ നല്‍കിയത്. 2025 ഒക്ടോബര്‍ 7 നാണ് പേറ്റന്റ് ഓഫീസ് ഔദ്യോഗിക ജേണലില്‍ പേറ്റന്റ് സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.
പേറ്റന്റ് രജിസ്റ്റര്‍ ചെയ്തതോടെ പുതിയ വസ്ത്രങ്ങളുടെ രൂപകല്‍പന, കാമഫ്‌ലേജ് പാറ്റേണ്‍ എന്നിവയ്ക്കുള്ള ബൗദ്ധിക സ്വത്തവകാശം ഇന്ത്യന്‍ സൈന്യത്തിന് മാത്രമായിരിക്കും. അതിനാല്‍ മറ്റൊരു സ്ഥപനത്തിനോ വ്യക്തിക്കോ ഈ പാറ്റേണിലും ഡിസൈനിലുമുള്ള വസ്ത്രങ്ങള്‍ അനധികൃതമായി നിര്‍മിക്കാനോ വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കാനോ ഉപയോഗിക്കാനോ സാധിക്കില്ല. ഈ അവകാശങ്ങളുടെ ഏതൊരു ലംഘനവും 2000-ലെ ഡിസൈന്‍സ് ആക്റ്റ്, 2001-ലെ ഡിസൈന്‍സ് റൂള്‍സ്, 1970-ലെ പേറ്റന്റ്‌സ് ആക്റ്റ് എന്നിവയിലെ വ്യവസ്ഥകള്‍ അനുസരിച്ചുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയമാണ്.
ഡിജിറ്റലായി പ്രിന്റ് ചെയ്ത കാമഫ്‌ളേജ് കോട്ട് ആണ് ഇതില്‍ ആദ്യത്തേത്. പലവിധ ചുറ്റുപാടുകളിലും കാലാവസ്ഥകളിലും ജോലി ചെയ്യേണ്ടവരാണ് സൈനികര്‍. അവരുടെ സേവനത്തിന് അനുയോജ്യമായ വിധത്തിലാണ് ഈ കോട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇന്നര്‍ ജാക്കറ്റ് ആണ് അടുത്തത്. ഭാരം കുറഞ്ഞ വായുസഞ്ചാരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഇതൊടൊപ്പം ഒരു തെര്‍മല്‍ ലെയറും നല്‍കിയിട്ടുണ്ട്. ഇത് ചൂട് ഈര്‍പ്പം എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
Content Highlights: Indian Army patents new digital camouflage combat uniform. Learn about its advanced features, design, and the IP rights secured, enhancing soldier comfort and self-reliance.