മൂന്ന് തവണ ഇന്ത്യയെ വിശ്വസുന്ദരിയാക്കിയ കിരീടം; നാലാമതും ചരിത്രം കുറിക്കുമോ മലയാളി കെസിയ?

75-ാമത് മിസ് യൂണിവേഴ്സ് മത്സരത്തിന്റെ ഗ്രാൻഡ് ഫിനാലെയിൽ മലയാളി സുന്ദരി കെസിയ ലിസ് മെജോ ഇന്ത്യയുടെ പ്രതീക്ഷയായി അണിനിരക്കുമ്പോൾ, വിശ്വസുന്ദരി പട്ടം ഇന്ത്യയിലേക്ക് കൊണ്ടുവന്ന
ചരിത്രനേട്ടങ്ങൾ ചർച്ചയാവുകയാണ്. സുസ്മിത സെൻ (1994), ലാറ ദത്ത (2000), ഹർനാസ് സന്ധു (2021) എന്നിവർ നേടിയ മിസ് യൂണിവേഴ്സ് കിരീടങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം.
സുസ്മിത സെൻ (1994): ചരിത്രം കുറിച്ച ആദ്യ ഇന്ത്യക്കാരി
1994-ൽ ഫിലിപ്പീൻസിലെ മനിലയിൽ നടന്ന മത്സരത്തിൽ 76 സുന്ദരിമാരെ പിന്തള്ളി മിസ് യൂണിവേഴ്സ് കിരീടം ചൂടുന്ന ആദ്യ ഇന്ത്യക്കാരിയായി സുസ്മിത സെൻ ചരിത്രം കുറിച്ചു. അന്ന് സുസ്മിതയ്ക്ക് വെറും 18 വയസ്സായിരുന്നു പ്രായം.'നിങ്ങളെ സംബന്ധിച്ച് സ്ത്രീത്വത്തിന്റെ സത്ത എന്താണ്? എന്ന അവസാന റൗണ്ടിലെ ചോദ്യത്തിന് സുസ്മിത നൽകിയ മറുപടി ലോകത്തിന്റെ ഹൃദയം കവർന്നു. 'സ്ത്രീയായി ജനിക്കുന്നത് ദൈവത്തിന്റെ വരദാനമാണ്, നമ്മൾ അത് വിലമതിക്കണം. ഒരു കുഞ്ഞ് ജനിക്കുന്നത് സ്ത്രീയായ അമ്മയിലൂടെയാണ്. കരുതലോടെ ഇരിക്കാനും, പങ്കുവെക്കാനും, സ്നേഹിക്കാനും ഒരു പുരുഷനെ പഠിപ്പിക്കുന്നത് അവളാണ്. അതാണ് സ്ത്രീത്വത്തിന്റെ സത്ത' എന്നായിരുന്നു സുസ്മിതയുടെ മറുപടി.
ആറ് വർഷങ്ങൾക്ക് ശേഷം 2000-ൽ ലാറ ദത്തയിലൂടെ ഇന്ത്യ വീണ്ടും മിസ് യൂണിവേഴ്സ് കിരീടം സ്വന്തമാക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർക്ക് നേടിയ വിജയമായിരുന്നു ലാറ ദത്തയുടെത്. ചോദ്യോത്തര റൗണ്ടിൽ 10-ൽ 9.9 എന്ന റെക്കോർഡ് സ്കോർ നേടിയാണ് ലാറ കിരീടം ചൂടിയത്. സൗന്ദര്യമത്സര ചരിത്രത്തിൽ ഒരാൾ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്.'മിസ് യൂണിവേഴ്സ് മത്സരം സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പുറത്ത് പ്രതിഷേധം നടക്കുന്നുണ്ട്. അവർക്ക് തെറ്റുപറ്റിയെന്ന് എങ്ങനെ ബോധ്യപ്പെടുത്തും?' എന്നായിരുന്നു ചോദ്യം. 'സംരംഭകത്വമായാലും, സായുധ സേനയായാലും, രാഷ്ട്രീയമായാലും ഞങ്ങൾ ആഗ്രഹിക്കുന്ന മേഖലകളിലേക്ക് കടന്നുവരാൻ മിസ് യൂണിവേഴ്സ് പോലുള്ള വേദികൾ യുവതികൾക്ക് അവസരം നൽകുന്നു. ഞങ്ങളുടെ അഭിപ്രായങ്ങളും തിരഞ്ഞെടുപ്പുകളും തുറന്നുപറയാനും, ശക്തരും സ്വതന്ത്രരുമായ സ്ത്രീകളായി മാറാനും ഈ വേദി സഹായിക്കുന്നു' എന്ന ലാറയുടെ പക്വമായ മറുപടി വിധികർത്താക്കളുടെ പൂർണ്ണ പ്രശംസ നേടി.
ലാറയ്ക്ക് ശേഷം ആ കിരീടം ഇന്ത്യയിലെത്താൻ 21 വർഷത്തെ കാത്തിരിപ്പ് വേണ്ടി വന്നു. 2021-ലാണ് 21-കാരിയായ ഹർനാസ് സന്ധു ഇന്ത്യയിലേക്ക് വീണ്ടും മിസ് യൂണിവേഴ്സ് കിരീടം എത്തിച്ചത്. 70-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ ഇന്നത്തെ യുവതികൾ നേരിടുന്ന സമ്മർദ്ദങ്ങളെ എങ്ങനെ അതിജീവിക്കാം എന്ന ചോദ്യത്തിന് ഹർനാസ് നൽകിയ മറുപടി ഏറെ ശ്രദ്ധിക്കപ്പെട്ടു.'ഇന്നത്തെ യുവതലമുറ നേരിടുന്ന ഏറ്റവും വലിയ സമ്മർദ്ദം സ്വയം വിശ്വസിക്കുക എന്നതാണ്. നിങ്ങൾ അതുല്യരാണെന്ന് തിരിച്ചറിയുന്നതാണ് നിങ്ങളെ സുന്ദരിയാക്കുന്നത്. മറ്റുള്ളവരുമായി സ്വയം താരതമ്യം ചെയ്യുന്നത് നിർത്തി ലോകത്ത് നടക്കുന്ന പ്രധാന വിഷയങ്ങളെക്കുറിച്ച് സംസാരിക്കുക. സ്വയം വിശ്വസിച്ചതുകൊണ്ടാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നത്' എന്ന ഹർനാസിന്റെ വാക്കുകൾ കിരീടനേട്ടത്തിലേക്ക് വഴിതുറന്നു.
ഇന്ത്യയുടെ ഈ സുവർണ്ണ പാരമ്പര്യം തുടരാൻ കസിയ ലിസ് മെജോയ്ക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് രാജ്യം. നിയമവിദ്യാർത്ഥിനിയും മോഡലുമായ കസിയ, ഒരുകാലത്ത് തന്റെ രൂപത്തിലും നിറത്തിലും വലിയ അരക്ഷിതാവസ്ഥ അനുഭവിച്ചിരുന്ന വ്യക്തിയായിരുന്നുവെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. സ്വന്തം നിറത്തിന്റെ പേരിൽ ഫിൽട്ടർ ഇടാതെ ഒരു ഫോട്ടോ എടുക്കാൻ പോലും താൻ മടിച്ചിരുന്ന ഒരാളായിരുന്നു കെസിയ. 'ഞാൻ എങ്ങനെയാണ്, എന്റെ വ്യക്തിത്വമെങ്ങനെയാണ് തുടങ്ങി മിക്കവാറും എല്ലാ കാര്യത്തിലും എനിക്ക് അരക്ഷിതാവസ്ഥ ഉണ്ടായിരുന്നു,' ആശയവിനിമയ ശേഷി, വ്യക്തിത്വം, രൂപം എന്നിവയിൽ മനഃപൂർവ്വം ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയതോടെയാണ് കെസിയയുടെ ജീവിതം മാറിമറിഞ്ഞത്. 'ഭൂമിയിലെ ഏറ്റവും ആത്മവിശ്വാസമുള്ള വ്യക്തി ഞാനാണെന്ന് സ്വയം വിശ്വസിപ്പിച്ച് ഞാൻ വേദികളിലേക്ക് നടന്നു. ആളുകൾ അത് വിശ്വസിച്ചു ഒടുവിൽ ഞാനും അത് വിശ്വസിച്ചു,' കെസിയ പറയുന്നു.
കേരളത്തിന്റെ അഭിമാനം
ആലപ്പുഴ മാവേലിക്കര സ്വദേശിനിയായ 19-കാരി കെസിയ ലിസ് മെജോ, ഓഗസ്റ്റ് 23-ന് രാജസ്ഥാനിലെ ജയ്പൂരിൽ വെച്ചാണ് 'മിസ് യൂണിവേഴ്സ് ഇന്ത്യ 2026' കിരീടം ചൂടിയത്. ഈ ദേശീയ കിരീടം നേടുന്ന ആദ്യ മലയാളി കൂടിയാണ് കസിയ. മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷനിലെ നിയമവിദ്യാർത്ഥിനിയായ കെസിയ മികച്ചൊരു മോഡലും ക്ലാസിക്കൽ നർത്തകിയും പ്രാസംഗികയുമാണ്. 2007-ൽ അബുദാബിയിൽ ജനിച്ച കസിയ, 2024-ൽ മിസ് ടീൻ ദിവ കിരീടവും, 2025-ൽ മിസ് ടീൻ ഇന്റർനാഷണലിൽ ഫസ്റ്റ് റണ്ണർ-അപ്പ് സ്ഥാനവും നേടിയിരുന്നു.