പെർഫെക്ഷനോട് 'നോ': ഫാഷൻ ലോകം കീഴടക്കുന്ന ആന്റി-പെർഫെക്റ്റ് ട്രെൻഡ്

നന്നായി അണിഞ്ഞൊരുങ്ങി നടക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ കൂടുതൽപേരും. എന്നാൽ ഏറ്റവും പെർഫെക്റ്റ് ആയി അണിഞ്ഞൊരുങ്ങുന്ന 'ക്വയറ്റ് ലക്ഷ്വറി'ട്രെൻഡുകളോട് വിടപറഞ്ഞ്, തികച്ചും അലസവും എന്നാൽ വ്യത്യസ്തവുമായ 'ഗോബ്ലിൻ ഫാഷൻ' അഥവാ ആന്റി-പെർഫെക്റ്റ്' ട്രെൻഡ് ഫാഷൻ ലോകത്ത് തരംഗമായിക്കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിലെ വടിവൊത്ത സ്റ്റൈലുകൾ മടുത്തവർക്കായി അവതരിപ്പിക്കപ്പെട്ട ഈ ട്രെൻഡ്, അല്പം കുഴഞ്ഞുമറിഞ്ഞ ഒന്നാണ്. തികച്ചും സ്വാഭാവികവുമായ ലുക്കാണ് ഇത് മുന്നോട്ട് വെക്കുന്നത്. 'കോട്ടേജ് കോർ' ട്രെൻഡിന്റെ കുറച്ചുകൂടി ബോൾഡും റഫുമായ രൂപമാണിത്.
എന്താണ് ഗോബ്ലിൻ ഫാഷൻ?
കാടിന്റെയും മൺനിറങ്ങളുടെയും പ്രകൃതിദത്ത ഷേഡുകളാണ് ഇതിൽ പ്രധാനം. മഡ്ഡി ബ്രൗൺ, മോസി ഗ്രീൻ, റസ്റ്റ്, ചാർക്കോൾ ഗ്രേ എന്നീ നിറങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന ട്രെന്റാണിത്.അളവറ്റ വലിപ്പമുള്ളവ, കട്ടിയുള്ള കോർഡുറോയ് ജാക്കറ്റുകൾ, പ്ലെയിൻ അല്ലാത്ത പാച്ച്വർക്ക് സ്കർട്ടുകൾ, പഴയ ലെതർ, ലെയറിംഗ് സ്റ്റൈൽ എന്നിവ ചേരുന്ന വസ്ത്രധാരണരീതിയാണ് ഇതിലുള്ളത്. നേർത്ത ആഭരണങ്ങൾക്ക് പകരം വലിയ ഓക്സിഡൈസ്ഡ് വെള്ളി മോതിരങ്ങൾ, വ്യത്യസ്തരൂപങ്ങളിലുള്ള ആക്സസറികൾ എന്നിവ ചേർത്തുള്ള സ്റ്റൈലിങ്ങും ഇതിന്റെ ഭാഗമാണ്. 'എല്ലാം പെർഫെക്റ്റ് ആയിരിക്കണം' എന്ന ചിന്തയെ ഉപേക്ഷിച്ച് സ്വന്തം കംഫർട്ടിനും യഥാർത്ഥ സ്വഭാവത്തിനും പ്രാധാന്യം നൽകുകയാണ് ഇത് പിൻതുടരുന്നവരുടെ രീതി.
പ്രമുഖ മോഡലുകളും സെലിബ്രിറ്റികളും ഈ 'മെസ്സി' ലുക്ക് സ്ട്രീറ്റിൽ നിന്നും റെഡ് കാർപെറ്റുകളിലേക്ക് എത്തിച്ചിട്ടുണ്ട്. ബെല്ല ഹദീദ് വിയേഡ് ഗേൾ ഫാഷന്റെ പ്രധാന വക്താവാണ് .വിന്റേജ് സ്വെറ്ററുകളും പരസ്പരം ചേരാത്ത പാറ്റേണുകളും അണിഞ്ഞ് തികഞ്ഞ ഗോബ്ലിൻ എനർജിയാണ് അവർ കാണിക്കുന്നത്. കൂടാതെ ജൂലിയ ഫോക്സ്, ദേവോൺ ലീ കാൾസൺ, ഐറിസ് ലോ , എനിയ ഉമാൻസോർ തുടങ്ങിയവർ ഗോബ്ലിൻ ഫാഷനിഷ്ടപ്പെടുന്നവരാണ്. എല്ലാവരും പെർഫെക്ഷൻ മാത്രം തിരയുന്ന ലോകത്ത്, അല്പം അലസമായും വ്യത്യസ്തമായും വസ്ത്രം ധരിക്കുന്നത് ഒരു ട്രെൻഡ് എന്നതിലുപരി ഒരു സ്വാതന്ത്ര്യ പ്രഖ്യാപനമാണെും ഗോബ്ലിൻ ഫാഷൻ തെളിയിക്കുന്നു.
Content Highlights: Shift away from perfect 'quiet luxury' to the messy 'goblin fashion' trend., Features natural earthy tones like muddy brown, mossy green, and charcoal grey., Prioritizes personal comfort, oversized clothing, and unique oxidized jewelry., Adopted by major celebrities like Bella Hadid and Julia Fox.