കാത് നിറയെ കമ്മലുകള്‍.... ഇയര്‍ പിയേഴ്‌സിങ്ങില്‍ ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

കാത് മുഴുവന്‍ മൂടുന്ന ഞാത്തുകളായിരുന്നു മുത്തശ്ശിമാരുടെ കാലത്തെ ട്രെന്‍ഡ്. കുറച്ചുകഴിഞ്ഞപ്പോള്‍ കാതില്‍ കിലുങ്ങുന്ന ജിമുക്കികളും തൂങ്ങിക്കിടക്കുന്ന വലിയ കമ്മലുകളുമായി. പിന്നീട് ചെറിയ സ്റ്റഡുകളും പല ആകൃതിയിലുള്ള ചെറിയ കമ്മലുകളുമൊക്കെ സ്ഥാനം പിടിച്ചു. എന്നാലിപ്പോള്‍ അതും മാറി, ചെവിത്തട്ട് മുഴുവന്‍ ചെറിയ കമ്മലുകള്‍ സ്ഥാനം പിടിച്ചുതുടങ്ങി. ഇയര്‍ പിയേഴ്‌സിങ്ങില്‍ പുതുമകള്‍ പരീക്ഷിക്കുമ്പോള്‍ ഇവ ശ്രദ്ധിക്കാം
- പിയേഴ്‌സിങ് ചെയ്യുന്നതിന് മുമ്പായി എങ്ങനെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും എന്തൊക്കെ ഉപകരണങ്ങളാണ് ഉപയോഗിക്കുന്നതെന്നും അറിയണം. അവ സ്‌റ്റെറിലൈസ് ചെയ്തിട്ടുണ്ടോ എന്നും മറ്റുമുള്ള കാര്യങ്ങള്‍ വിശദമായി ചോദിച്ചറിയണം.
- ഏറ്റവും സുരക്ഷിതമായ സ്ഥലത്ത് പോയിട്ട് മാത്രമേ ചെയ്യാന്‍ പാടുള്ളൂ. ഇല്ലെങ്കില്‍ അണുബാധയുണ്ടാവാന്‍ സാധ്യതയുണ്ട്.
- എല്ലാ ലോഹങ്ങളും നിങ്ങള്‍ക്ക് യോജിക്കണമെന്നില്ല. അത് ആദ്യമേ തന്നെ പിയേഴ്‌സിങ് ചെയ്യുന്നയാളെ അറിയിക്കണം. ആദ്യമായി ആഭരണങ്ങളിടുമ്പോള്‍ അലര്‍ജി കുറഞ്ഞ ടൈറ്റാനിയം, സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവ കൊണ്ടുള്ള ആഭരണങ്ങളാണ് നല്ലത്.
- ചെയ്ത് കുറച്ചു ദിവസങ്ങള്‍ക്കുശേഷവും വേദനയും ചൊറിച്ചിലും തിണര്‍പ്പും ഉണ്ടാവുകയോ ചോര പൊടിയുകയോ ചെയ്യുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണണം.
- കുത്തിയശേഷം ഉണങ്ങാന്‍ ആറാഴ്ചയെങ്കിലുമെടുക്കും. അതുവരെ പ്രത്യേകം ശ്രദ്ധിക്കണം. അതിനിടയില്‍ അഴിച്ചെടുക്കാന്‍ ശ്രമിക്കരുത്. ആറാഴ്ചയ്ക്കുശേഷം ആഭരണം മാറ്റുമ്പോള്‍ ഇമിറ്റേഷന്‍ പോലുള്ളവ അണിയാതിരിക്കുന്നതാണ് നല്ലത്.
- നാല് മുതല്‍ എട്ട് മാസം വരെയുള്ള സമയത്ത് കുഞ്ഞുങ്ങള്‍ക്ക് കാത് കുത്തുകയാണെങ്കില്‍, വലിയ പ്രശ്‌നമുണ്ടാവില്ല. എളുപ്പത്തില്‍ കുത്താനാവും. മുറിവ് വേഗം ഉണങ്ങുകയും ചെയ്യും.
- കാതുകുത്തിയശേഷം ഇടയ്ക്കിടെ കാതില്‍ തൊടുന്നത് ഒഴിവാക്കണം. തൊടേണ്ടി വരുന്ന സന്ദര്‍ഭങ്ങളില്‍ അതിനുമുമ്പായി കൈ സോപ്പുപയോഗിച്ച് നന്നായി കഴുകണം.
- കുളിക്കുമ്പോള്‍ ഷാംപൂ, കണ്ടീഷണര്‍, സോപ്പ്, എണ്ണ എന്നിവയൊന്നും ചെവിയുടെ ഭാഗത്ത് വീഴുന്നില്ലെന്ന് ഉറപ്പാക്കണം.
- ആദ്യമായി കാത് കുത്തിയശേഷം വെള്ളി ഒരു കാരണവശാലും ധരിക്കരുത്. അണുബാധയ്ക്കും അലര്‍ജിക്കും സാധ്യത കൂടുതലാണ്.
- ചെവിയുടെ കാര്‍ട്ടിലേജ് തുളയ്ക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അണുബാധയുണ്ടാവാന്‍ സാധ്യത കൂടുതലാണ്.
- ഏത് ലുക്കാണ് മുഖത്തിനും ചെവിയുടെ വലുപ്പത്തിനും ആകൃതിക്കും ഇണങ്ങുന്നതെന്ന് നോക്കി, ഇഷ്ടമുള്ള ഡിസൈന്‍ പിന്‍ട്രസ്റ്റില്‍നിന്നും തിരഞ്ഞെടുത്താല്‍ എളുപ്പമായി.
കൂടുതൽ ഫാഷൻ ട്രെൻഡുകളും ടിപ്പുകളുമറിയാൻ ഗൃഹലക്ഷ്മി വാങ്ങാം
Content Highlights: ear piercing trends
Content Highlights: