ഒഡീസി പ്രീമിയറിൽ ചർച്ചയായി ക്രിസ്റ്റഫർ നോളന്റെ സിൽക്ക് ടൈ; കൈയ്യടി നേടി ഇന്ത്യൻ കരവിരുത്

ഒഡീസി പ്രീമിയറില്‍ ക്രിസ്റ്റഫര്‍ നോളന്‍, ആന്‍ ഹാതവേ, മാറ്റ് ടാമന്‍ എന്നിവര്‍|photo:instagram.com/aahaan.tandon/
ഒഡീസി പ്രീമിയറില്‍ ക്രിസ്റ്റഫര്‍ നോളന്‍, ആന്‍ ഹാതവേ, മാറ്റ് ടാമന്‍ എന്നിവര്‍|photo:instagram.com/aahaan.tandon/

ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രമായ 'ദി ഒഡീസി'യുടെ ന്യൂയോർക്ക് പ്രീമിയറിൽ തിളങ്ങി ഇന്ത്യൻ കരവിരുതും. ലോകമെമ്പാടുമുള്ള സിനിമാപ്രേമികൾ കാത്തിരുന്ന ചിത്രത്തിന്റെ റെഡ് കാർപെറ്റ് ഇവന്റിൽ സംവിധായകൻ ക്രിസ്റ്റഫർ നോളനും നടി ലുപിത ന്യോംഗോയും ഇന്ത്യൻ ഡിസൈനർമാർ ഒരുക്കിയ ഔട്ട്ഫിറ്റുകൾ അണിഞ്ഞാണ് ചടങ്ങിൽ എത്തിയത്.

ക്രിസ്റ്റഫർ നോളന്റെ അജ്റഖ് ടൈ തന്നെയാണ് ഷോടോപ്പറായതെന്ന് പറയാം. പ്രീമിയർ ചടങ്ങിൽ ബ്ലാക്ക് ക്ലാസിക് സ്യൂട്ടിനും ക്രിസ്പ് വൈറ്റ് ഷർട്ടിനുമൊപ്പം സ്റ്റൈൽ സ്റ്റേറ്റ്‌മെന്റായി നോളൻ ധരിച്ചിരുന്ന സിൽക്ക് ടൈ ആണ് ശ്രദ്ധാകേന്ദ്രമായത്.

ന്യൂയോർക്ക് ആസ്ഥാനമായുള്ള ഇന്ത്യൻ ഡിസൈനർ ആഹാൻ ടണ്ടൻ രൂപകൽപ്പന ചെയ്ത ഈ ടൈയിൽ ഗുജറാത്തിലെ കച്ചിൽ നിന്നുള്ള പരമ്പരാഗതമായ അജ്റഖ് ബ്ലോക്ക് പ്രിന്റിങ്ങാണ് ചെയ്തിരിക്കുന്നത്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പ്രിന്റിംങ് രീതി പ്രകൃതിദത്ത ചായങ്ങളും മരം കൊണ്ടുള്ള ബ്ലോക്കുകളും ഉപയോഗിച്ചാണ് ചെയ്യുന്നത്. ക്രിസ്‌മെൻ റെഡും ഇൻഡിയോയും നിറങ്ങളും ജിയോമെട്രിക്കൽ പാറ്റേണുമാണ് ഇതിന്റെ പ്രത്യേകത.

ഗ്ലോബൽ ഫാഷൻ വേദിയിൽ ഇന്ത്യൻ കരകൗശലവിദ്യയുടെ സൗന്ദര്യത്തെ എടുത്തുകാണിക്കാൻ നോളന്റെ ഈ ഫാഷൻ തിരഞ്ഞെടുപ്പ് സഹായിച്ചു.

Lupita Nyong|photo:instagram.com/sabyasachiofficial/

നടി ലുപിത ന്യോംഗോയും പ്രശസ്ത ഇന്ത്യൻ ഡിസൈനർ സബ്യസാചി ഡിസൈൻ ചെയ്ത ആഭരണങ്ങൾ അണിഞ്ഞാണ് ഇവന്റിലെത്തിയത്. ചിത്രത്തിൽ ഹെലൻ ഓഫ് ട്രോയ് ആയാണ് ലുപിത ന്യോംഗോ വേഷമിടുന്നത്.

സബ്യസാചിയുടെ കരവിരുതിൽ തയ്യാറാക്കിയ അഞ്ച് ലെയറുകളുള്ള മനോഹരമായ പേൾചോക്കറായിരുന്നു അവരുടെ പ്രധാന ആകർഷണം.

ഗോൾഡൻ നിറമുള്ള ഗൗണിനൊപ്പം ധരിച്ച ചോക്കറിൽ സ്വർണനൂലുകളിൽ കോർത്ത പേളുകൾക്ക് നടുവിലായി 11.21 കാരറ്റ് തൂക്കം വരുന്ന രണ്ട് അൺകട്ട് പോൾക്കി ഡയമണ്ടും സബ്യസാചിയുടെ സിഗ്‌നേച്ചറായ ബംഗാൾ ടൈഗർ പെൻഡന്റും ഉൾപ്പെട്ടിരുന്നു. ഇതിനൊപ്പം, ഡയമണ്ടും ബ്ലൂ സഫയറും പതിപ്പിച്ച 18 കാരറ്റ് സ്വർണ്ണത്തിന്റെ ബംഗാൾ ടൈഗർ മോതിരവും അവർ ധരിച്ചിരുന്നു.

മാറ്റ് ഡാമൻ, ആൻ ഹാതവേ, ടോം ഹോളണ്ട്, സെൻഡായ തുടങ്ങിയ വൻ താരനിര അണിനിരക്കുന്ന 'ദി ഒഡീസി', ട്രോജൻ യുദ്ധത്തിന് ശേഷം ഒഡീസിയസ് നടത്തുന്ന 10 വർഷത്തെ സാഹസിക യാത്രയുടെ കഥയാണ് പറയുന്നത്. പ്രീമിയർ ചടങ്ങിലെ ഈ ഇന്ത്യൻ ഡിസൈൻ സാന്നിധ്യം അന്താരാഷ്ട്ര ഫാഷൻ ലോകത്തും വലിയ ശ്രദ്ധ നേടിയിരിക്കുകയാണ്.

Content Highlights: Christopher Nolan wore an Ajrakh block-print tie designed by Aahan Tandon at The Odyssey premiere., Lupita Nyong'o adorned Sabyasachi jewelry, including a pearl choker and Bengal Tiger pendant., The film features an ensemble cast including Matt Damon, Anne Hathaway, Tom Holland, and Zendaya., The Odyssey depicts the 10-year journey of Odysseus following the Trojan War., Global fashion recognition for traditional Indian craftsmanship.