മൃതകോശങ്ങൾ നീക്കി ചർമം തിളങ്ങാൻ ഈ കിടിലൻ ഫേസ്പാക്ക്; വീഡിയോയുമായി ബോളിവുഡ് നടി

സിനിമകൾക്ക് ഇടവേള നൽകിയിരിക്കുകയാണെങ്കിലും സമൂഹമാധ്യമത്തിൽ സജീവമാണ് ബോളിവുഡ് താരം ഭാഗ്യശ്രീ. പ്രായത്തെ വെല്ലുന്ന ഊർജത്തിനു പിന്നിൽ ചിട്ടയായ ഡയറ്റിങ്ങും വർക്കൗട്ടുമാണെന്ന് താരം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തിളങ്ങുന്ന ചർമത്തിനു പിന്നിലെ രഹസ്യം പങ്കുവെക്കുകയാണ് ഭാഗ്യശ്രീ.
ചർമസൗന്ദര്യം നിലനിർത്താൻ എളുപ്പത്തിൽ ചെയ്യാവുന്നൊരു മാർഗമാണ് ഭാഗ്യശ്രീ പങ്കുവെക്കുന്നത്. ദിവസവും താൻ ചർമത്തിൽ പുരട്ടുന്ന ഫേസ്പാക് ആണ് ഇതെന്നു പറഞ്ഞാണ് ഭാഗ്യശ്രീ ആരംഭിക്കുന്നത്. ഫേസ്പാക് ഉണ്ടാക്കേണ്ടത് എങ്ങനെയെന്നും അതിന്റെ ഗുണവശങ്ങളെക്കുറിച്ചും ഭാഗ്യശ്രീ വീഡിയോയിലൂടെ പങ്കുവെക്കുന്നുണ്ട്.
ദിവസവും സ്വീകരിക്കാവുന്നൊരു ചർമസംരക്ഷണമാർഗം എന്നു പറഞ്ഞാണ് ഭാഗ്യശ്രീ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനു വേണ്ടത് ഓട്സും പാലും തേനുമാണ്. അൽപം ഓട്സെടുത്ത് പൊടിച്ചുവെക്കുക. ശേഷം ഇതൊരു പാത്രത്തിലാക്കി സൂക്ഷിച്ചുവച്ച് ദിവസവും ഉപയോഗിക്കാം. അൽപം ഓട്സ് ഒരു പാത്രത്തിലെടുത്ത് ഒരു ടീസ്പൂൺ പാലും അൽപം തേനും ഒഴിച്ച് പേസ്റ്റ് പരുവത്തിലാക്കുക. ഇനി ഇത് മുഖത്ത് പുരട്ടി ഉണങ്ങുംവരെ വെക്കാം. മുഖം കഴുകുന്നതിനു തൊട്ടുമുമ്പായി മൃദുവായി സ്ക്രബ് ചെയ്യുന്നതും നല്ലതാണെന്ന് ഭാഗ്യശ്രീ പറയുന്നു.
ഈ ഫേസ്പാക്കിന്റെ ഗുണഫലങ്ങളെക്കുറിച്ചും ഭാഗ്യശ്രീ പറയുന്നുണ്ട്. ഓട്സിലെ ക്ലെൻസിങ് ഘടകങ്ങൾ ചർമത്തിലെ മൃതകോശങ്ങളെ ഇല്ലാതാക്കുന്നു. പാൽ നല്ലൊരു മോയ്സചറൈസറായും ടോണറായും പ്രവർത്തിക്കുന്നു. ചർമത്തെ മൃദുവായി നിലനിർത്താനും പാൽ നല്ലതാണ്. തേൻ ചർമത്തിലെ ജലാംശം നഷ്ടപ്പെടുത്താതിരിക്കുകയും ചെയ്യും.
ക്ഷീണിച്ചിരിക്കുന്ന സമയത്തുപോലും ഈ പാക്ക് ചർമത്തിന് തിളക്കം നൽകുമെന്നും ഭാഗ്യശ്രീ പറയുന്നു. നേരത്തെ വർക്കൗട്ട് കഠിനമല്ലാതെ ചെയ്യാനായി ഭാഗ്യശ്രീ പങ്കുവച്ച വീഡിയോയും വൈറലായിരുന്നു.
Content Highlights: Bhagyashree reveals the secret behind her glowing skin
Content Highlights: