ഐശ്വര്യ റായിയുടെ ആ ഗ്ലാമറസ് ലെഹങ്ക ഇന്നത്തെ ഫാഷൻ ട്രെൻഡ് : വർഷങ്ങൾക്ക് മുൻപേ പരീക്ഷിച്ച നീത ലുല്ല

Aishwarya Rai|photo:instagram.com/neeta_lulla/
Aishwarya Rai|photo:instagram.com/neeta_lulla/

ബോളിവുഡിലെ ചില സിനിമാഗാനങ്ങൾക്കൊപ്പം താരങ്ങളുടെ വസ്ത്രങ്ങളും ഫാഷൻ പ്രേമികളുടെ മനസ്സിൽ ഇടംപിടിക്കാറുണ്ട്. അത്തരത്തിലൊരു ലുക്കാണ് ഐശ്വര്യ റായ് 'ദിൽ കാ റിഷ്ത' എന്ന ചിത്രത്തിലെ 'സാജൻ സാജൻ' ഗാനത്തിൽ അണിഞ്ഞത്. ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ലെപ്പേഡ് പ്രിന്റ്, കോർസെറ്റ് മാതൃകയിലുള്ള ബ്ലൗസ്, വ്യത്യസ്തമായ ലെഹങ്ക, മനോഹരമായ ആഭരണങ്ങൾ... വർഷങ്ങൾക്കിപ്പുറവും ഈ വസ്ത്രം ഫാഷൻ ലോകത്ത് ചർച്ചയാകുകയാണ്. ഇപ്പോഴിതാ ഐശ്വര്യയുടെ ഐക്കോണിക് ലുക്കിന് പിന്നിലെ കഥ പങ്കുവച്ചിരിക്കുകയാണ് പ്രശസ്ത ഫാഷൻ ഡിസൈനർ നീത ലുല്ല.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലാണ് നീത ലുല്ല വസ്ത്രത്തിന്റെ രൂപകൽപ്പനയെക്കുറിച്ച് വിശദീകരിച്ചത്. ഇന്ത്യൻ കരകൗശല പാരമ്പര്യവും ഗ്ലാമറും ഒരുമിപ്പിച്ച്, അക്കാലത്തെ പതിവ് ലെഹങ്ക ഡിസൈനുകളിൽ നിന്ന് വ്യത്യസ്തമായൊരു വസ്ത്രം ഒരുക്കുകയായിരുന്നു ലക്ഷ്യമെന്ന് നീത പറയുന്നു.ഓരോ പെൺകുട്ടിയും സ്വപ്നം കാണുന്ന വസ്ത്രമെന്നാണ് നീത ലുല്ല ഈ ഡിസൈനിനെ വിശേഷിപ്പിക്കുന്നത്. സിനിമാഗാനത്തിനുവേണ്ടി ആകർഷകവും ഗ്ലാമറസുമായ വസ്ത്രം ഒരുക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അതിൽ ഇന്ത്യൻ കരകൗശല പാരമ്പര്യത്തിന്റെ സ്വാധീനവും ഉണ്ടായിരിക്കണമെന്ന് അവർ തീരുമാനിച്ചു.സാധാരണ ലെഹങ്കകളിൽ നിന്ന് വ്യത്യസ്തമായി കോർസെറ്റിനോട് സാമ്യമുള്ള ബ്ലൗസാണ് ഐശ്വര്യയ്ക്കായി ഒരുക്കിയത്. ശരീരത്തോട് ചേർന്നുനിൽക്കുന്ന സ്‌കർട്ടും അതിനടിയിൽ ട്രൗസറും ഉൾപ്പെടുത്തിയിരുന്നു. സ്‌കർട്ടിലെ സ്ലിറ്റും ഡിസൈനിന് വ്യത്യസ്തമായ ഭംഗി നൽകി. പരമ്പരാഗത ലെഹങ്കയുടെ രൂപത്തിൽ മാറ്റം വരുത്തി കൂടുതൽ ആധുനികമായൊരു ലുക്ക് സൃഷ്ടിക്കുകയായിരുന്നു അന്ന് നീത.

ലെപ്പേഡ് പ്രിന്റും സർദോസി വർക്കും

ഐശ്വര്യയുടെ വസ്ത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഘടകം ചുവപ്പും കറുപ്പും നിറങ്ങളിലുള്ള ലെപ്പേഡ് പ്രിന്റായിരുന്നു. ഇതോടൊപ്പം സർദോസി എംബ്രോയ്ഡറിയും ഉൾപ്പെടുത്തിയിരുന്നു. പുള്ളിപ്പുലിയോട് സാമ്യമുള്ള പാറ്റേണുകളെയാണ് ലെപ്പേഡ് പ്രിന്റ് എന്നു വിളിക്കുന്നത്.1990-കളിൽ ലെപ്പേഡ് പ്രിന്റ് വലിയ ഫാഷൻ ട്രെൻഡായിരുന്നുവെന്ന് നീത ലുല്ല പറയുന്നു. ഈ പ്രിന്റിൽ സർദോസി എംബ്രോയ്ഡറിയും ടർക്കോയിസ് നിറത്തിലുള്ള ഡിസൈൻ പരീക്ഷണങ്ങളും അക്കാലത്ത് താൻ നടത്തിയിരുന്നുവെന്നും അവർ ഓർമിക്കുന്നു. ഇന്ത്യൻ കരകൗശല രീതിയായ സർദോസിയെ വെസ്റ്റേൺ ഫാഷൻ സ്വാധീനമുള്ള പ്രിന്റിനൊപ്പം ചേർത്തതാണ് വസ്ത്രത്തിന്റെ പ്രത്യേകത.

ഇന്നത്തെ ഫ്യൂഷൻ ലെഹങ്ക

ഇന്ന് ഫാഷൻ ലോകത്ത് ഏറെ പ്രചാരമുള്ളതാണ് കോർസെറ്റ് ബ്ലൗസുകളും ഫ്യൂഷൻ ലെഹങ്കകളും. പരമ്പരാഗത ഇന്ത്യൻ വസ്ത്രങ്ങളിൽ ആധുനിക ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തുന്ന ഈ രീതി വർഷങ്ങൾക്ക് മുൻപുതന്നെ പരീക്ഷിച്ചിരുന്നുവെന്നാണ് നീത ലുല്ല പറയുന്നത്.ഇന്ന് ഫ്യൂഷൻ ലെഹങ്കയെന്നോ കണ്ടംപററി സിലൗറ്റെന്നോ വിളിക്കുന്ന ഡിസൈനുകൾ അന്നുതന്നെ തന്റെ ചിന്തകളിലുണ്ടായിരുന്നുവെന്ന് അവർ പറയുന്നു. വസ്ത്രത്തിന്റെ ഘടനയിലും അനുപാതങ്ങളിലും മാറ്റം വരുത്തി ഇന്ത്യൻ വസ്ത്രധാരണത്തിന് പുതിയൊരു രൂപം നൽകുകയായിരുന്നു ലക്ഷ്യം.

ഐശ്വര്യയുടെ ലുക്കിൽ ആഭരണങ്ങൾക്കും പ്രധാന സ്ഥാനമുണ്ടായിരുന്നു. വസ്ത്രത്തിനൊപ്പം വെറുതെ ധരിക്കുന്ന ആക്‌സസറികളായല്ല, ഡിസൈനിന്റെ ഭാഗമായാണ് ആഭരണങ്ങളെ നീത പരിഗണിച്ചത്.കോർസെറ്റ് മാതൃകയിലുള്ള ബ്ലൗസിനൊപ്പം ശ്രദ്ധേയമായ നെക്പീസ് നൽകി. സ്‌കർട്ടിന്റെ അരക്കെട്ടിൽ സാധാരണ ഡിസൈനിന് പകരം കല്ലുകളും ചെറിയ അലങ്കാരവസ്തുക്കളും ഘടിപ്പിച്ച ബെൽറ്റാണ് ഉപയോഗിച്ചത്.ഐശ്വര്യ നൃത്തം ചെയ്യുമ്പോൾ വസ്ത്രത്തിനൊപ്പം ആഭരണങ്ങളും ചലിക്കുന്ന രീതിയിലായിരുന്നു ഇവയുടെ രൂപകൽപ്പന. ഇത് ഗാനരംഗത്തിന് കൂടുതൽ ദൃശ്യഭംഗി നൽകി. സിനിമയ്ക്കുവേണ്ടി വസ്ത്രങ്ങൾ ഒരുക്കുമ്പോൾ അവ മനോഹരമായി കാണപ്പെടുന്നത് മാത്രം പോരെന്നാണ് നീത ലുല്ലയുടെ അഭിപ്രായം. അഭിനേതാക്കൾ നൃത്തം ചെയ്യുമ്പോഴും തിരിയുമ്പോഴും മറ്റ് ചലനങ്ങൾ നടത്തുമ്പോഴും വസ്ത്രം അതിന് അനുയോജ്യമായിരിക്കണം.ഐശ്വര്യയുടെ വസ്ത്രം രൂപകൽപ്പന ചെയ്യുമ്പോഴും ഇക്കാര്യം പ്രത്യേകം ശ്രദ്ധിച്ചിരുന്നു.കോർസെറ്റ് ബ്ലൗസുകൾ, ബസ്റ്റിയർ ഡിസൈനുകൾ, ഡ്രേപ്പിങ്, സ്ട്രക്‌ചേഡ് സിലൗറ്റുകൾ തുടങ്ങിയവ ഇന്ന് ബ്രൈഡൽ ഫാഷനിലടക്കം വലിയ ട്രെൻഡാണ്. ഇന്ത്യൻ പാരമ്പര്യ വസ്ത്രങ്ങളെ ആധുനിക രീതിയിൽ അവതരിപ്പിക്കുന്ന ഡിസൈനുകൾക്കും സ്വീകാര്യതയേറുകയാണ്.

Content Highlights: Aishwarya Rai's red and black leopard-print lehenga from 'Dil Ka Rishta' remains a major fashion trend., Designer Neeta Lulla combined traditional Indian zardozi embroidery with Western-inspired leopard prints., The innovative outfit featured a corset-style blouse, a slit skirt with trousers underneath, and integrated jewelry., Neeta Lulla conceptualized contemporary fusion silhouettes and structured outfits years ahead of their time.