പത്മിനി തോമസ് വര്‍ക്ക് അറ്റ് ഹോം നേതാവ് - കെ.പി.സി.സി ദേശീയ കായിക വേദി

പത്മിതി തോമസ് | File Photo - Mathrubhumi archives
പത്മിതി തോമസ് | File Photo - Mathrubhumi archives

കോഴിക്കോട്:  കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച പത്മിനി തോമസ് വര്‍ക്ക് അറ്റ് ഹോം നേതാവാണെന്ന് കെ.പി.സി.സി ദേശീയ കായികവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി. കോണ്‍ഗ്രസ് കായിക വിഭാഗമായ കെ.പി.സി.സി ദേശീയ കായിക വേദിയുടെ സംസ്ഥാന പ്രസിഡണ്ട്  ആയിരുന്നു പത്മിനി തോമസ്.

18 വര്‍ഷം തുടര്‍ച്ചയായി ദേശീയ കായിക വേദിയുടെ സംസ്ഥാന പ്രസിഡന്റായ പത്മിനി തോമസിന് കോണ്‍ഗ്രസിന്റെ ഒരു നേതാവിനും കിട്ടാത്ത അവസരം പാര്‍ട്ടി നല്‍കുകയും  കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ പാര്‍ട്ടി നല്‍കിയിട്ടും പത്മിനി പാര്‍ട്ടിയെ ചതിക്കുകയായിരുന്നു. 2011 ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയതിനുശേഷം ദേശീയ കായിക വേദിയുടെ സംസ്ഥാന കമ്മിറ്റി ഒരിക്കല്‍പോലും വിളിച്ചു ചേര്‍ത്തിട്ടില്ല. പത്തു വര്‍ഷമായി സംസ്ഥാന കമ്മിറ്റിയുടെ ഒരു പരിപാടി പോലും സംഘടിപ്പിച്ചില്ല. സംഘടനയെ നശിപ്പിച്ചതില്‍ ആദ്യ പ്രതിയും അവസാന പ്രതിയും പത്മനി തന്നെയാണ്. സംഘടനയിലെ പല ജില്ലാ പ്രസിഡന്റുമാരും മരിച്ചുപോയിട്ട് വര്‍ഷങ്ങളായിട്ടും പകരം ആളെ കണ്ടെത്തിയിട്ടില്ല. കെ.പി.സി.സി യോഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി മാത്രമുള്ള മാനദണ്ഡമായി സംസ്ഥാന പ്രസിഡന്റ് പദവി ഉപയോഗിച്ചു. പാര്‍ട്ടി അവഗണിച്ചു എന്ന പരാതിക്ക് ഒരു അടിസ്ഥാനവുമില്ല. കെ.പി.സി.സി ദേശീയ കായികവേദി പറഞ്ഞു.

ജില്ലാ കമ്മിറ്റി യോഗം കെ.പി.സി.സി ദേശീയ കായിക വേദി സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് അടിവാരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഒ.കെ മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. ടി.കെ സിറാജുദ്ദീന്‍, റനീഫ് മുണ്ടോത്ത്,ടി.വി വിനീഷ്, ടി.മുഹ്‌സിന്‍ , പി. യാസിര്‍ എന്നിവര്‍ സംസാരിച്ചു.

Content Highlights: Padmini Thomas kpcc national sports committee