ദേശീയ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ മാനിപുരം സ്കൂളിന് സ്വർണത്തിളക്കം

ദേശീയ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മാനിപുരം എ.യു.പി. സ്കൂൾ താരങ്ങൾ പരിശീലകനായ കെ. നവനീത് മോഹനും ഇ. ഉണ്ണികൃഷ്ണനുമൊപ്പം
ദേശീയ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ മാനിപുരം എ.യു.പി. സ്കൂൾ താരങ്ങൾ പരിശീലകനായ കെ. നവനീത് മോഹനും ഇ. ഉണ്ണികൃഷ്ണനുമൊപ്പം

കൊടുവള്ളി: മഹാരാഷ്ട്രയിലെ പാൽഘറിൽ നടന്ന ദേശീയ ടഗ് ഓഫ് വാർ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണം നേടിയ അണ്ടർ 13 ടീമിൽ മാനിപുരം എ.യു.പി. സ്കൂൾ സ്പോർട്സ് അക്കാദമിയിലെ അഞ്ച് താരങ്ങൾ. ജി.എസ്. ആദിദേവ്, പി.പി. ഹാനി മുഹമ്മദ്, മുഹമ്മദ് ഫാസ്, മുഹമ്മദ് സയാൻ, ധനഞ്ജയ് എന്നിവരാണ് കേരളത്തിനായി മത്സരിച്ചത്. അണ്ടർ 15 മിക്സഡ് വിഭാഗത്തിൽ സ്വർണം നേടിയ കേരള ടീമിന്റെ പരിശീലകനായി സ്കൂളിലെ അധ്യാപകൻ കെ. നവനീത് മോഹനും ഇ. ഉണ്ണികൃഷ്ണനും ടീമിനൊപ്പമുണ്ടായിരുന്നു. സ്കൂളിൽ കായികാധ്യാപകന്റെ അഭാവത്തിലും അധ്യാപനത്തോടൊപ്പം കായികപരിശീലനവും നൽകി ദേശീയതലത്തിൽ മികവുള്ള താരങ്ങളെ വളർത്തിയെടുക്കുകയാണ് നവനീത് മോഹൻ. മുൻവർഷങ്ങളിലും സ്കൂളിലെ താരങ്ങൾ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിനായി സ്വർണം നേടിയിട്ടുണ്ട്.

Content Highlights: Five students from Manipuram AUP School Sports Academy won gold for Kerala at the National Tug of War Championship held in Palghar, Maharashtra.