തകർന്നു പാലയാട്ട് നട-പുതുക്കുടിമുക്ക് റോഡ്

വടകര: ദേശീയപാത പാലയാട്ട് നടയിൽനിന്ന്‌ മണിയൂർ ഭാഗത്തേക്ക് പോകുന്ന പാലയാട്ട് നട-പുതുക്കുടി മുക്ക് റോഡ് ശോച്യാവസ്ഥയിൽ. നിറയെ കുണ്ടുകളും കുഴികളും നിറഞ്ഞിരിക്കുകയാണ് ഇവിടെ. വടകര നഗരസഭ, മണിയൂർ പഞ്ചായത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന റോഡാണിത്. പുതുക്കുടി മുക്ക് എത്തുന്നതിന് മുന്നേ മണിയൂർ പഞ്ചായത്തിലെ ഭാഗം നേരത്തേ കോൺക്രീറ്റ് ചെയ്തിരുന്നു.

റോഡിന്റെ അവസ്ഥ കാരണം ഓട്ടോ വിളിച്ചാൽ പോലും പലരും വരാൻ മടിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പൊതുഗതാഗതം ഇല്ലാത്ത ഈ റൂട്ടിൽ രോഗികളെയും പ്രായമായവരെയും കൊണ്ടുപോകാൻ സ്വന്തമായി വാഹനമില്ലാത്തവർ ഏറെ പ്രയാസം നേരിടുന്നുണ്ട്. പാലയാട്ട് നടയിലേക്ക് പോകേണ്ട പലരും ഓട്ടം പോയി തിരിച്ചുവരുന്ന ഓട്ടോറിക്ഷകളെയും മറ്റുമാണ് ആശ്രയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ഈ ഭാഗങ്ങളിലേക്ക് ഓട്ടോറിക്ഷകൾ പോകാൻ മടിക്കുന്നത് കാരണം പാലയാട്ട്നട വരെ നടക്കേണ്ട സ്ഥിതിയുണ്ടെന്നും നാട്ടുകാർ പറഞ്ഞു.

മഴയിൽ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം നടക്കാൻ പോലും ബുദ്ധിമുട്ടായിരുന്നു. മാത്രമല്ല വെള്ളം നിറഞ്ഞിരിക്കുന്ന ഭാഗങ്ങളിലെ കുഴികൾ മനസ്സിലാകാത്തത് ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽ പെടുന്നതിനും കാരണമായിട്ടുണ്ട്.

മണിയൂർ ഭാഗങ്ങളിൽ നിന്നും എളുപ്പത്തിൽ പയ്യോളി, വടകര ഭാഗങ്ങളിലേക്ക് പോകുന്നതിന് മിക്കവരും ഉപയോഗിക്കുന്ന പ്രധാന റോഡുകളിൽ ഒന്നായിരുന്നു ഇത്. എന്നാൽ ഇപ്പോൾ പലരും റോഡിനെ ഉപേക്ഷിച്ച സ്ഥിതിയാണ്. മണിയൂർ ഭാഗത്തേയ്ക്ക് പോകുന്ന മറ്റൊരു പ്രധാന റോഡായ മഞ്ചരിയിൽകടവ് വഴിയുള്ള റോഡിന്റെ സ്ഥിതിയും ശോചനീയമാണ്. കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിന്റെ സ്ഥിതിയും മറിച്ചല്ല.

തകർന്ന മാസങ്ങളായിട്ടും റോഡ് നന്നാക്കാൻ നടപടിയാകാത്തതിൽ പ്രതിഷേധമുയരുന്നുണ്ട്. എത്രയും പെട്ടെന്ന് റോഡ് നന്നാക്കി പ്രശ്നത്തിന് പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.