ഭാരതപര്യടനത്തിന് കൂരാച്ചുണ്ടിൽനിന്ന് നാൽവർ സംഘം

കൂരാച്ചുണ്ട് : പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിയിക്കുകയാണ് കൂരാച്ചുണ്ടിൽ നിന്നുള്ള നാൽവർ സംഘം. മുതിർന്ന പൗരരുടെ അവകാശ സംരക്ഷണത്തിനായി ഭാരത പര്യടനത്തിന് ഇറങ്ങിയിരിക്കുകയാണ് ഈ സൗഹൃദ കൂട്ടായ്മ.

പന്തപ്ലാക്കൽ ജോസ് (71), ഭാര്യ സെലിൻ (67), തറപ്പേൽ ഓസ്റ്റിൻ (65), ഭാര്യ ലിസി (62) എന്നിവരാണ് കാറിൽ ഇന്ത്യ മുഴുവൻ ചുറ്റാൻ ഇറങ്ങിത്തിരിച്ചത്. ശനിയാഴ്ച രാവിലെ കൂരാച്ചുണ്ട് സെയ്‌ന്റ് തോമസ് ഹൈസ്കൂൾ കവാടത്തിൽനിന്ന് ആരംഭിച്ച യാത്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ ഫ്ലാഗ് ഓഫ് ചെയ്തു.

സമൂഹത്തിൽ വയോജനങ്ങൾ നേരിടുന്ന അവഗണനകൾക്കെതിരേ ശബ്ദമുയർത്തുകയും അർഹമായ പെൻഷൻ ആനുകൂല്യങ്ങളും നിയമപരമായ അവകാശങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുകയുമാണ് യാത്രയുടെ പ്രധാന ലക്ഷ്യം. ഒപ്പം വയോജനങ്ങളുടെ മാനസിക-ശാരീരിക ക്ഷേമവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും യാത്രയിലൂടെ ഉയർത്തിക്കാട്ടും.

28 സംസ്ഥാനങ്ങളിലൂടെ 60 ദിവസം നീണ്ടുനിൽക്കുന്ന സാഹസികയാത്രയാണിത്.

ദീർഘകാലം ഗൾഫിൽ പ്രവാസിയായിരുന്ന ജോസ് ഇപ്പോൾ സജീവ കർഷകനാണ്. സെലിൻ, ഓസ്റ്റിൻ, ലിസി എന്നിവർ അധ്യാപനരംഗത്തുനിന്ന് വിരമിച്ചവരാണ്. ജോസും സെലിനും മുൻപ്‌ ഒരു തവണ ഭാരതപര്യടനം നടത്തിയിട്ടുണ്ട്.

ഫ്ലാഗ് ഓഫ് ചടങ്ങിൽ കെ.എസ്.എസ്.പി.യു. ബാലുശ്ശേരി ബ്ലോക്ക് പ്രസിഡന്റ് രാജൻ ഉറുമ്പിൽ അധ്യക്ഷത വഹിച്ചു. കൂരാച്ചുണ്ട് ഗ്രാമപ്പഞ്ചായത്തംഗങ്ങളായ സണ്ണി ജോസഫ് കാനാട്ട്, എൻ.കെ. കുഞ്ഞമ്മദ്, പഞ്ചായത്ത് മുൻ പ്രസിഡന്റ് പോളി കാരക്കട, ഒ. ഗോപിനാഥൻ, ലിസി ജോസഫ്, തോമസുകുട്ടി ചെരിയംപുറത്ത് എന്നിവർ സംസാരിച്ചു.

സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് സംഘത്തിന് ആഘോഷമായ യാത്രയയപ്പ് നൽകി.