നിർമാണം നിലച്ചിട്ട് മാസങ്ങൾ; വെസ്റ്റ് മാമ്പറ്റ അന്താരാഷ്ട്ര സ്റ്റേഡിയം എം.എൽ.എ. സന്ദർശിച്ചു

മുക്കം : ‘ഇതൊന്നു പഴയരീതിയിലാക്കിത്തരുമോ സാർ? ഞങ്ങളുടെ കുട്ടികളുടെ കായികപരിശീലനം മുടങ്ങിയിട്ട് വർഷം നാലായി. ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പറഞ്ഞുതുടങ്ങിയ പ്രവൃത്തി നാലുവർഷമായിട്ടും പാതിവഴിയിലാണ്. ഞങ്ങൾക്കിത് പഴയപോലെ ഒന്ന് ആക്കി തന്നാൽ മതി’ - മുക്കം നഗരസഭയിലെ വെസ്റ്റ് മാമ്പറ്റ സ്റ്റേഡിയം സന്ദർശിക്കാനെത്തിയ സി.കെ. കാസിം എം.എൽ.എ.യ്ക്ക് മുന്നിൽ കായിക പ്രേമികളും പ്രദേശവാസികളും പരാതികളുടെയും ആശങ്കകളുടെയും കെട്ടഴിച്ചു. കരാറുകാരെ ഫോണിൽ ബന്ധപ്പെട്ട് പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് നാട്ടുകാർ ഒരേസ്വരത്തിൽ പറഞ്ഞതോടെ എം.എൽ.എ. സമ്മതിച്ചു. ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസെെറ്റി പ്രതിനിധികൾ, പദ്ധതിയുടെ സ്പെഷ്യൽ പർപ്പസ് വെഹിക്കിളായിരുന്ന (എസ്.പി.വി.) കിറ്റ്കോ എന്നിവരുമായി ബന്ധപ്പെട്ട് അടുത്താഴ്ചതന്നെ യോഗംചേർന്ന് കാര്യങ്ങൾക്ക് തീരുമാനമുണ്ടാക്കുമെന്ന് എം.എൽ.എ. ഉറപ്പുനൽകി.
കിഴക്കൻ മലയോര മേഖലയുടെ കായികസ്വപ്നങ്ങൾക്ക് കുതിപ്പേകുമെന്ന് പ്രത്യാശിച്ച സ്റ്റേഡിയമാണ് അധികൃതരുടെ കനിവുകാത്ത് കിടക്കുന്നത്. മുക്കം നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയത്തിൽ ആറര ക്കോടിയോളം രൂപ ചെലവിലാണ് അന്താരാഷ്ട്ര സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. കിഫ്ബിയുടെ ധനസഹായത്തോടെ സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റിന് കീഴിൽ പൊതുമേഖലാ സ്ഥാപനമായ കിറ്റ്കോ നിർവഹണ ഏജൻസിയായാണ് സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. ഉരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കായിരുന്നു ആദ്യഘട്ട നിർമാണ പ്രവൃത്തിയുടെ ചുമതല.
രണ്ടേക്കറോളം വരുന്ന മൈതാനത്ത് ടർഫ് ഫുട്ബോൾ മൈതാനം, 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, വോളിബോൾ കോർട്ട്, ഗാലറി, ഡ്രസ്സിങ് റൂം, ആധുനിക ജിംനേഷ്യം, ജംപിങ് പിറ്റുകൾ, എന്നിവ നിർമിക്കുന്നതാണ് പദ്ധതി.
ഓരോ തദ്ദേശസ്ഥാപനങ്ങളിലും ഒരു കളി സ്ഥലം എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ സർക്കാർ നടപ്പിലാക്കിയ പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. നിർമാണം നിലച്ചതോടെ, കാടുകയറിയ മൈതാനത്തിലൂടെ ഒന്ന് നടക്കാൻപോലും കഴിയാത്ത അവസ്ഥയാണ്. മാത്രമല്ല സ്റ്റേഡിയം നിർമാണത്തിന്റെ ഭാഗമായി നിർമിച്ച കെട്ടിടത്തിൽ സമൂഹവിരുദ്ധരുടെ ശല്യവും അതിരൂക്ഷമാണ്. നഗരസഭാ കൗൺസിലർമാരായ സുഹറ വഹാബ്, ഷെരീഫ് വെണ്ണക്കോട്, യു.ഡി.എഫ്. നേതാക്കളായ നിഷാബ് മുല്ലാേളി, എ.എം. അബൂബക്കർ, ദാവൂദ് മുത്താലം, രാജു മാമ്പറ്റ, വസന്തകുമാരി, പ്രിൻസ് മാമ്പറ്റ തുടങ്ങിയവർ എം.എൽ.എ.യ്ക്കൊപ്പമുണ്ടായിരുന്നു.