ക്ഷമിക്കണം, വലതുവശം ചേർന്ന് നടക്കാനാവില്ല

റോഡരികിലെ ചെളിമാറ്റാൻ നടപടിയില്ല
കൊയിലാണ്ടി : വലതുവശം ചേർന്ന് നടക്കണമെന്ന് കാൽനടക്കാർക്ക് മോട്ടോർവാഹനവകുപ്പിന്റെ നിർദേശമുണ്ട്. റോഡപകടം കുറയ്ക്കുമെന്നതിനാൽ നിർദേശം പാലിക്കണമെന്ന് യാത്രക്കാർക്ക് താത്‌പര്യവുമുണ്ട്. പക്ഷേ, നമ്മുടെ ദേശീയപാതയിൽ പലയിടത്തും ഇത് നടക്കില്ലെന്നുമാത്രം. റോഡരികിൽ ചെളി കെട്ടിക്കിടക്കുകയാണ്. കാലങ്ങളായുള്ള അവസ്ഥയാണിത്.
റോഡിൽനിന്ന് അരികിലേക്കിറങ്ങിനടന്നാൽ ചെളിയിൽ കുളിക്കും. റോഡിലൂടെ നടന്നാൽ വാഹനമിടിക്കും. എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് യാത്രക്കാർ.
ചെളിനിറഞ്ഞ റോഡിൽ തെന്നിപ്പോകുമെന്ന ഭയത്തിലാണ് വാഹനമോടിക്കുന്നവരും. വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ ദുരിതമായിട്ടും ഗൗനിക്കാതെ നിൽപ്പാണ് അധികൃതർ. വർഷങ്ങളായി നിലനിൽക്കുന്ന സ്ഥിതിയാണിത്. ദേശീയപാതയോരത്തെ വെള്ളക്കെട്ടും ചെളിയും നീക്കാൻ കാര്യമായ ഒരു ശ്രമവും ഇതുവരെ നടന്നിട്ടില്ല.
ജനപ്രതിനിധികളും സംഘടനകളും ഒട്ടേറെത്തവണ ആവശ്യമുന്നയിച്ചിട്ടും അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. നന്തിബസാറിനും ചെങ്ങോട്ടുകാവിനും ഇടയിൽ പലയിടത്തെയും സ്ഥിതിയാണിത്.
മഴവെള്ളം ഒഴുകിപ്പോകാനുള്ള ഓവുചാലുകളില്ലാത്തതാണ് ഒരുകാരണം. റോഡ് ടാർചെയ്യുന്നതല്ലാതെ റോഡരികുകൾ ശരിയായി പരിപാലിക്കാറില്ല. അടിയന്തരഘട്ടങ്ങളിൽ കുത്തനെയുള്ള റോഡരികിൽനിന്ന് വാഹനം വശങ്ങളിലേക്കിറക്കുക ദുഷ്കരമാണ്. ചെറിയവാഹനങ്ങൾക്ക് പ്രത്യേകിച്ചും.
റോഡ് നവീകരണമെന്നപേരിൽ ചിലയിടങ്ങളിൽ പശിമയുള്ള ചെമ്മണ്ണ് നിരത്തുന്നത് മിക്ക വർഷങ്ങളിലും പതിവാണ്. ഇത് മഴക്കാലത്ത് ചെളിയായും വേനലിൽ പൊടിയായും യാത്രക്കാർക്ക് ദുരിതമാകുമെന്നല്ലാതെ റോഡുസുരക്ഷയ്ക്ക് പ്രയോജനപ്പെടാറില്ല.
റോഡിന്റെ വശങ്ങളിലുള്ള വെള്ളക്കെട്ടിൽ പലയിടത്തും ചതിക്കുഴികളുമുണ്ട്.