സംരക്ഷിക്കപ്പെടാതെ ചരിത്രശേഷിപ്പുകൾ

ഇന്ന് ലോക വിനോദസഞ്ചാരദിനം
ഫറോക്ക് : അധികാരികളുടെ പിടിപ്പുകേടിൽ ഇനിയും സഞ്ചാരികൾക്ക് എത്താൻ കഴിയാത്ത ചരിത്രശേഷിപ്പായി മാറുകയാണ് ഫറോക്കിലെ ടിപ്പുകോട്ടയും ജർമൻ ബംഗ്ലാവും ചാലിയത്തെ മുല്ലമേൽകോട്ടയും കേരളത്തിലെ ആദ്യ റെയിൽവേ സ്‌റ്റേഷനായ ബേപ്പൂരിലെ ചാലിയവും.
വിനോദസഞ്ചാരമേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുമായിരുന്ന ഫറോക്കിലെ ടിപ്പുകോട്ട കാടുകയറി ഇപ്പോൾ നശിക്കുകയാണ്. 1991 നവംബറിൽ അന്നത്തെ സർക്കാർ ടിപ്പുകോട്ടയെ സംരക്ഷിതസ്മാരകമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തുടർനടപടികൾ ഒന്നും ഉണ്ടാകാത്തതിനാൽ 2010-ൽ ഫറോക്ക് കൾച്ചറൽ കോഡിനേഷൻ കമ്മിറ്റി സംരക്ഷിതസ്മാരകത്തിന്റെ രക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ചു.
നീണ്ട പത്തു വർഷത്തെ നിയമപോരാട്ടത്തിനുശേഷം 2020 മേയ് 19-ന് ഹൈക്കോടതി സംരക്ഷിതസ്മാരകത്തിലെ ചരിത്ര സ്മാരകങ്ങൾ കൂടുതൽ കേടുപാടുകൾവരാതെ സംരക്ഷിക്കാനും കോട്ടയിലെ ഉത്ഖനനസാധ്യത പരിശോധിച്ച് പര്യവേക്ഷണം നടത്താനും ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനുമുള്ള ഉത്തരവ് പുരാവസ്തുവകുപ്പിന് നൽകി. ഇതേത്തുടർന്നായിരുന്നു പുരാവസ്തുവകുപ്പിന്റെ നേതൃത്വത്തിൽ ടിപ്പുകോട്ടയിൽ ആദ്യ ഉത്ഖനന നടപടികൾ തുടങ്ങിയത്.
മൂന്നുഘട്ടങ്ങളിലായി നടന്ന ഉത്ഖനനത്തിൽ കോട്ടമതിലും നാണയവും വെടിയുണ്ടകളുമെല്ലാം കണ്ടെത്തിയിരുന്നു. എന്നാൽ, നാലുവർഷമായി ഇപ്പോൾ ഈ ചരിത്രസ്മാരകം കാടുകയറി നിശ്ശബ്ദമാണ്. ഫറോക്ക് പഴയപാലത്തിനുസമീപം ചാലിയാറിനുതീരത്ത് ജർമൻ ബാസിൽ ഇവാഞ്ചലിക്കൽ മിഷൻ 1906- ലാണ് ഫറോക്കിലെ കോമൺവെൽത്ത് ഒാട്ടുകമ്പനി നിർമിക്കുന്നത്. കമ്പനിക്കടുത്തുതന്നെയാണ് ഇരുനിലകളിലായി ബംഗ്ലാവ് പണിയുന്നത്. ഇത് ജർമൻ സായിപ്പുമാരുടെ ബംഗ്ലാവായിട്ടാണ് കണക്കാക്കുന്നത്. ജർമൻ വാസ്തുശില്പമാതൃകയിലാണ് ബംഗ്ലാവിന്റെ നിർമാണം. ടൂറിസത്തിന് ഏറെ സാധ്യത കല്പിക്കുന്ന ഈ ബംഗ്ലാവിന്റെ പലഭാഗവും തകർച്ചനേരിടുകയാണ്. ഫറോക്ക് റെയിൽവേ സ്‌റ്റേഷനിൽനിന്ന് അഞ്ഞൂറുമീറ്റർ ദൂരംമാത്രമാണ് ഇവിടേക്കുള്ളത്.
ബേപ്പൂരിന്റെ മറുകരയായ ചാലിയത്താണ് റെയിൽവേ സ്‌റ്റേഷൻ നിലനിന്നിരുന്നതെങ്കിലും ബ്രിട്ടീഷുകാർ ബേപ്പൂർ റെയിൽവേ സ്‌റ്റേഷൻ എന്നാണ് നാമകരണംചെയ്തത്. തിരൂർമുതൽ ചാലിയംവരെ മുപ്പതുകിലോമീറ്റർ ദൈർഘ്യത്തിലായിരുന്നു റെയിൽപ്പാളം നിർമിച്ചത്. 1861 മാർച്ച് 12-നാണ് ചാലിയത്തുനിന്ന് ആവിവണ്ടി കൂകിവിളിച്ച് ഈ പാതയിലൂടെ തിരൂരിലേക്ക് കുതിച്ചത്. മലബാറിനെ മദ്രാസുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യവുമായി ചാലിയാറിനുകുറുകെ ഇരുമ്പുകവചിത കമാനപാലം ഫറോക്കിൽ പണിയുകയും 1888-ൽ റെയിൽപ്പാളം കോഴിക്കോട്ടേക്ക് നീട്ടുകയുംചെയ്തു. എന്നാൽ, പിന്നീട് ചാലിയത്തെ ആദ്യത്തെ റെയിൽവേ സ്‌റ്റേഷനും ആവിവണ്ടിക്കുവേണ്ടി വെള്ളമെത്തിക്കാൻ നിർമിച്ച ചാലിയം റെയിൽവേ കിണറും ഓർമ്മയുടെ താളുകളിലെ ഒരു ഏടായിമാറി. ഈ ചരിത്രശേഷിപ്പുകളും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകമാണ്.
ഇവിടെനിന്ന് 750 മീറ്റർ ദൂരത്താണ് പോർച്ചുഗീസുകാർ ചാലിയത്ത് നിർമിച്ച മുല്ലമേൽകോട്ടയുടെ അവശിഷ്ടമുള്ളത്. 1531-ലാണ് പോർച്ചുഗീസുകാർ കടൽവഴിയുള്ള അക്രമം തടയാനും മലബാറിൽ മേധാവിത്വം ഉറപ്പിക്കാനുമായി ചാലിയത്ത് മുല്ലമേൽകോട്ട നിർമിച്ചത്.
പോർച്ചുഗീസ് അധിനിവേശം അസ്സഹനീയമായപ്പോൾ 1571-ൽ സാമൂതിരിയുടെ നിർദേശപ്രകാരം കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള സൈന്യം കോട്ട ആക്രമിച്ചു. ചെറുത്തുനിൽക്കാനാവാതെ പറങ്കിപ്പട കോട്ടയ്ക്കുള്ളിലേക്ക് പിൻവാങ്ങി. കോട്ടയ്ക്കുള്ളിലേക്ക് വെള്ളവും ഭക്ഷണവും കിട്ടാതായതോടെ പറങ്കിപ്പട കീഴടങ്ങി. ഒടുവിൽ പോർച്ചുഗീസ് കോട്ട കുഞ്ഞാലിമരയ്ക്കാരുടെ നേതൃത്വത്തിലുള്ള സൈന്യം തകർക്കുകയായിരുന്നു.
ഏറെ ചരിത്രപ്രാധാന്യമുള്ള ചരിത്രശേഷിപ്പുകൾ സംരക്ഷിച്ച് വിനോദസഞ്ചാരമേഖലകൾക്കും ചരിത്ര വിദ്യാർഥികൾക്കും കൂടുതൽ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യവും ഉയരുന്നുണ്ട്.