പാലങ്ങാട് -ഒടുപാറ റോഡിൽ അറ്റകുറ്റപ്പണി തുടങ്ങിയിടത്തുതന്നെ

നരിക്കുനി : ഒരുവർഷത്തോളമായി അറ്റകുറ്റപ്പണിക്കായി കാത്തുകിടന്ന പാലങ്ങാട് -കൊടോളി ഒടുപാറ റോഡിലെ പ്രവൃത്തി തുടങ്ങിയിടത്തു തന്നെ. ജില്ലാപഞ്ചായത്ത് കഴിഞ്ഞ ഭരണസമിതി പാസാക്കിയ 10 ലക്ഷം രൂപ ഉപയോഗിച്ചാണ് അറ്റകുറ്റപ്പണി നടത്തുന്നത്.

തകർന്ന റോഡ് നവീകരിക്കണമെന്ന നാട്ടുകാരുടെ നിരന്തരമായ ആവശ്യം പലകാരണങ്ങൾ നിരത്തി കരാറുകാരൻ അവഗണിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.ഒരാഴ്ച മുൻപ് കരാറുകാരൻ വണ്ടിയും മെറ്റലും തൊഴിലാളികളുമായെത്തി റോഡിലെ വലിയകുഴികളിൽ മെറ്റൽ നികത്തിയിരിക്കയാണ്.

പ്രവൃത്തി നാട്ടുകാർക്ക് ഏറെ ആശ്വാസമായെങ്കിലും പിന്നീട് ആരെയും കാണാത്തതിൽ ആശങ്കയിലാണ്. വാഹനങ്ങൾ പോകുമ്പോൾ കുഴികളിൽ നിരത്തിയ മെറ്റൽ ഇളകിമാറുന്നുതുമൂലം ഇരുചക്ര, മുച്ചക്ര വാഹന യാത്രക്കാർ ഏറെ പ്രയാസപ്പെടുകയാണ്.ഒന്നര കിലോമീറ്ററോളംവരുന്ന റോഡിലെ വളവുകളിലാണ് റോഡ് തകർന്നിരിക്കുന്നത്.

മഴക്കാലത്ത് ടാറിങ്ങിലെ ചെറിയ കല്ലുകൾ ഇളകി മഴവെള്ളം കെട്ടിക്കിടന്ന് വലിയ കുഴികളായി മാറുകയായിരുന്നു.

ശരിയായ അഴുക്കുചാൽ നിർമിക്കാത്തതും റോഡുതകർച്ചയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ബസുകൾ അരമണിക്കൂർ ഇടവിട്ട് റൂട്ടിൽ സർവീസ് നടത്തുന്നുണ്ട്. പാലങ്ങാട്ടുനിന്ന് നരിക്കുനിയിലേക്കുള്ള ഏറ്റവും എളുപ്പവഴിയായതുമൂലം റൂട്ടിൽ വാഹനപ്പെരുപ്പമാണ്.2013-14ലെ പി.എം.ജി.എസ്.വൈ. പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചിരുന്നത്. എന്നാൽ പിന്നീട് വാർഷിക അറ്റകുറ്റപ്പണി നടക്കാതായതാണ് റോഡുതകരാൻ കാരണമായത്.പരപ്പൻപൊയിൽ-കാരക്കുന്ന് പാത നവീകരണപ്രവൃത്തി നടക്കുന്നതുമുലം നരിക്കുനിയിലെത്താൻ ഇപ്പോൾ യാത്രക്കാർ ഈ റോഡ് കൂടുതലായി പ്രയോജനപ്പെടുത്തുന്നുണ്ട്. റോഡിലെ അറ്റകുറ്റപ്പണി തുടങ്ങാൻ വൈകിയത് തിരഞ്ഞെടുപ്പും മഴയും കാരണമാണൊണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം.