ഈ അടിപ്പാതകൊണ്ട് എന്തുകാര്യം

അടിയന്തരഘട്ടങ്ങളിൽ ആംബുലൻസിനുപോലും എത്താനാവുന്നില്ല

തിക്കോടി : ടൗണിന് തെക്കുഭാഗത്തുള്ള അടിപ്പാത അത്യാവശ്യഘട്ടത്തിൽ ആംബുലൻസിനുപോലും പോകാൻകഴിയാത്ത സ്ഥിതിയിലാണ്.

രോഗബാധിതനായ 58-കാരനെ ആശുപത്രിയിൽ എത്തിക്കാൻ തിക്കോടി ടൗണിനു പടിഞ്ഞാറുഭാഗത്തുള്ള വീട്ടിൽനിന്ന്‌ ആംബുലൻസിന് കഴിഞ്ഞദിവസം വിളിവന്നു. പയ്യോളി ഭാഗത്തുനിന്ന് ആംബുലൻസ് പെട്ടെന്ന് എത്തിച്ചേർന്നെങ്കിലും പാലൂരിൽനിന്ന് നാഷണൽ ഹൈവേ കടന്നു റോഡിന്റെ പടിഞ്ഞാറുഭാഗത്തെത്താൻ സാധിക്കാതെ ഏറെസമയം നഷ്ടമായി. ഡ്രൈവറും നാട്ടുകാരും ഏറെ പണിപ്പെട്ടെങ്കിലും ഉയരംകുറഞ്ഞ പാലൂരിലെ ബോക്സ് അടിപ്പാതയിലൂടെ ആംബുലൻസിന് കടന്നുപോകാൻ കഴിഞ്ഞില്ല. അവസാനം രോഗിയെ ആശുപത്രിയിലെത്തിക്കാൻ സ്വകാര്യവ്യക്തിയുടെ കാർ ഉപയോഗിക്കേണ്ടിവന്നു.

മുൻപും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഒരിക്കൽ, കോഴിക്കോട് ഭാഗത്തുനിന്ന്‌ കൊണ്ടുവന്ന മൃതദേഹം ചിങ്ങപുരം റോഡിലേക്ക് പ്രവേശിക്കുവാൻ കഴിയാതെ വീണ്ടും രണ്ടുകിലോമീറ്റർ ചുറ്റിത്തിരിഞ്ഞ് പഞ്ചായത്ത് ബസാറിലൂടെയാണ് വീട്ടിലേക്കെത്തിച്ചതെന്ന് നാട്ടുകാർ പറയുന്നു. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ

ആംബുലൻസ്, ഫയർഫോഴ്സ് പോലുള്ള അടിയന്തരസേവനത്തിനായി എത്തിച്ചേരേണ്ട വാഹനങ്ങൾക്ക് കടന്നുവരുന്നതിന് അനുയോജ്യമായ വഴിയില്ലയെന്നത് തിക്കോടിയിലെ ജനങ്ങളെ ആശങ്കയിലാക്കുന്നു.

നാഷണൽ ഹൈവേക്ക് പടിഞ്ഞാറുഭാഗത്ത് കടലോരമേഖലയിൽ വളരെ ജനസാന്ദ്രതയുള്ള പ്രദേശമാണിവിടം. തിക്കോടി, മൂടാടി പഞ്ചായത്തിലുള്ളവർ ആശ്രയിക്കുന്ന ഈ വഴിയിൽ അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കണമെങ്കിൽ തെക്ക് തിക്കോടി പഞ്ചായത്ത് റെയിൽവേ അടിപ്പാതയോ, വടക്ക് കടലൂർ വഴി നന്തി മേൽപ്പാലം കഴിഞ്ഞുള്ള റോഡോ ആണ് ആശ്രയം. റെയിൽവേസ്റ്റേഷൻ, എഫ്.സി.ഐ., സ്കൂളുകൾ, ജില്ലാ തെങ്ങിൽതൈ വളർത്തുകേന്ദ്രം എല്ലാം ദേശീയപാതയ്ക്ക് പടിഞ്ഞാറുഭാഗത്താണുള്ളത്. കൂടാതെ സർക്കാരിന്റെ പദ്ധതിയായ കോടിക്കൽ ഫിഷ് ലാൻഡിങ് സെന്റർ, ഫുട്ബോൾ സ്റ്റേഡിയം എല്ലാം തുടങ്ങാനിരിക്കുകയാണ്. വടകരയിൽനിന്നും റെയിൽവേ ഗുഡ് ഷെഡും തിക്കോടിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന്റെ പ്രവർത്തനം നടന്നുവരുന്നു. തിക്കോടി ടൗണിൽ അടിപ്പാതയ്ക്കായി സമരസമിതി വർഷങ്ങളോളം സമരരംഗത്തായിരുന്നെങ്കിലും ഇവിടെമാത്രം അടിപ്പാത ലഭിച്ചില്ല.