കല്ലാച്ചി ടൗണിലെ കെട്ടിടത്തിന്റെ വരാന്തയുടെ ഭാഗങ്ങൾ അടർന്നുവീണു

ഗ്രാമപ്പഞ്ചായത്ത് നിരവധി തവണ നോട്ടീസ് നൽകിയെങ്കിലും പഴയ കെട്ടിടം പൊളിച്ചു മാറ്റിയില്ല, അപകടം ഒഴിവായത് ഭാ​ഗ്യത്തിന്​

കല്ലാച്ചി :​ ടൗണിലെ തിരക്കേറിയ കല്ലാച്ചി നാദാപുരം മെയിൻ റോഡിലെ പഴയകെട്ടിടത്തിന്റെ വരാന്തയുടെ ഭാ​ഗങ്ങൾ അടർന്നുവീണു. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് കെട്ടിടത്തിന്റെ മുകൾഭാ​ഗത്ത് നിന്നുള്ള ഇഷ്ടികകൾ താഴേക്ക് പതിച്ചത്. റോഡിൽ വാഹനങ്ങളും കാൽനട യാത്രക്കാരുമില്ലാത്തതിനാൽ ദുരന്തം ഒഴിവായി.

കല്ലാച്ചി ടൗണിലെ പഴയ എസ്.ബി.ഐ. ബാങ്ക് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഏറെ അപകടനിലയിലുള്ളത്. കെട്ടിടം പൊളിച്ചുമാറ്റാൻ പലതവണ ​ഗ്രാമപ്പഞ്ചായത്ത് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയെങ്കിലും കെട്ടിട ഉടമകൾ തയ്യാറായിട്ടില്ല. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കട ഉടമകൾ കെട്ടിടംപൊളിക്കുന്നതിന് തടസ്സം സ്യഷ്ടിക്കുന്നുവെന്നാണ് ഉടമയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.

വരാന്തയുടെ ഭാ​ഗങ്ങൾ അടർന്നുവീണതോടെ അപകടനിലയിലുള്ള കെട്ടിടം ഉടൻ പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ​നാദാപുരം ​ഗ്രാമപ്പഞ്ചായത്ത് ഉടമകൾക്ക് വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്.​ ഗ്രാമപ്പഞ്ചായത്തിന്റെ നോട്ടീസ് അപകടനിലയിലുള്ള കെട്ടിടത്തിലും പതിച്ചിട്ടുണ്ട്.