ഇയ്യാട്-കപ്പുറം-വട്ടോളിബസാർ റോഡിലെ ദുരിതയാത്രയ്ക്ക് എന്ന് അറുതിവരും

റോഡുനവീകരണം ഇനിയും പൂർത്തിയായില്ല
എകരൂൽ : ഇയ്യാട്-കപ്പുറം -വട്ടോളിബസാർ റോഡിന്റെ നവീകരണപ്രവൃത്തികൾ മുടങ്ങിയതോടെ റോഡിൽ വാഹനഗതാഗതവും കാൽനടയാത്രയും ഏറെ ദുഷ്കരമായിരിക്കുകയാണ്. ജില്ലാപഞ്ചായത്തിന്റെ കീഴിൽ പ്രധാനമന്ത്രിയുടെ 'ഗ്രാമീണ സഡക് യോജന'യിൽ നവീകരണം തുടങ്ങിയ റോഡാണിത്. നാലുവർഷത്തോളമായി പണിപൂർത്തീകരിക്കാനാവാതെ ജോലികൾ നിലച്ചതോടെ ഏറെ യാത്രാപ്രാധാന്യമേറിയ ഈ റൂട്ടിൽ യാത്രചെയ്യുന്ന സ്കൂൾ, കോളേജ് വിദ്യാർഥികളടക്കം ഒട്ടേറെ യാത്രക്കാർ ഏറെ പ്രയാസമനുഭവിക്കുകയാണ്. ചെറിയമഴ പെയ്താൽപ്പോലും റോഡിലെ കുഴികളിലും കിടങ്ങുകളിലും വെള്ളംനിറഞ്ഞ് വാഹനയാത്രയും കാൽനടയാത്രയും ദുഷ്കരമാക്കുന്നു. ഒട്ടേറെ വാഹനാപകടങ്ങൾക്കും റോഡിന്റെ ശോച്യാവസ്ഥ ഇടയാക്കിയിട്ടുണ്ട്.
ഇയ്യാട് എം.ഐ.യു.പി. സ്കൂൾ, ശിവപുരം ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ, ബാലുശ്ശേരി ഗവ. ഹയർസെക്കൻഡറി സ്കൂൾ, ബാലുശ്ശേരി ഗവ. കോളേജ് എന്നിവയടക്കമുള്ള ഒട്ടേറെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്കുള്ള കുട്ടികൾ യാത്രാദുരിതമനുഭവിക്കുന്നുണ്ട്.
‘ജൽ ജീവൻ’ പദ്ധതിയുടെ പൈപ്പിടലിനെത്തുടർന്ന് റോഡു നവീകരണം നിലച്ചതോടെ ഏറ്റെടുത്ത ജോലി സമയത്തിനു പൂർത്തീകരിക്കാനാവാതെ ഇേപ്പാഴും ദുരവസ്ഥയിൽത്തന്നെയാണ്. പുതിയ കരാറുകാരനെ ഏർപ്പെടുത്തുകയോ നിലവിലുള്ള കരാർ വ്യവസ്ഥകൾ പുതുക്കിനൽകുകയോചെയ്ത് റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ഉടനെ പരിഹാരം കാണണമെന്നാണ് നാട്ടുകാർ പറയുന്നു. താമരശ്ശേരി-കൊയിലാണ്ടി സംസ്ഥാനപാതയിലേക്കെത്തുന്ന, നാലുകിലോമീറ്ററിലധികം ദൂരംവരുന്ന, ഉണ്ണികുളം ഗ്രാമപ്പഞ്ചായത്തിലെ ഇയ്യാട്, കപ്പുറം, വീര്യമ്പ്രം, ശിവപുരം ഭാഗങ്ങളിലെ നൂറുകണക്കിനു കുടുംബങ്ങളുടെ ആശ്രയമായ ഈ റോഡ് എത്രയുംവേഗം നവീകരണം നടത്താനുള്ള നടപടിയുണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഈ ദുരിതത്തിന് പരിഹാരംകാണണം
റോഡിന്റെ ശോച്യാവസ്ഥ കാരണം പത്തോളം വിദ്യാഭ്യാസസ്ഥാപനങ്ങളിലെ കുട്ടികൾക്ക് സമയത്തിന് സ്കൂളുകളിലെത്താൻപോലും സാധിക്കുന്നില്ല. മഴക്കാലത്ത് വെള്ളക്കെട്ടും വേനലിൽ അസഹ്യമായ പൊടിശല്യവും കാരണം എല്ലാവരും ഏറെ പ്രയാസത്തിലാണ്. എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ഉത്തരവാദപ്പെട്ടവരോട് അഭ്യർഥിക്കുന്നു
ഗഫൂർ ഇയ്യാട്
(പി.ടി.എ. പ്രസിഡന്റ്, എം.ഐ.യു.പി. സ്കൂൾ, ഇയ്യാട്)