അനാഥ മന്ദിരത്തിൽ 'പൃഥ്വി'യുടെ ഫലവൃക്ഷ ഉദ്യാനം

കോഴിക്കോട്: വെസ്റ്റ്ഹിൽ അനാഥ മന്ദിരത്തിൽ ഫലവൃക്ഷ ഉദ്യാനം വേരോടി തുടങ്ങി. രാമകൃഷ്ണ മിഷൻ ഹയർ സെക്കണ്ടറി സ്കൂളിലെ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയും അവരുടെ പൂർവ്വ വിദ്യാർത്ഥി സംഘടനയായ പൃഥ്വി റൂട്ടും ചേർന്നാണ് അനാഥ മന്ദിരത്തിൽ ഫലവൃക്ഷങ്ങൾ നട്ടത്. ഇരുപതോളം വ്യത്യസ്ത ഇനങ്ങളിൽ പെട്ട മരതൈകളാണ് ഒഴിഞ്ഞു കിടക്കുന്ന 40 സെൻ്റ് സ്ഥലത്ത് നട്ടത്.
വർഷങ്ങൾക്ക് മുൻപ് മാതൃഭൂമി സീഡ് നക്ഷത്രവനം പദ്ധതി കേരളത്തിൽ ഏറ്റവും മികച്ച രീതിയിൽ നടപ്പിലാക്കിയത് പൃഥ്വി ആയിരുന്നു. നടപ്പിലാക്കിയ സ്ഥലം അനാഥ മന്ദിരവും. വലുതാവും വരെ മരങ്ങളെ പരിചരിച്ച്, തുടർന്നും അവയ്ക്ക് സംരക്ഷണ പ്രവർത്തനങ്ങൾ നടത്തി അവരെ തങ്ങളിലൊരാളാക്കുകയാണ് പൃഥ്വി ചെയ്യുന്നത്.
പൃഥ്വിയിലെ അംഗമായ മുഹമ്മദ് സൈനുൽ ആബിദിൻ്റെ സ്മരണാർത്ഥമാണ് അനാഥ മന്ദിരത്തിൽ ഫ്രൂട്ട് ഗാർഡൻ പൃഥ്വി ഒരുക്കുന്നത്. ആബിദിൻ്റെ ഉമ്മയായ വി.പി. സഫിയ മാവിൻ തൈ നട്ടുകൊണ്ട് ഫലവൃക്ഷ തോട്ടത്തിനു തുടക്കം കുറിച്ചു. വൃക്ഷ തൈകൾ നടുവാൻ കുട്ടികൾക്കൊപ്പം അനാഥമന്ദിരത്തിലെ അന്തേവാസികളും ഉണ്ടായിരുന്നു.
രാമകൃഷ്ണ മിഷൻ സ്കൂളിൽ അഞ്ചാം ക്ലാസ് മുതൽ 10-ാം ക്ലാസ് വരെ പൃഥ്വി പരിസ്ഥിതി കൂട്ടായ്മയിൽ അംഗങ്ങളായവർ പത്താംക്ലാസ് കഴിഞ്ഞാൽ പൃഥ്വി റൂട്ടിലൂടെ ജീവിതാവസാനം വരെ ഒറ്റക്കെട്ടായി ഭൂമിക്ക് വേണ്ടി പ്രവർത്തിക്കുന്നു.
Content Highlights: Fruit Garden Blooms at Kozhikode Orphanage