അർജന്റീനയുടെ തോൽവി: പടക്കം പകുതിവിലയ്ക്ക്, ലഡു മറിച്ചുവിറ്റു, പായസം ‘വെയിറ്റിങ് ലിസ്റ്റിൽ’

കോഴിക്കോട്/കൊയിലാണ്ടി/വടകര: കപ്പ് ഉയർത്തുമെന്ന ഉറച്ച വിശ്വാസത്തിൽ പടക്കംവാങ്ങി, ബാൻഡ് ബുക്ക് ചെയ്തു, കെയ്ക്ക് ഓർഡർ ചെയ്തു, പായസത്തിനും ബിരിയാണിക്കും വരെ ഒരുക്കം നടത്തിയ അർജന്റീന ആരാധകർക്ക് ഒടുവിൽ ബാക്കിയുണ്ടായത് നിരാശമാത്രം. ചിലർ പടക്കങ്ങൾ പകുതിവിലയ്ക്ക് വിറ്റു. ചിലർ വിവാഹത്തിനായി മാറ്റിവെച്ചു. പായസം അടുത്ത ലോകകപ്പിന്റെ വെയ്റ്റിങ് ലിസ്റ്റിലായി.
അതേസമയം, സ്‌പെയിൻ അടക്കമുള്ള മറ്റു ആരാധകർ അർജന്റീന ആരാധകർക്കും ലഡുകൊടുത്ത് അവരെയും ഉൾപ്പെടുത്തി പടക്കങ്ങൾ പൊട്ടിച്ചു. മിഠായിത്തെരുവിൽ സ്‌പെയിൻ, ബ്രസീൽ ആരാധകർ മധുരം വിതരണംചെയ്ത് ആഘോഷം പൊടിപൊടിച്ചു. കക്കോടിയിൽ ചിലയിടങ്ങളിൽ മെസ്സിയുടെ പോസ്റ്ററുകൾ വലിച്ചുകീറുകയും കട്ടൗട്ടുകളിൽ കരിഓയിൽ ഒഴിക്കുകയും ചെയ്തു.
അർജന്റീനയുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തില്ലെന്നാണ് ആരാധകരുടെ പൊതുവിലയിരുത്തൽ. താരങ്ങളുടെ പരിക്കും കോച്ച് ലയണൽ സ്‌കലോണിയുടെ പരീക്ഷണങ്ങളും പാളിയെന്ന വിലയിരുത്തലുമുണ്ട്. ജില്ലാകോടതിയിൽ ബിഗ് സ്‌ക്രീനിൽ കളികാണാനെത്തിയ ചില അർജന്റീന ആരാധകർ മത്സരംകഴിഞ്ഞ് വാഹനങ്ങൾപോലും എടുക്കാതെ ഒളിച്ചുവീടെത്തി. തിങ്കളാഴ്ച രാവിലെ ആളൊഴിഞ്ഞപ്പോഴാണ് തിരിച്ചെത്തി വാഹനങ്ങൾ കൊണ്ടുപോയത്. കക്കോടിയിൽ ഉയർത്തിയിരുന്ന അർജന്റീനയുടെ കൊടി കാണാനില്ലെന്ന പരാതിയുമുണ്ട്.
പടക്കങ്ങൾ മറിച്ചുവിറ്റു
പുതിയങ്ങാടി, കാരപ്പറമ്പ്, കൊയിലാണ്ടി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വാങ്ങിയ പടക്കങ്ങൾ പലരും തിരിച്ചുവിൽക്കുകയായിരുന്നു. ചിലർ പകുതിവിലയ്ക്കാണ് കൈമാറിയത്. വി.കെ. മുഹമ്മദ് അഫ്താബ് വാങ്ങിയ 2,500 രൂപയുടെ പടക്കങ്ങൾ ഇനി ഓഗസ്റ്റ് രണ്ടിന് സുഹൃത്തിന്റെ വിവാഹത്തിൽ പൊട്ടും. ബാൻഡുമേളം ഒരുക്കിയവർ പരിപാടി റദ്ദാക്കി. ജയിച്ചാൽ കെയ്ക്ക് മുറിക്കാമെന്ന പദ്ധതികളും പാതിവഴിയിൽ അവസാനിച്ചു.
പായസം ഏകോപിപ്പിക്കാൻ വാട്‌സാപ്പ് ഗ്രൂപ്പ്
കുറ്റ്യാടി നരിക്കൂട്ടുംചാലിലെ നൂറോളം അർജന്റീന ആരാധകർ വിജയാഘോഷത്തിനായി പായസവിതരണം, പടക്കം, ബാൻഡുമേളം തുടങ്ങി വലിയ പദ്ധതികളൊരുക്കിയിരുന്നു. ഇതിനായി പ്രത്യേക വാട്‌സാപ്പ് ഗ്രൂപ്പും ചുമതലക്കാരും വരെ നിശ്ചയിച്ചിരുന്നു. എന്നാൽ, തോൽവിയോടെ ആഘോഷമെല്ലാം റദ്ദായി.
തോറ്റാലുമിരിക്കട്ടെ നെയ്‌ച്ചോറും ചിക്കനും
മന്ദമംഗലം സ്വാമിയാർ ക്ഷേത്രത്തിന് സമീപത്തെ മിനി സ്റ്റേഡിയത്തിൽ വലിയ സ്‌ക്രീനിൽ മത്സരം കാണാനെത്തിയ മുന്നൂറിലേറെപ്പേർക്ക് അർജന്റീന ഫാൻസ് നെയ്‌ച്ചോറും കോഴിക്കറിയും ഒരുക്കിയിരുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ ഭക്ഷണംകഴിച്ച് മത്സരം ആസ്വദിച്ചെങ്കിലും വിജയാഘോഷത്തിനായി കരുതിയ ആവേശം ഭക്ഷണത്തോടൊപ്പംതന്നെ അവസാനിച്ചു.
പുള്ളാവൂരിൽ ഫ്‌ലോട്ടിങ് സ്റ്റേഡിയവും നിശ്ശബ്ദം
കഴിഞ്ഞ ലോകകപ്പിൽ ചെറുപുഴയ്ക്ക് നടുവിൽ മെസ്സിയുടെ ഭീമൻ ഫ്‌ലെക്‌സ് സ്ഥാപിച്ച് ശ്രദ്ധനേടിയ പുള്ളാവൂർ ഫാൻസ് ഇത്തവണ ലുസൈൽ ഫ്‌ലോട്ടിങ് സ്റ്റേഡിയത്തിന്റെ മാതൃകയും ഒരുക്കിയിരുന്നു. അവിടെ വിജയാഘോഷം നടത്താനായിരുന്നു തീരുമാനം. പക്ഷേ, ഫൈനലിലെ പരാജയത്തോടെ ആരാധകർ മടങ്ങി.
ലഡു അർജന്റീനയുടേത്... വിതരണം സ്‌പെയിൻ
കല്ലാച്ചിമുതൽ വളയംവരെ വിവിധ കേന്ദ്രങ്ങളിൽ ബിഗ് സ്‌ക്രീൻ പ്രദർശനമൊരുക്കിയിരുന്നു. അർജന്റീന ജയിച്ചാൽ ലഡുവിതരണവും പടക്കംപൊട്ടിക്കലുമായിരുന്നു പദ്ധതി. എന്നാൽ, കളി കഴിഞ്ഞപ്പോൾ ലഡുവും അർജന്റീന വാങ്ങിയ പടക്കങ്ങളും ആഘോഷിച്ചത് സ്‌പെയിൻ ആരാധകരാണ്.
Content Highlights: Argentina fans in Kerala had elaborate celebration plans including fireworks and feasts., Post-defeat, fans repurposed fireworks for weddings and canceled planned events., Rival fans in regions like Kozhikode celebrated the outcome with sweets., Local fan clubs faced logistical challenges, including missing flags and abandoned vehicles., The disappointment highlights the intense passion of Kerala's football fan base.