അച്ഛാസ് ഒരുക്കിയ ‘ഫ്യൂച്ചർ കപ്പ് സീസൺ 3’-ക്ക് വർണാഭമായ പരിസമാപ്തി

അണ്ടർ 18 വിഭാഗത്തിൽ ജേതാക്കളായ കെ.എഫ്.ടി.സി. കേരള ക്യാപ്റ്റൻ ഷാവേസ് ലാൽ ട്രോഫി ഏറ്റുവാങ്ങുന്നു
അണ്ടർ 18 വിഭാഗത്തിൽ ജേതാക്കളായ കെ.എഫ്.ടി.സി. കേരള ക്യാപ്റ്റൻ ഷാവേസ് ലാൽ ട്രോഫി ഏറ്റുവാങ്ങുന്നു

കോഴിക്കോട്: യുവപ്രതിഭകളുടെ ആവേശപ്പോരാട്ടങ്ങൾക്കും കായികമികവിനും വേദിയായ ‘അച്ഛാസ് ഫ്യൂച്ചർ കപ്പ് സീസൺ മൂന്നിന്’ വർണാഭമായ സമാപനം. കാണികൾക്ക് ആവേശവും ആഘോഷവും സമ്മാനിച്ച ടൂർണമെന്റിൽ മികച്ചപ്രകടനമാണ് ഓരോ ടീമും കാഴ്ചവെച്ചത്.

കായികപ്രേമികളുടെ നിറഞ്ഞ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ ഫ്യൂച്ചർ കപ്പ്, വളർന്നുവരുന്ന താരങ്ങൾക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാനുള്ള മികച്ചവേദിയായി മാറി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ നടന്ന സമാപനച്ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും വ്യക്തിഗതപുരസ്കാരങ്ങളും കാലിക്കറ്റ് എഫ്.സി. ടീം ക്യാപ്റ്റൻ പ്രശാന്ത്, മറ്റുതാരങ്ങളായ എമിൽ ബെന്നി, പി.ടി. റിയാസ്, റോഷാൽ എന്നിവർ വിതരണംചെയ്തു. അനിൽ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനംചെയ്തു. ഫ്യൂച്ചർ കപ്പ് ടൈറ്റിൽ സ്പോൺസർ ഇമേജിന്റെ ജനറൽ മാനേജർ ജേക്കബ് ജോബിൻ, സെക്കൻഡ്‌ ടൈറ്റിൽ സ്പോൺസർ കോസ്മോസ് സ്പോർട്സിന്റെ കമ്യൂണിറ്റി മാനേജർ സഞ്ജയ്‌, ടൂർണമെന്റ് കൺവീനർ ലാൽസരാജ്, അച്ഛാസ് പ്രസിഡന്റ്‌ കെ.ടി. മൻസൂർ, ടൂർണമെന്റ് ചെയർമാൻ എസ്. സുരേഷ് എന്നിവർ പങ്കെടുത്തു. അണ്ടർ-10, അണ്ടർ-12 വിഭാഗത്തിൽ ജുവെന്റസ് ആക്കാദമിയും അണ്ടർ-14 വിഭാഗത്തിൽ കല്ലായി എസ്.എ.കെ.യും, അണ്ടർ-16-ൽ ബി.പി. മൊയ്‌തീനും അണ്ടർ-18 വിഭാഗത്തിൽ കെ.എഫ്.ടി.സി. കേരളയും ജേതാക്കളായി.

Content Highlights: The third season of Achhas Future Cup youth football tournament concluded with a colourful closing ceremony in Kozhikode.