വടകര നഗരസഭയിൽ പലയിടങ്ങളിലായി റോഡരികിൽ മരത്തടികൾ; യാത്രക്കാർക്കിത് വിലങ്ങുതടി

അടക്കാതെരു ജംഗ്ഷന് സമീപത്ത് കൂട്ടിയിട്ട് മരത്തടികളിൽ  കാട് മൂടിയ നിലയിൽ
അടക്കാതെരു ജംഗ്ഷന് സമീപത്ത് കൂട്ടിയിട്ട് മരത്തടികളിൽ കാട് മൂടിയ നിലയിൽ

വടകര: നഗരസഭയിൽ പലയിടങ്ങളിലായി റോഡരികിൽ മുറിച്ചിട്ട മരത്തടികൾ യാത്രക്കാർക്ക് അപകടഭീഷണി ഉയർത്തുന്നു. പൊട്ടിവീണതും മുറിച്ചിട്ടതുമായ മരങ്ങൾ പ്രധാന റോഡരികിൽ കൂട്ടിയിട്ടതാണ്‌ പ്രയാസമുണ്ടാക്കുന്നത്. പലതിലും കാടുമൂടിക്കിടക്കുകയാണ്. കാൽനടയാത്രക്കാർക്ക് നടന്നുപോകാനും പ്രയാസമുണ്ടാകുന്നുണ്ട്.

എടോടിയിൽനിന്ന്‌ റെയിൽവേസ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ പോലീസ് സ്റ്റേഷനുസമീപം, അടയ്ക്കാതെരുവിൽനിന്ന്‌ മാർക്കറ്റ് റോഡിലേക്ക് കയറുന്ന റോഡിൽ ഇടതുവശത്ത്, നഗരസഭ പാർക്കിന് സമീപം, ദേശീയപാത പാലയാട് നടയിൽനിന്ന്‌ മണിയൂരിലേക്ക് പോകുന്ന റോഡ് എന്നിവിടങ്ങളിലെല്ലാം മരത്തടികൾ കൂട്ടിയിട്ടിട്ടുണ്ട്. ഇതിൽ വർഷങ്ങളായി എടുത്തുമാറ്റാത്തവയും ഉണ്ട്. പി.ഡബ്ല്യു.ഡി.യുടെയും നഗരസഭയുടെയും പരിധിയിൽവരുന്ന മരങ്ങളാണ് ഇവ. കൗൺസിലർമാർ ഒട്ടേറെത്തവണ വിഷയം കൗൺസിലിൽ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ, നടപടി ആയില്ല.

അടയ്ക്കാത്തെരുവിൽ മരങ്ങൾ കൂട്ടിയിട്ടിരിക്കുന്നത് ബസ്‌ സ്റ്റോപ്പിന് സമീപത്തുതന്നെയാണ്. ഇതിൽനിറയെ കാടുമൂടിയ നിലയിലാണ്. ഇഴജന്തുക്കൾ ഉൾപ്പെടെ ഉണ്ടാകുമോ എന്ന ഭയത്താൽ പലരും ഇവിടെ ബസ് കാത്തുനിൽക്കാറുപോലുമില്ല. എടോടിയിൽനിന്ന്‌ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന റോഡിൽ മരത്തടികൾ ചെറിയ കഷണങ്ങളാക്കി പലയിടങ്ങളിലായി കൂട്ടിയിട്ടിട്ടുണ്ട്. ഇവയിലും കാടുകയറിയ നിലയിലാണ്. ഇരുഭാഗങ്ങളിലേക്കും വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാർക്ക് മാറിനിൽക്കാൻപോലും സ്ഥലമില്ലാത്ത സാഹചര്യമാണ്. പാലയാട്‌നടയിൽ ആവട്ടെ ഓട്ടോറിക്ഷകൾ നിർത്തിയിടുന്നതിനുസമീപത്താണ് മരത്തടികൾ കൂട്ടിയിട്ടിരിക്കുന്നത്. ഈ റോഡിന് വീതികുറവാണ്. വലിയ വാഹനങ്ങൾ പോകുമ്പോൾ കാൽനടയാത്രക്കാർക്കുണ്ടാകുന്ന പ്രയാസം ചെറുതല്ല. പാർക്കിനുസമീപത്തെ വലിയമരം കടപുഴകി വീഴുകയായിരുന്നു. കഷണങ്ങളാക്കി മുറിച്ചിട്ടതല്ലാതെ അവിടെനിന്ന്‌ മാറ്റിയിട്ടില്ല.

പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള റോഡരികിൽ മുറിച്ചിട്ട മരങ്ങൾ മാറ്റുന്നതിനും ലേലംചെയ്യുന്നതിനും സർക്കാർ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. പൊതുസ്ഥലങ്ങളിലെ മരങ്ങൾ മുറിക്കുന്നതിനും നീക്കംചെയ്യുന്നതിനും വനംവകുപ്പിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും അനുമതിയും വിലനിശ്ചയിക്കലും വേണം. തടികളുടെ അളവെടുക്കുകയും ഗുണനിലവാരമനുസരിച്ച് അടിസ്ഥാനവില നിശ്ചയിക്കുകയും ചെയ്യുന്നത് വനംവകുപ്പിന്റെ സോഷ്യൽ ഫോറസ്ട്രി വിങ്ങാണ്. അതിനുശേഷം മുറിച്ചിട്ട തടികൾക്ക് നമ്പറിടുകയും അവയുടെ കണക്കുകൾ പി.ഡബ്ല്യു.ഡി. രജിസ്റ്ററിൽ രേഖപ്പെടുത്തുകയുംചെയ്യും. തുടർന്ന്, ലേലനടപടികളിലേക്ക് കടക്കും.

ലേലത്തിനുവെക്കുമ്പോൾ ആരും പങ്കെടുക്കാത്ത സാഹചര്യമാണ് പലപ്പോഴും ഉണ്ടാവാറ്. പൊതുവേ വനംവകുപ്പ് നിശ്ചയിക്കുന്ന അടിസ്ഥാനവില നിലവിലെ വിപണിവിലയെക്കാൾ കൂടുതലായിരിക്കും. ഇതിനുപുറമേ കാറ്റത്തും മഴയത്തും കടപുഴകിവീഴുന്ന പല മരങ്ങളും വിറകിനുമാത്രമേ ഉപകരിക്കൂ. ഇവയ്ക്ക് ഫർണിച്ചർ ആവശ്യങ്ങൾക്കുള്ള തടിയുടെ വിലയില്ലാത്തതിനാൽ കരാറുകാർ ലേലത്തിൽ പങ്കെടുക്കാറില്ല. മരം മുറിച്ച് കഷണങ്ങളാക്കി ലോറിയിൽ കയറ്റി കൊണ്ടുപോകാനുള്ള കൂലി, ജി.എസ്.ടി. എന്നിവ കണക്കാക്കുമ്പോൾ ലേലം വിളിക്കുന്നയാൾക്ക് നഷ്ടമുണ്ടാക്കുകയാണ് പതിവ്. മാത്രമല്ല,

മരംവീണ് മാസങ്ങൾക്കുശേഷമാണ് പലപ്പോഴും ലേലം നടക്കുന്നത്. അപ്പോഴേക്കും മഴയും വെയിലുമേറ്റ് തടി ദ്രവിക്കുകയോ ചിതലരിക്കുകയോ ചെയ്തിട്ടുണ്ടാകും. ഇക്കാരണങ്ങൾ കൊണ്ടാണ് പലരും ലേലത്തിൽ പങ്കെടുക്കാത്തത്.

Content Highlights: Felled tree logs abandoned along major roads in Vadakara municipality pose serious threats to pedestrians and motorists due to delayed auction procedures.