എൻ.സി.സി ഇന്റർ ഗ്രൂപ്പ് റിപ്പബ്ലിക് ഡേ ക്യാമ്പ് മത്സരം: എറണാകുളം ഗ്രൂപ്പ് ചാമ്പ്യന്മാർ

കോഴിക്കോട്: ഡൽഹി റിപ്പബ്ലിക് ദിന ക്യാമ്പിലേക്കുള്ള കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ ഇന്റർ ഗ്രൂപ്പ് മത്സരങ്ങൾ കോഴിക്കോട് വെച്ച് നടന്നു.
ഗാർഡ് ഓഫ് ഓണർ, കർത്തവ്യപഥ്, പ്രൈം മിനിസ്റ്റർ റാലി, ഗ്രൂപ്പ് ഡാൻസ്, ഗ്രൂപ്പ് സോംഗ്, ബാലെറ്റ്, ഫ്‌ളാഗ് ഏരിയ, ബെസ്റ്റ് കേഡറ്റ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ നടന്നത്.
കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിലെ 400 ഓളം കേഡറ്റുകളും 50 സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ഫ്‌ളാഗ് ഏരിയ, ബെസ്റ്റ് കേഡറ്റ്, ഗ്രൂപ്പ് സോംഗ് എന്നീ ഇനങ്ങളിൽ ഒന്നാം സ്ഥാനവും, ഗാർഡ് ഓഫ് ഓണർ, ഗ്രൂപ്പ് ഡാൻസ്, ബാലെറ്റ് എന്നീ ഇനങ്ങളിൽ രണ്ടാം സ്ഥാനവും, വ്യക്തിഗത ഇനങ്ങളിലായി 8 മെഡലുകളും സ്വന്തമാക്കി കൊണ്ടാണ് എറണാകുളം ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

തൃശൂർ, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ എഴുപത്തിയഞ്ചോളം എൻ.സി.സി കേഡറ്റുകളും 7 ഒഫീഷ്യൽസും ആണ് എറണാകുളം ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.

ഒഫിഷ്യേറ്റിംഗ് അഡീഷണൽ ഡയറക്ടർ ജനറൽ ബ്രിഗേഡിയർ എ. രാകേഷിൽ നിന്നും കേഡറ്റുകളും കണ്ടിൻജന്റ് കമാൻഡർ മേജർ ഗായത്രി കെ നായരും ട്രോഫി ഏറ്റുവാങ്ങി. എറണാകുളം ഗ്രൂപ്പ് കമാൻഡർ കമഡോർ ജോസ് വികാസ് കേഡറ്റുകളെയും സ്റ്റാഫിനെയും അഭിനന്ദിച്ചു.