കുഴിച്ചിടാനെത്തിച്ച മാലിന്യം ഹരിതകർമസേനയെക്കൊണ്ട് തിരിച്ചെടുപ്പിച്ചു

എലിക്കുളം : എലിക്കുളം പഞ്ചായത്തിൽ ഹരിതകർമസേന ശേഖരിച്ച മാലിന്യം മാന്തറയ്ക്കുസമീപം പാറമടയോടുചേർന്ന് കുഴിച്ചിടാൻ ശ്രമിച്ചത് തടഞ്ഞ് ബി.ജെ.പി.യുടെ പഞ്ചായത്തംഗങ്ങളും പ്രവർത്തകരും. പ്രതിഷേധത്തെ തുടർന്ന് മാലിന്യം ഹരിതകർമസേനയുടെ വണ്ടിയിൽത്തന്നെ തിരിച്ചെടുപ്പിച്ചു.
എലിക്കുളം പഞ്ചായത്തിൽ ഹരിതകർമസേന സ്ഥാപിച്ച ബിന്നുകളിൽനിന്ന് ശേഖരിച്ച മാലിന്യമാണ് പഞ്ചായത്തിന്റെ തന്നെ വാഹനത്തിൽ സ്ഥലത്ത് എത്തിച്ചത്. മണ്ണുമാന്തിയന്ത്രം കൊണ്ട് കുഴിയെടുത്ത് മൂടാൻ ശ്രമിച്ചപ്പോഴാണ് പഞ്ചായത്തംഗങ്ങളുൾപ്പെടെ ബി.ജെ.പി.നേതാക്കളും പ്രവർത്തകരും നാട്ടുകാരുമായെത്തി തടഞ്ഞത്.
പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, കോഴിമാലിന്യം, സാനിട്ടറി നാപ്കിൻ തുടങ്ങിയവയാണ് പ്ലാസ്റ്റിക് കൂടുകളിൽ നിറച്ച് കൊണ്ടുവന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പാറമയുടെ സമീപം കുഴിച്ചിട്ടാൽ പ്രദേശത്തെ ജലസ്രോതസ്സിനെ മലിനപ്പെടുത്തുമെന്ന് ഇവർ ആരോപിച്ചു.
10-ാം വാർഡംഗം എം.കെ.സുജാത, ഒൻപതാം വാർഡംഗം ശ്രീജാ സരീഷ്, ബി.ജെ.പി.വെസ്റ്റ് ജില്ലാസെക്രട്ടറി എം.ആർ.സരീഷ്കുമാർ, ഭരണങ്ങാനം മണ്ഡലം സെക്രട്ടറി കെ.ബി.ജയേഷ്, എലിക്കുളം പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനീഷ് കറുകപ്പള്ളിൽ തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
മണ്ണുമാന്തിയന്ത്രം തടഞ്ഞുവെച്ച് പണി നിർത്തിച്ചു. തുടർന്ന് മാലിന്യം കൊണ്ടുവന്ന ഹരിതകർമസേനയുടെ വാഹനത്തിൽ തന്നെ അവ തിരിച്ചുകയറ്റി പഞ്ചായത്തിലേക്കുതന്നെ അയച്ചു.