ഗുരുമന്ദിരം- നെത്തല്ലൂർ കുരിശുകവല ബൈപ്പാസ്: തടസ്സങ്ങൾ നീങ്ങി...ദ്രുതഗതിയിൽ നിർമാണം

കറുകച്ചാൽ : തടസ്സങ്ങൾ മാറി, ഗുരുമന്ദിരം- നെത്തല്ലൂർ കുരിശുകവല ബൈപ്പാസ് നിർമാണം പുനരാരംഭിച്ചു. വീതികൂട്ടലും വൈദ്യുതിത്തൂണുകൾ മാറ്റിസ്ഥാപിക്കലുമടക്കം തടസ്സപ്പെട്ടതോടെ പണി പാതിവഴിയിൽ മുടങ്ങിയിരുന്നു. ടാറിങ്ങിന് മുന്നോടിയായി മെറ്റിലിട്ട് റോഡ് നിരത്തുന്ന ജോലികളാണ് പുനരാരംഭിച്ചത്.

ബംഗ്ലാംകുന്ന് മുതൽ കുരിശുകവലവരെയുള്ള ഭാഗത്താണ് ഇപ്പോൾ നിർമാണ ജോലികൾ നടത്തുന്നത്. ഇവിടെ പലയിടത്തും റോഡിന് ഉയരം കൂട്ടേണ്ടതുണ്ട്. ഈ ഭാഗങ്ങൾ നിരത്തി ഉയരം കൂട്ടുകയാണിപ്പോൾ. അന്തിമഘട്ട നിർമാണം പൂർത്തിയാക്കി രണ്ടാഴ്ചയ്ക്കകം ടാറിങ് ആരംഭിക്കുമെന്നാണ് അധികൃതർ പറയുന്നത്.

കുരുക്കിനൊരു പരിഹാരം

1.8 കിലോമീറ്ററുള്ള റോഡ് രണ്ടുകോടി രൂപയ്ക്കാണ് പുനർനിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കറുകച്ചാൽ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്നാണ് കരുതുന്നത്.

കറുകച്ചാൽ- നെത്തല്ലൂർ ഭാഗത്തെ തിരക്ക് ഒഴിവാക്കി വാഴൂർ റോഡിലൂടെയുള്ള ഗതാഗതം സുഗമമാകും. കോട്ടയം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഗുരുമന്ദിരം ജങ്ഷനിൽനിന്ന്‌ തിരഞ്ഞ് ബംഗ്ലാംകുന്നിലൂടെ കുരിശുകവലയിലെത്തും. തിരിച്ചും നെത്തല്ലൂർ ചുറ്റാതെ വാഹനങ്ങൾക്ക് കറുകച്ചാലിലെത്താം. രണ്ടരവർഷം മുൻപ് തുക അനുവദിച്ചിട്ടും സാങ്കേതിക പ്രശ്‌നങ്ങളാൽ നിർമാണം തടസ്സപ്പെട്ടുകിടക്കുകയായിരുന്നു.