നിർമാണം തുടങ്ങിയിട്ട് 11-വർഷം ഒരുകോടി രൂപ മുടക്കിയിട്ടും പ്രയോജനമില്ല

മണിമല : എം.എൽ.എ.യുടെ പട്ടികജാതി വികസനഫണ്ടിൽനിന്ന് ഒരുകോടി രൂപ മുടക്കിയിട്ടും പൂർത്തിയാകാത്ത പദ്ധതിക്കായി രണ്ടാമത് 50-ലക്ഷം രൂപകൂടി അനുവദിച്ചു. എന്നിട്ടും പദ്ധതി യാഥാർഥ്യമായില്ല. ഇത് പൊന്തൻപുഴയിലെ കമ്യൂണിറ്റിഹാളിന്റെ കഥ.
പൊന്തൻപുഴ മുക്കട റോഡിനു സമീപം 2015-ലാണ് കമ്യൂണിറ്റിഹാൾ നിർമാണം തുടങ്ങിയത്.500-പേർക്ക് ഇരിക്കാവുന്ന ഹാൾ, സ്റ്റേജ്, അടുക്കള, ശൗചാലയം എന്നിവ ഭാഗികമായി പൂർത്തിയായി. കേരള ഫോറസ്റ്റ് ഇൻഡസ്ട്രീസിനായിരുന്നു നിർമാണച്ചുമതല. പട്ടികജാതി വികസനവകുപ്പ് കാഞ്ഞിരപ്പള്ളി താലൂക്ക് ഓഫീസിനായിരുന്നു മേൽനോട്ടം.നിർമാണത്തിലെ അപാകം ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകിയതോടെ നിർമാണം നിയമക്കുരുക്കിലായി.
കേസ് കഴിഞ്ഞശേഷം ഏതാനും ജോലികൾ പൂർത്തിയാക്കി. തുടർന്ന് 2024-ൽ പൊന്തൻപുഴ പട്ടികജാതി ക്ഷേമസമിതി നവകേരളയാത്രയ്ക്കിടെ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.തുടർന്ന് പട്ടികജാതി വികസനവകുപ്പിൽനിന്നും 50-ലക്ഷം രൂപ അനുവദിച്ച് ബാക്കി പണികൾ നടത്തി. എന്നാൽ വൈദ്യുതി കണക്ഷൻ കിട്ടിയില്ല.ചുറ്റുമതിൽ നിർമിച്ചില്ല. പത്ത് വർഷം മുൻപ് കുഴൽക്കിണർ കുഴിച്ചെങ്കിലും വെള്ളമെടുക്കാൻ കഴിഞ്ഞിട്ടില്ല. ചുറ്റുമതിൽ അടക്കമുള്ള നിർമാണങ്ങൾ പൂർത്തിയാകാത്തതിനാൽ പട്ടികജാതിവികസന വകുപ്പ് കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. അതുകൊണ്ട് വൈദ്യുതി കണക്ഷനും കിട്ടിയില്ല. രണ്ട് മാതൃകാ പട്ടികജാതി ഉന്നതികളുൾപ്പെടുന്ന വാർഡിലെ കമ്യൂണിറ്റിഹാൾ തുറക്കുന്നതും കാത്തിരിക്കുകയാണ് നാട്ടുകാർ.