നാട്ടുകാരുടെ ഒത്തൊരുമയിൽ ഇഞ്ചിയാനിയിൽ വീണ്ടും ബന്തിപ്പൂ വസന്തം

വിളവെടുപ്പിന് നേതൃത്വം നൽകി രൂപതാ അധ്യക്ഷനും
മുണ്ടക്കയം : ഇഞ്ചിയാനി ഹോളി ഫാമിലി പള്ളി വികാരിയും ഹോളി ഫാമിലി സ്കൂൾ മാനേജരുമായ ഫാ. ജോസഫ് കല്ലൂപ്പറമ്പത്തിന്റെ നേതൃത്വത്തിൽ കുട്ടികളെയും പ്രദേശവാസികളെയും ഒപ്പം നിർത്തിയാണ് ഇത്തരമൊരു പൂക്കൃഷിയുടെ വിജയഗാഥ ഒരുക്കിയത്. എല്ലാ വിഭാഗത്തിലുംപെട്ട സാധാരണക്കാരായ ആളുകളാണ് കൂട്ടായ്മയിലുള്ളത്.
പ്രദേശവാസിയായ സുജ വടക്കുംമുറിയിലിന്റെ 60 സെന്റ് തരിശുഭൂമിയാണ് ഒത്തൊരുമയിൽ മനോഹരമായ പൂന്തോട്ടമായി മാറിയത്. കഴിഞ്ഞ രണ്ടുമാസമായി വിദ്യാർഥികളും മാതാപിതാക്കളും നാട്ടുകാരും നടത്തിയ അധ്വാനം പൂക്കളായി വിരിഞ്ഞു. നാടിന്റെ ആഘോഷമാക്കി വിളവെടുപ്പും നടത്തി. പൂക്കളുടെ വിളവെടുപ്പ് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ നിർവഹിച്ചു.
നാടിന്റെ ഐക്യവും കൂട്ടായ്മയും കാത്തുസൂക്ഷിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുൻവർഷങ്ങളിലും ഇത്തരത്തിൽ ബന്തിപ്പൂകൃഷി ഇവിടെ നടത്തിയിരുന്നു.
പ്രദേശത്തെ എല്ലാ വിഭാഗങ്ങളിലെയും വിദ്യാർഥികളെ ഉൾപ്പെടുത്തി ഫാ. ജോസഫ് കല്ലൂപ്പറമ്പത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളത്തിൽ പരിശീലനവും നടത്തിവരുന്നു. സ്കൂൾ പരിസരത്ത് പച്ചക്കറിയും കൃഷിയും ചെയ്യുന്നു. മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽനിന്ന് കുട്ടികളെ പിന്തിരിപ്പിക്കുക എന്ന സാമൂഹികദൗത്യം കൂടിയാണ് കൃഷിയിലൂടെ ഇഞ്ചിയാനിയിൽ യാഥാർഥ്യമായതെന്ന് ഫാ. ജോസഫ് കല്ലൂപ്പറമ്പത്ത് പറഞ്ഞു.