ഗാന്ധിജിയുടെ 'തീർഥയാത്ര' നവതിയിലേക്ക്

ചങ്ങനാശ്ശേരി : ഗാന്ധിജി അഞ്ചുതവണയാണ് കേരളം സന്ദർശിച്ചത്. അഞ്ചാമത്തെയും അവസാനത്തെയും കേരളയാത്രയെ അദ്ദേഹം തീർഥയാത്ര എന്നാണ് വിശേഷിപ്പിച്ചത്. 1936 നവംബർ 11-ന് ശ്രീചിത്തിരതിരുനാൾ മഹാരാജാവ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ചതിനുശേഷം തിരുവിതാംകൂറിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതിനും അതിന് മുൻകൈ എടുത്തവരെ അഭിന്ദിക്കുന്നതിനുമാണ് ഗാന്ധിജി എത്തിയത്.
സമസ്തഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനം അനുവദിച്ചതിലൂടെ പുണ്യഭൂമിയായ തിരുവിതാംകൂർ സന്ദർശനത്തെ അദ്ദേഹം തീർഥയാത്രയായി കരുതി. ഗാന്ധിജി രണ്ടുതവണ ചങ്ങനാശ്ശേരിയിലും എത്തി. ആദ്യയാത്ര 1934-ൽ ആനന്ദാശ്രമത്തിന്റെ ഉദ്ഘാടനത്തിനായിരുന്നു. രണ്ടാമത്തെ യാത്ര അദ്ദേഹം വിശേഷിപ്പിച്ച തീർഥയാത്രയുടെ ഭാഗമായിരുന്നു.
ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷം തിരുവിതാംകൂറിൽ എല്ലാവിഭാഗം ഹിന്ദുക്കൾക്കുമായി ആദ്യം തുറന്നുകൊടുത്ത സ്വകാര്യക്ഷേത്രമായ പെരുന്ന സുബ്രഹ്മണ്യസ്വാമി ക്ഷേത്രം സന്ദർശിച്ചു. 1937-ജനുവരി 20-നായിരുന്നു സന്ദർശനം. ആ തീർഥയാത്ര നവതിയിലേക്ക് കടക്കുകയാണ്. പെരുന്ന ക്ഷേത്രപ്രവേശനവും തുടർന്നുള്ള ഗാന്ധിജിയുടെ സന്ദർശനവും സാധ്യമായത് മന്നത്ത് പദ്‌മനാഭന്റെ ഉത്സാഹത്തിലായിരുന്നു.