കുമാരനല്ലൂരമ്മയ്ക്കുമുൻപിൽ രാഗാർദ്രനാകും, ഡി.ജി.പി. എസ്. ശ്രീജിത്ത്

#രശ്മി രഘുനാഥ്

കോട്ടയം: വെള്ളിയാഴ്ച വൈകീട്ട് എറണാകുളത്തെ ഔദ്യോഗിക തി രക്കുകൾ കഴിഞ്ഞ് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിൻയാത്രയിൽ ഡി.ജി.പി. എസ്. ശ്രീജിത്തിന്റെ മനസ്സിൽ നിറഞ്ഞിരുന്നത് കർണാടകസംഗീതത്തിലെ അപൂർവരാഗങ്ങളും കീർത്തനങ്ങളുമായിരുന്നു. ശനിയാഴ്ച വൈകീട്ട് കുമാരനല്ലൂർ ദേവീക്ഷേത്രത്തിലെ സംഗീതസദസ്സിൽ അമ്മയ്ക്കുമുൻപിൽ പാടാനുള്ള കീർത്തനങ്ങൾ മനസ്സിൽ ആവർത്തിച്ച് ഉറപ്പിക്കുകയായിരുന്നു അദ്ദേഹം.

കാക്കിയിലെ കാർക്കശ്യത്തിനും ക്രമസമാധാനപാലനത്തിന്റെ തിരക്കുകൾക്കുമപ്പുറം, സംഗീതത്തെയും നൃത്തത്തെയും ആത്മാവോട് ചേർത്തുവെക്കുന്ന ഈ കലാകാരന് കുമാരനല്ലൂരമ്മയുടെ നടയിലെ സംഗീതാർച്ചന ഒരു സ്വപ്നസാക്ഷാത്കാരമാണ്.

‘’2006-ലാണ് ഞാൻ കോട്ടയം എസ്.പി. ആയിരുന്നത്. കുമാരനല്ലൂരമ്മയോട് എനിക്ക് പറഞ്ഞറിയിക്കാനാകാത്ത സ്നേഹവും ഭക്തിയുമാണ്. ആ പുണ്യസന്നിധിയിൽ, അമ്മയ്ക്കുമുൻപിൽ പാടാൻ അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്.

കച്ചേരിയിൽ ഏതൊക്കെ കീർത്തനങ്ങളാണ് അമ്മയ്ക്കുമുൻപിൽ സമർപ്പിക്കുന്നത്?

കുമാരനല്ലൂരമ്മയെക്കുറിച്ച് സ്വാതിതിരുനാൾ അഠാണ രാഗത്തിൽ ചിട്ടപ്പെടുത്തിയ ‘ശ്രീ കുമാര നഗരാലയേ’ എന്ന മനോഹരകീർത്തനം പ്രധാനമാണ്.

‘അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂരമ്മേ’ എന്ന ഗാനം ഭക്തർക്ക്‌ പ്രിയപ്പെട്ടതാണ് ?

എങ്കിൽ ഉറപ്പായും ആ കീർത്തനവും പാടും. ആ പാട്ട് കേട്ടപ്പോൾത്തന്നെ അത് ആനന്ദഭൈരവി രാഗത്തിലുള്ളതാണെന്ന് എനിക്ക് മനസ്സിലാകുന്നു. എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ട്രെയിൻയാത്രയ്ക്കിടയിൽ ആ പാട്ട് ഒന്നുകൂടി ഹൃദിസ്ഥമാക്കും.

സംഗീതപഠനത്തിന്റെ തുടക്കം എങ്ങനെയായിരുന്നു?

ഞാൻ ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ല. അമ്മ സംഗീതം പഠിച്ചയാളാണ്. ചേച്ചി, പ്രശസ്ത സംഗീതജ്ഞരായ ശെമ്മാങ്കുടി ശ്രീനിവാസയ്യരുടെയും പാലാ സി.കെ. രാമചന്ദ്രന്റെയും കീഴിൽ സംഗീതം അഭ്യസിച്ചിട്ടുണ്ട്. പാട്ടുകൾ കേട്ടും ഭാവം ഉൾക്കൊണ്ടുമാണ് വളർന്നത്. സംഗീതം ആത്മാവിലുണ്ടെങ്കിൽ പാടാൻ സാധിക്കുമെന്നാണ് വിശ്വസിക്കുന്നത്.

സ്കൂൾ-കോളേജ് കാലത്ത് കലയിൽ സജീവമായിരുന്നോ ?ഒന്നുമുതൽ പത്താംക്ലാസ്‌വരെ ഞാൻ ഭരതനാട്യവും മോഹിനിയാട്ടവും പഠിച്ചിട്ടുണ്ട്. 1982-ൽ സംസ്ഥാന യുവജനോത്സവത്തിൽ ഭരതനാട്യത്തിന് ഒന്നാംസ്ഥാനം ലഭിച്ചിരുന്നു. ജില്ലാതലത്തിലും യുവജനോത്സവങ്ങളിലുമെല്ലാം ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കോളേജ് ഇന്റർസോൺ മത്സരങ്ങളിൽ വയലിനും മൃദംഗത്തിനും സമ്മാനങ്ങൾ ലഭിച്ചു.

രണ്ടുവർഷമായി കച്ചേരിവേദികളിൽ സജീവമാണല്ലോ ?

മൂന്നുവർഷംമുൻപ് കാടാമ്പുഴ ക്ഷേത്രത്തിൽ മലബാർ ദേവസ്വം ബോർഡിന്റെ വകയായി വിദ്യാധരൻ മാഷിന് ഒരു സ്വീകരണമുണ്ടായിരുന്നു. ആ വേദിയിൽ വിദ്യാധരൻ മാഷിന്റെ പാട്ടുകളിലെ രാഗങ്ങളെക്കുറിച്ച് ഞാൻ വിശദമായി സംസാരിച്ചു. അതിനുശേഷമാണ് സംഗീതലോകത്തെ ഏറ്റവും പവിത്രമായ വേദികളിലൊന്നായ തിരുവയ്യാറിലെ ത്യാഗരാജ ആരാധനാ മഹോത്സവത്തിൽ പാടാൻ ക്ഷണം ലഭിക്കുന്നത്.

സത്യത്തിൽ അതുകേട്ടപ്പോൾ ആകെ അങ്കലാപ്പിലായി. 30 വർഷമൊക്കെ കച്ചേരി നടത്തിയ മുതിർന്ന കർണാടകസംഗീതജ്ഞർപോലും ഈറ്റില്ലമായിക്കാണുന്ന സദസ്സാണ്. ആ ക്ഷണം നിരസിച്ചാൽ അത് സംഗീതത്തോടുള്ള ധിക്കാരമാകുമെന്ന് തോന്നി. അങ്ങനെ പന്തളം ബാലനിൽനിന്ന്‌ കുറച്ച് കീർത്തനങ്ങൾ പഠിച്ചു.

2024 ജനുവരി 27-നാണ് തിരുവയ്യാറിൽ സംഗീതാരാധന നടത്തിയത്. പിന്നീട് ടി.എൻ. കൃഷ്ണൻ, ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യൻ തുടങ്ങിയ പ്രമുഖരെത്തുന്ന കണ്ണൂരിലെ ‘തുരീയം’ സംഗീതോത്സവത്തിൽ കച്ചേരി നടത്തി. രണ്ടുവർഷംകൊണ്ട് 60-70 വേദികളിൽ പാടി.

സംഗീതം നൽകുന്ന ആത്മീയ ആശ്വാസം എന്താണ്?

ശാസ്ത്രീയസംഗീതം ഈശ്വരചിന്താപരമായ ആത്മീയാനുഭവമാണ്; ദൈവസന്നിധിയിലേക്ക് കൈപിടിച്ചുയർത്തുന്ന ഒരവസ്ഥ. കച്ചേരി അവതരിപ്പിക്കുമ്പോൾ ഞാൻ രാഗങ്ങളെക്കുറിച്ച് സദസ്സിനോട് വിശദീകരിക്കാറുണ്ട്.

അപ്പോൾ കേൾവിക്കാരുമായി ഒരാത്മബന്ധം സ്ഥാപിക്കാൻ കഴിയും. ഭക്തികൊണ്ട് പലപ്പോഴും കണ്ണുനിറയും. പോലീസിന് കരയാൻ പാടില്ലല്ലോ എന്നാണല്ലോ പൊതുചിന്ത. അതോർത്ത് ഞാൻ കണ്ണീർ ഉള്ളിലൊതുക്കും.

2012 മുതൽ എല്ലാമാസവും മുടങ്ങാതെ ഞാൻ മൂകാംബികയിൽ പോകാറുണ്ട്. സർവീസിൽനിന്ന് വിരമിച്ചശേഷം എന്റെ ജീവിതം മൂകാംബികാദേവിയുടെ സന്നിധിയിലായിരിക്കും.