പുതുമന ഗണപതിക്ക് ചെങ്കണപതി ഹോമം

കുറിച്ചി :പുതുമന ഗണപതി ക്ഷേത്രത്തിലെ വിനായകചതുർഥി ഉത്സവത്തിന്റെ ഭാഗമായി ചെങ്കണപതി ഹോമം നടത്തി. പുതുമന മനു നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ഗണേശ സഹസ്രനാമജപം, വേദമന്ത്രജപം എന്നിവയ്ക്കുശേഷം ക്ഷേത്രത്തിൽ വിശേഷ പൂജാകർമങ്ങൾ, അലങ്കാര ദീപാരാധന, അത്താഴപൂജ എന്നിവ നടത്തി. രാത്രി എട്ടിന് തുരുത്തി പഞ്ചശ്രീ കലാപീഠം നടത്തിയ അമൃതവർഷിണി ഭജൻസ് ശ്രദ്ധേയമായി.

അപ്പംമൂടൽ ഇന്ന്

വിനായകചതുർഥി ഉത്സവത്തിന്റെ അഞ്ചാം ദിവസമായ 13-ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, അഷ്ടാഭിഷേകം, ലക്ഷ്മിവിനായക പൂജ, ചതുർലക്ഷ മൂലമന്ത്ര ഹോമം, ഗണേശ ഗായത്രിഹോമം, സഹസ്രനാമ ലക്ഷാർച്ചന എന്നിവ നടക്കും. വൈകീട്ട് അഞ്ചിന് വിനേഷ് തൃപ്പൂണിത്തറ നയിക്കുന്ന പഞ്ചാരി മേളവും തുടർന്ന് അപ്പംമൂടൽ, വിശേഷാൽ ദീപാരാധന.

വിനായകചതുർഥി ആഘോഷം

വിനായകചതുർഥി ദിവസമായ തിങ്കളാഴ്ച പുലർച്ചെ നാലിന് പുതുമന ഗണപതി ക്ഷേത്രത്തിൽ 1008 നാളികേരം ഗണപതിഹോമം നടക്കും. രാവിലെ 10-ന്‌ ഗണപതി പൊങ്കാല, 11.30-ന് പൊങ്കാല നിവേദ്യം, ഉച്ചപ്പൂജ, അന്നദാനം എന്നിവയാണ് പ്രധാന ചടങ്ങുകൾ. വൈകീട്ട് ഗംഗാകലശം അഭിഷേകം, വിശേഷ ദീപാരാധന. രാവിലത്തെ പൂജാകർമങ്ങൾക്ക് നെട്ടൂർ ഉണ്ണിക്കൃഷ്ണനും വൈകീട്ട്‌ പൂജാ ചടങ്ങുകൾക്ക് രതീഷ് മാരാരിക്കുളവും പഞ്ചാരിമേളത്തിന് നേതൃത്വം വഹിക്കും.