നാടിന്റെ ദാഹമകറ്റാൻ...

മുളയംവേലിയിൽ ജൽജീവന്റെ ജലശുദ്ധീകരണശാലയുടെ നിർമാണം പുരോഗമിക്കുന്നു

നെടുംകുന്നം : കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ പഞ്ചായത്തുകളെ കോർത്തിണക്കി 236 കോടി രൂപ ചെലവഴിച്ച് ജൽജീവന്റെ വൻകിട പദ്ധതിയുടെ നിർമാണജോലികൾ പുരോഗമിക്കുന്നു. 2028-ഓടെ പദ്ധതി പൂർത്തിയാക്കി എല്ലാ വീടുകളിലും വെള്ളം എത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

മൂന്ന് പഞ്ചായത്തുകളും പദ്ധതിയുമായി സഹകരിച്ചാണ് തുടർപ്രവർത്തനങ്ങൾ നടത്തുന്നത്. മണിമലയാറ്റിലെ ഉള്ളൂർപ്പടിയിൽനിന്ന്‌ വെള്ളം പമ്പുചെയ്ത് മുളയംവേലിയിൽ നിർമിച്ചുകൊണ്ടിരിക്കുന്ന ശുദ്ധീകരണശാലയിൽ എത്തിക്കും.

ഇവിടെനിന്ന്‌ പഞ്ചായത്തുകളിൽ നിർമിക്കുന്ന സംഭരണികളിലേക്ക് വെള്ളമെത്തിക്കുകയാണ് ലക്ഷ്യം. തുടർന്നാണ് വീടുകളിലേക്ക് വെള്ളമെത്തിക്കുന്നത്. പഞ്ചായത്തുകൾചേർന്ന് 45 ലക്ഷം രൂപയ്ക്ക് വാങ്ങിയ സ്ഥലത്താണ് നിലവിൽ ശുദ്ധീകരണശാല പണിയുന്നത്.

2023-ൽ ആരംഭിച്ച പദ്ധതി കരാറുകാരുമായി ഉണ്ടായ പ്രശ്നങ്ങളെത്തുടർന്ന് വീണ്ടും ടെൻഡർ ചെയ്യുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളെ തുടർന്നാണ് പദ്ധതി നീളാൻ കാരണം.

നേരിടാൻ വെല്ലുവിളികളേറെ

2025-ൽ പൂർത്തീകരിക്കേണ്ട പദ്ധതിയാണ്. 60 ശതമാനത്തോളം നിർമാണജോലികൾ ഇനിയും മിച്ചമുണ്ട്.

പൈപ്പ് സ്ഥാപിക്കുന്ന ജോലികളാണ് തുടക്കം മുതൽ തടസ്സപ്പെട്ടത്. ഗ്രാമീണ റോഡുകളടക്കം കുത്തിപ്പൊളിച്ച് പൈപ്പിടുന്നതിന് എതിർപ്പുകൾ നേരിടേണ്ടിവന്നു.

പൈപ്പ് സ്ഥാപിക്കൽ ജോലികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. പ്രധാന റോഡുകളിലടക്കം ഇനിയും പൈപ്പ് സ്ഥാപിക്കാനുണ്ട്.

മൂന്ന് പഞ്ചായത്തുകളിലും മുടക്കമില്ലാതെ വെള്ളമെത്തിക്കുക എന്നത് പ്രധാന വെല്ലുവിളിയാണ്.

മണിമലയാർ വറ്റിവരളുന്നതിനാൽ വേനൽക്കാലത്ത് വെള്ളത്തിന് ക്ഷാമം ഉണ്ടാകാനും സാധ്യതയുണ്ട്.

കോടികൾ ചെലവഴിച്ച് നിർമിച്ച കറുകച്ചാൽ- മണിമല റോഡടക്കം വീണ്ടും കുത്തിപ്പൊളിച്ച് പൈപ്പിടാനായി ബുദ്ധിമുട്ടുകളുണ്ട്.

കോടികൾ മുടക്കിയിട്ടും പദ്ധതി വിജയകരമായില്ലെങ്കിൽ വലിയ വിമർശനത്തിനിടയാകും.