ഈ റോഡ് നേരേ ചൊവ്വേ ആകുമോ...

ഈരാറ്റുപേട്ട : തീക്കോയി, പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആനിയിളപ്പ്- വെട്ടിപ്പറമ്പ്- പൂഞ്ഞാർ റോഡ് സഞ്ചാരയോഗ്യമല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ ഇടാനാണ് റോഡ് വെട്ടിപ്പൊളിച്ചത്.
ഇനിയും ഒരു പൈപ്പ് ലൈൻ കൂടി ഈ റോഡിലൂടെ ഇടാനുണ്ട് എന്ന കാരണം പറഞ്ഞുകൊണ്ടാണ് റോഡിന്റെ പണി മുടങ്ങിക്കിടക്കുന്നത്. പൈപ്പ് ഇടുകയുമില്ല, റോഡിന്റെ പണി ചെയ്യുകയുമില്ല എന്ന അവസ്ഥയിലാണ് ഇപ്പോഴുള്ളത്.
റോഡിന്റെ ദയനീയാവസ്ഥ നിരന്തരം ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥന്മാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടും യാതൊരു തീരുമാനവും ഉണ്ടാകുന്നില്ല.
വിവാഹങ്ങളടക്കം നിരവധി പരിപാടികൾ നടക്കുന്ന കൺവെൻഷൻ സെന്റർ, ചാരിറ്റി സ്ഥാപനങ്ങൾ, സ്‌പെഷ്യൽ സ്‌കൂൾ തുടങ്ങിയ സ്ഥാപനങ്ങൾ ഈ റോഡിന്റെ ഭാഗത്താണുള്ളത്.
ആയിരക്കണക്കിന് ആളുകൾ യാത്രചെയ്യുന്ന വഴിയാണ്. സ്‌കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളും കാൽനടയാത്രക്കാരും ദിവസേന സഞ്ചരിക്കുന്നു. ഇരുചക്രവാഹനത്തിൽപോലും യാത്രചെയ്യാൻ പറ്റാത്ത ദയനീയ അവസ്ഥയിൽ റോഡിലെ അപകടങ്ങൾ തുടർക്കഥയാണ്.