ദൈവഹിതത്തിന് കീഴടങ്ങുകയാണ് കന്യകാമറിയം നൽകുന്ന മാതൃക -മോർ മിലിത്തിയോസ്

മണർകാട് : ദൈവഹിതത്തിന് മുന്നിൽ പൂർണമായി സമർപ്പിക്കുകയും കല്പനകൾ അനുസരിക്കുകയുംചെയ്യുക എന്നതാണ് ദൈവമാതാവ് വിശ്വാസിസമൂഹത്തിന് നൽകുന്ന ഏറ്റവും വലിയ മാതൃകയെന്ന് തുമ്പമൺ ഭദ്രാസനാധിപൻ യൂഹാനോൻ മോർ മിലിത്തിയോസ് മെത്രാപ്പൊലീത്ത. മണർകാട് സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ രണ്ടാംദിനം മൂന്നിന്മേൽ കുർബാനയ്ക്കുശേഷം വചനസന്ദേശം നൽകുകയായിരുന്നു മെത്രാപ്പൊലീത്ത.

ദൈവമാതാവിന്റെ മധ്യസ്ഥത തേടുന്നതിനൊപ്പം അമ്മ നൽകിയ ആഹ്വാനം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ നോമ്പുകാലത്ത് വിശ്വാസികൾ തയ്യാറാകണമെന്നും മെത്രാപ്പൊലീത്ത പറഞ്ഞു. റവ.ഡോ. കൗമാ റമ്പാൻ, ഫാ. അഭിലാഷ് ഏബ്രഹാം വലിയവീട്ടിൽ എന്നിവർ വചനസന്ദേശവും ഫാ. മാത്യൂസ് ചാലപ്പുറം ധ്യാനശുശ്രൂഷയും നടത്തി.

നേർച്ചക്കഞ്ഞിയിൽ പങ്കുചേർന്ന് വിശ്വാസികൾ

എട്ടുനോമ്പിനോട് അനുബന്ധിച്ച് കത്തീഡ്രലിന്റെ ചെറിയ പാരീഷ് ഹാളിൽ ക്രമീകരിച്ചിരിക്കുന്ന നേർച്ചക്കഞ്ഞിയിൽ പങ്കുചേരാൻ വിശ്വാസികളുടെ തിരക്ക്. ഏഴാം തീയതി അർധരാത്രി വരെയാണ് നേർച്ചക്കഞ്ഞി വിതരണം. എല്ലാ ദിവസവും കത്തീഡ്രലിലെ കുർബാനയ്ക്കുശേഷം 11-ന് നേർച്ചക്കഞ്ഞിവിതരണം ആരംഭിക്കും. വൈകുന്നേരം സന്ധ്യാപ്രാർഥനയെത്തുടർന്ന് ആറിനാണ് വൈകുന്നേരത്തെ കഞ്ഞിവിതരണം. രാത്രി പതിനൊന്നുവരെയാണ് കഞ്ഞിവിതരണം. അഞ്ച് ടണ്ണിലേറെ അരിയുടെ കഞ്ഞിയാണ് പ്രതിദിനം വിതരണം ചെയ്യുന്നത്.

മണർകാട് കത്തീഡ്രലിൽ ഇന്ന്

കരോട്ടെ പള്ളിയിൽ രാവിലെ ആറിന് വിശുദ്ധകുർബാന. കത്തീഡ്രലിൽ രാവിലെ 7.30-ന് പ്രഭാതപ്രാർഥന. 8.30-ന് വിശുദ്ധ മൂന്നിന്മേൽ കുർബാന-മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസിന്റെ മുഖ്യകാർമികത്വത്തിൽ. രാവിലെ 11-ന് പ്രസംഗം-റവ. ബേസിൽ റമ്പാൻ. ഉച്ചയ്ക്ക് 12-ന് മധ്യാഹ്ന പ്രാർഥന. 2.30-ന് പ്രസംഗം-ഫാ. തോമസ് മാളിയേക്കൽ. വൈകീട്ട് അഞ്ചിന് സന്ധ്യാപ്രാർഥന. ആറിന് ധ്യാനം-എം.എസ്.ഒ.ടി. സെമിനാരി ഗോസ്പൽ ടീമിന്റെ നേതൃത്വത്തിൽ.