പാലാംകടവിലെ ആ തണലും പോയിമറഞ്ഞു...

തലയോലപ്പറമ്പ് : അരനൂറ്റാണ്ടുകാലം പാലാംകടവ് ജങ്ഷന് തണലേകിയ കൂറ്റൻ ആൽമരം ഇനി അവിടെ ഉണ്ടാകില്ല. കേടുവന്ന് അപകടഭീഷണി ഉയർത്തിയതിനെത്തുടർന്ന് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനപ്രകാരം മരം മുറിച്ചുമാറ്റി.
തിരക്കേറിയ പാലാംകടവ് ജങ്ഷനിൽ ബസ് കാത്തിരിപ്പുകേന്ദ്രത്തിനും ഓട്ടോ സ്റ്റാൻഡിനും തൊട്ടടുത്തായാണ് ഈ ആൽമരം സ്ഥിതിചെയ്തിരുന്നത്.
മരം ജീർണിച്ച് അപകടാവസ്ഥയിലായതോടെ യാത്രക്കാരും ഓട്ടോ തൊഴിലാളികളും വ്യാപാരികളും പരാതിയുമായി പഞ്ചായത്തിനെ സമീപിച്ചിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടർന്ന് മാസങ്ങൾക്കുമുമ്പ് മരത്തിന്റെ കേടുവന്ന ശിഖരങ്ങൾ മുറിച്ചുമാറ്റിയിരുന്നു.
എന്നാൽ മരം പൂർണമായും അപകടാവസ്ഥയിലായതോടെ അപകടം ഒഴിവാക്കാൻ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി മരം മുറിച്ചുമാറ്റാൻ തീരുമാനിക്കുകയായിരുന്നു.
അരനൂറ്റാണ്ടുമുൻപ് നാട്ടുകാരായ വൈപ്പേൽ ദിവാകരൻ, കിഴക്കേൽ കേശവൻ എന്നിവർ ചേർന്നാണ് ജങ്ഷനിൽ ഈ ആൽമരം നട്ടുപിടിപ്പിച്ചതെന്ന് പാലാംകടവിലെ ചായക്കട ഉടമ ഡി. ഷാജി ഓർമ്മിക്കുന്നു. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ, വൈസ് പ്രസിഡന്റ് പി.സി. തങ്കരാജ്, പഞ്ചായത്തംഗങ്ങളായ പി.പി. പത്മനന്ദനൻ, വനജ അനിൽകുമാർ എന്നിവർ സ്ഥലത്തെത്തി മരം മുറിച്ചുമാറ്റുന്നതിനു നേതൃത്വംനൽകി.