അകത്തേക്കരി പാടം നികത്താൻ ശ്രമം; കർഷകർ തടഞ്ഞു

ആർപ്പൂക്കര : ആർപ്പൂക്കര പഞ്ചായത്തിൽ അകത്തേക്കരി പാടശേഖരത്തിലെ വാച്ചാൽ (വെള്ളം കടന്നുപോകുന്ന പൊതുതോട്) മണ്ണിട്ട് നികത്തിയത് കർഷകർ തടഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്താണ് അകത്തേക്കരിയുടെ ഭാഗമായ രണ്ടേക്കറോളം വരുന്ന നെൽകൃഷിയിടം മണ്ണിട്ട് നികത്തൽ ആരംഭിച്ചത്.
വാച്ചാൽ നിലനിർത്തിയാണ് ആദ്യം നികത്തൽ നടന്നുവന്നത്. എന്നാൽ കഴിഞ്ഞദിവസം പൊതുതോട്ടിൽ വലിയ കോൺക്രീറ്റ് പൈപ്പ് സ്ഥാപിച്ച് ആ ഭാഗവും മണ്ണിട്ട് നികത്താൻ നടത്തിയ ശ്രമമാണ് കർഷകർ തടഞ്ഞത്. രണ്ടേക്കർ വരുന്ന കൃഷിയിടത്തിന്റെ ഏകദേശം മധ്യഭാഗത്ത് കൂടിയാണ് പൊതുതോട് കടന്നുപോകുന്നത്. പാടശേഖരസമിതിയുടെ പരാതിയിൽ താലൂക്ക് ഓഫീസിൽനിന്നും ഭൂമി അളന്ന് തിട്ടപ്പെടുത്തിയിരുന്നു.
കൃഷിക്ക് ആവശ്യമായ വെള്ളം കൈപ്പുഴ ആറ്റിൽനിന്നും പാടശേഖരത്തിലേക്ക് ഒഴുകിയെത്തുന്ന 200 മീറ്റർ നീളവും 3.81 വീതിയുമുള്ള പൊതുതോട് ഏകദേശം 4.75 സെന്റ് കൃഷിഭൂമിയിലൂടെയാണ് കടന്നുപോകുന്നതെന്ന് അടയാളപ്പെടുത്തിയിട്ടുണ്ടെന്നും റവന്യൂ രേഖകളിൽ കാണുന്ന അളവിൽ പൊതുതോട് നിലനിർത്തണമെന്നും പാടശേഖരസമിതി പ്രസിഡന്റ് പി.എൻ.സുധീർ പറഞ്ഞു.
ആർപ്പൂക്കര കൃഷിഭവന്റെ കീഴിലുള്ള അകത്തേക്കരി 100 ഏക്കർ പാടശേഖരത്തിൽ 78 കർഷകരാണ് ഉള്ളത്. എട്ട് വർഷക്കാലമായി അകത്തേക്കരി പാടത്തിന്റെ രണ്ടേക്കർ വരുന്ന പ്രദേശത്ത് കൃഷി നടത്താതെ പുല്ല് വളർന്നനിലയിലായിരുന്നു. ഏകദേശം അഞ്ച് വർഷം മുമ്പാണ് കൈപ്പുഴമുട്ട് കൊറ്റാടിയിൽ പെട്രോൾ പമ്പ് ഈ സ്ഥലം വാങ്ങിയതെന്ന് കർഷകർ പറഞ്ഞു.
പുല്ല് വളർന്ന കൃഷിയിടത്തിൽ ചെളി കൂട്ടിവെച്ച് ഉയർത്തി അതിൽ തെങ്ങ് വയ്ക്കുകയും തെങ്ങ് വളരുന്ന മുറയ്ക്ക് തെങ്ങിന് ചുറ്റും മണ്ണിട്ട് നികത്തി എടുക്കുന്ന രീതിയാണ് ഇവിടങ്ങളിൽ നടന്നുവരുന്നത്.