തണലൊരുക്കിയ മരങ്ങൾ ഇന്ന് തടസ്സമാകുന്നു

മുറിച്ച തണൽമരങ്ങൾ റോഡരികിൽ തള്ളുന്നു
കറുകച്ചാൽ : അപകട ഭീഷണിയെന്ന് കരുതി മുറിച്ചിടുന്ന മരങ്ങളൊക്കെയും റോഡരികിൽ തള്ളും. വർഷങ്ങൾ കഴിഞ്ഞാലും അവ, നീക്കാതെ കാട് കയറിക്കിടക്കും. കറുകച്ചാൽ-മണിമല, വാഴൂർ റോഡുകളിലാണ് യാത്രക്കാരെ വലച്ച് തടികൾ മുറിച്ചിട്ടിരിക്കുന്നത്.
മണിമല റോഡിൽ നെരിയാനിപൊയ്ക, മാണികുളം ഭാഗത്ത് വർഷങ്ങൾക്ക് മുൻപ് മുറിച്ച കൂറ്റൻ മരം ഇപ്പോഴും ദ്രവിക്കാതെ റോഡരികിൽ കിടപ്പുണ്ട്. മാണികുളത്തിന് സമീപം കഴിഞ്ഞവർഷം പിഴുതെടുത്ത ആഞ്ഞിലിയുടെ ചുവട് ഭാഗം റോഡരികിൽ തള്ളിയിരുന്നു. വാഴൂർ റോഡിൽ ചമ്പക്കര പള്ളിപ്പടി മുതൽ കാഞ്ഞിരപ്പാറ റോഡിന്റെ വശങ്ങളിൽ മരങ്ങളും ശിഖരങ്ങളും മുറിച്ച് കൂട്ടിയിട്ടിരിക്കുകയാണ്. തടികൾ കിടക്കുന്നതിനാൽ വാഹനങ്ങൾ നിർത്താനോ കാൽനട യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാനോ കഴിയുന്നില്ല. തടികൾ റോഡിലേക്ക് നീണ്ടുനിൽക്കുന്നത് അപകടങ്ങൾക്കും കാരണമാകുന്നുണ്ട്.
വലഞ്ഞ് പി.ഡബ്ല്യു.ഡിയും
പരാതിയുണ്ടാകുമ്പോൾ മരങ്ങൾ മുറിക്കാൻ ട്രീ കമ്മറ്റിയിൽ നിന്നും അനുമതി ലഭിക്കും. ഓൺലൈനായി ടെൻഡർ ചെയ്യുമെങ്കിലും സാമൂഹിക വനവത്കരണ വിഭാഗം നിശ്ചയിക്കുന്ന വില കൂടുതലാണെന്ന് ആരോപിച്ച് ആരും ലേലം കൊള്ളാറില്ല. ഇതോടെ പി.ഡബ്ല്യു.ഡി. സ്വന്തം ചെലവിലാണ് പലപ്പോഴും മരങ്ങൾ മുറിക്കുന്നത്.
ഇത് നീക്കം ചെയ്യണമെങ്കിലും വലിയ തുക വേണ്ടി വരും. ഇക്കാരണത്താലാണ് മുറിച്ചതടികൾ റോഡരികിൽ തള്ളുന്നത്. വിലപിടിപ്പുള്ള തടികൾ പോലും വഴിയരികിൽ കിടന്ന് ദ്രവിക്കുകയാണ്.