മാലിന്യം നീങ്ങട്ടെ, മനോഹരമാകട്ടെ...

പാതയോരത്ത് സൗന്ദര്യവത്കരണവുമായി മാർ ക്രിസോസ്റ്റം ഫൗണ്ടേഷൻ
എരുമേലി : എത്രയോ തവണ തെളിച്ചു. പലതവണ ശുചീകരണവും നടത്തി. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ക്യാമറകൾ സ്ഥാപിച്ചു. എന്നിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ് കനകപ്പലം- വെച്ചൂച്ചിറ, കനകപ്പലം- കരിമ്പിൻതോട് റോഡിലെ മാലിന്യം തള്ളൽ.
നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടും പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താനാകാത്തത് ദുരൂഹതയായി തുടരുന്നു.
പഞ്ചായത്തും വനം വകുപ്പും പോലീസും തുടർ പ്രവർത്തനങ്ങൾ നടത്തിയിരുന്നെങ്കിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താമായിരുന്നു. വർഷങ്ങളായി തുടരുകയാണ് ശുചീകരണം...
കനകപ്പലം- വെച്ചൂച്ചിറ റോഡ്...
എരുമേലിക്കാർക്ക് വാഗമൺ പോകേണ്ട, കനകപ്പലത്തുണ്ട് പൈൻ മരക്കാടുകളും അക്കേഷ്യാ മരങ്ങളും. സമീപം ഉണ്ട് കേന്ദ്ര സർക്കാരിന്റെ അമൃതസരോവർ കുളവും.
പദ്ധതി പ്രകാരം കുളത്തിന്റെ സുരക്ഷ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ പൂർത്തിയായില്ലെങ്കിലും വിനോദസഞ്ചാരികൾക്ക് മനം കുളിർക്കുന്ന സാഹചര്യം.
ഇവിടം ഉദ്യാനമാക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇതിനുള്ള പദ്ധതികൾക്ക് അനുമതി തേടിയിരിക്കുകയാണ്. വിവിധ കോളേജുകൾ, സ്കൂൾ, ജനപ്രതിനിധികൾ തുടങ്ങിയവരുടെ സഹകരണത്തിലാണ് പ്രവർത്തനങ്ങൾ.
കെ.സി.സി. വെച്ചൂച്ചിറ മേഖലാ പ്രസിഡന്റ് കെ. കൊച്ചുമോൻ ഉദ്ഘാടനം ചെയ്തു. ടി.കെ. സാജു, ജോൺ സാമുവേൽ, എം. സുരേഷ്, പി.എ. നെജിമോൻ, ജോൺ വി.സാമുവേൽ, സജി കരിമ്പിൻതോട്, വത്സമ്മ ജോൺ, സോളമൻ വെള്ളാംകുഴിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഇനിയും മാലിന്യം തള്ളരുതേ...
:പാതയോരത്തെ കാടുകൾ നീക്കംചെയ്ത് ചെടികൾ വെച്ചുപിടിപ്പിച്ച് സുന്ദരമാക്കുകയാണ്.
മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ. മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായാണ് കനകപ്പലം- വെച്ചൂച്ചിറ പാതയോര സൗന്ദര്യവത്കരണ പരിപാടിയിൽ റോഡിനിരുവശത്തെയും കാടുകൾ തെളിച്ച്
ചെടികൾ പരിപാലിക്കുന്ന പദ്ധതിക്ക് തുടക്കമായത്. മൂന്നുവർഷംമുമ്പ് മാലിന്യനിബിഡവും ദുർഗന്ധപൂരിതവുമായിരുന്ന ഈ പ്രദേശത്തെ 52 ടൺ ജൈവ അജൈവ മാലിന്യം ജനപങ്കാളിത്തത്തോടെ ശേഖരിച്ച് നീക്കിയിരുന്നു.
എന്നിട്ടും മാലിന്യംതള്ളുന്ന ഇടമായി മാറിയ സാഹചര്യത്തിലാണ് സൗന്ദര്യവത്‌കരണ ഇടമാക്കുന്നത്.