ചിങ്ങവനം- വെട്ടിത്തറ റോഡ് തകർന്നു

ചിങ്ങവനം : ചിങ്ങവനം- വെട്ടിത്തറ റോഡ് കുഴികൾനിറഞ്ഞ് പൂർണമായും തകർന്ന നിലയിലായി. ടാറിങ് ഇളകി മെറ്റലുകൾ തെളിഞ്ഞും വലിയ കുഴികൾ രൂപപ്പെട്ടും കാൽനടയാത്രപോലും ദുസ്സഹമായിരിക്കുകയാണ്. പാടത്തിനും ചിങ്ങവനം ചന്തക്കവലയിലെ തോടിനുമിടയിലൂടെ കടന്നുപോകുന്ന വളരെ വീതികുറഞ്ഞ റോഡാണിത്. എം.സി.റോഡിൽ പ്രവർത്തിച്ചിരുന്ന ബെവ്കോ മദ്യവില്പനശാല ഈ റോഡരികിലേക്ക് മാറ്റിയതോടെയാണ് ഇതുവഴിയുള്ള വാഹനത്തിരക്ക് അനിയന്ത്രിതമായി വർധിച്ചത്.
വീതികുറഞ്ഞ ഈ പാതയിൽ വലിയ വാഹനങ്ങൾക്ക് വശം നൽകുന്നതിനിടെ വാഹനങ്ങൾ നിയന്ത്രണംവിട്ട് സമീപത്തെ തോട്ടിലേക്ക് മറിഞ്ഞ് മുൻപും വലിയ അപകടങ്ങളുണ്ടായിട്ടുണ്ട്. കൊയ്ത്തുകാലം ആയാൽ പാടത്തുനിന്ന് നെല്ല് കയറ്റാനായി ഭാരവാഹനങ്ങളും വലിയ ലോറികളും ഇതുവഴി എത്തും. ഇതോടെ അപകടസാധ്യത കൂടും. റോഡിന്റെ അരികുകൾ ഇടിഞ്ഞതും കുഴികളും കാരണം ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് പതിവായി.
തിരക്ക് വർധിക്കാൻ കാരണമായ ബെവ്കോ മദ്യവില്പനശാല ഇവിടെനിന്ന് മാറ്റി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തകർന്നുകിടക്കുന്ന റോഡ് നവീകരിച്ച് സുരക്ഷാവേലികൾ സ്ഥാപിക്കണമെന്നുംനാട്ടുകാർ ആവശ്യപ്പെടുന്നു.