കല്ലുംമണ്ണും റോഡിൽ വീഴ്ത്തി ടിപ്പറോട്ടം

കറുകച്ചാൽ : അളവിലധികം കല്ലും മണ്ണുമായി പായുന്ന ടിപ്പർലോറികൾ യാത്രക്കാരെ വലയ്ക്കുന്നു. വളവ് തിരിയുമ്പോൾ ലോറിയിൽനിന്ന് കല്ലുംമണ്ണും റോഡിലേക്കാണ് വീഴുന്നത്.

കഴിഞ്ഞ ദിവസം മണിമല റോഡിൽ പരുത്തിമൂടിന് സമീപം ടോറസിൽനിന്ന് റോഡിലേക്ക് കരിങ്കല്ല് തെറിച്ചുവീണു. എതിരേയെത്തിയ സ്കൂട്ടർ യാത്രികരായ വീട്ടമ്മമാർ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ഇവർ ബഹളമുണ്ടാക്കിയെങ്കിലും ടോറസ് നിർത്താതെ പോയി. നെടുമണ്ണി, കോവേലി, നെടുംകുന്നം മഠത്തുംപടി ഭാഗങ്ങളിലെ വളവുകളിലെല്ലാം ടോറസിൽനിന്ന്‌ മണ്ണ് വീഴുന്നത് പതിവാണ്. രണ്ടാഴ്ച മുമ്പ് ഇലയ്ക്കാട് ഭാഗത്ത് മണ്ണും ഉരുകളൻ കല്ലുകളും ടിപ്പറിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണിരുന്നു.

പിന്നാലെ വരുന്ന ഇരുചക്രവാഹന യാത്രികരാണ് ഇതുമൂലം ബുദ്ധിമുട്ടുന്നത്. കഴിഞ്ഞ മാസം മൈലാടിക്ക് സമീപം വളവിൽ വീണ മണ്ണിൽ കയറി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റിരുന്നു. ലോഡുകയറ്റിയ ശേഷം പടുതയോ വലകളോ ഇട്ട് മൂടുമെങ്കിലും ലോഡ് ഉയർന്നുനിൽക്കുന്നതിനാൽ കല്ലും മണ്ണും ഇതിനിടയിലൂടെ റോഡിലേക്ക് വീഴും. പോലീസിന്റെ പരിശോധന ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.