ഡോക്ടർക്കായുള്ള കാത്തിരിപ്പ് തീരുന്നില്ല

പാലാ : ജനറലാശുപത്രിയിൽ ഹൃദ്രോഗവിഭാഗം ഡോക്ടർക്കായുള്ള കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങളായി. ഹൃദ്രോഗ വിഭാഗത്തിൽ ഉള്ളസംവിധാനങ്ങൾകൂടി ഇപ്പോൾ നിലച്ചു.
വർഷങ്ങളോളം പ്രവർത്തിച്ചിരുന്ന ഹൃദ്രോഗ വിഭാഗത്തിലാണ് ഇവിടെയുണ്ടായിരുന്ന ഡോക്ടർമാരെ മറ്റ് ആശുപത്രകളിലേക്ക് മാറ്റിയതോടെ ഈ വിഭാഗം പാലായിൽ ഇല്ലാതായത്. പ്രവർത്തനം നിലച്ചതോടെ പരിശോധനയന്ത്രങ്ങളും കെട്ടിടവും പൊടിപിടിച്ചു കിടക്കുന്ന സ്ഥിതിയിലായി. മുമ്പ് നിരവധി ഡോക്ടർമാർ ഇവിടെ ഈ വിഭാഗത്തിൽ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞവർഷംവരെ ആഴ്ചയിൽ ഒരുദിവസം കാർഡിയോളജിസ്റ്റ് എത്തിയിരുന്നതിനാൽ ഒ.പി. പ്രവർത്തിച്ചിരുന്നു.
ആ ഡോക്ടർ വിരമിച്ചതോടെ അതുംനിലച്ചു. എം.പി.ഫണ്ട് ചെലവഴിച്ച് ലക്ഷങ്ങൾ മുടക്കി വാങ്ങിയ എക്കോ മെഷീൻ ഉപയോഗരഹിതമായിരിക്കുന്നു. സമീപ പ്രദേശത്ത് സർക്കാർ മേഖലയിലുണ്ടായിരുന്ന ഏക ഹൃദ്രോഗ ചികിത്സാ വിഭാഗമായിരുന്നു പാലായിലേത്. ചികിത്സ നിലച്ചതോടെ സ്വകാര്യ ആശുപത്രികളിലെ വലിയ ചെലവേറിയ രോഗനിർണയ ചികിത്സാ വിഭാഗങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയിലായി രോഗികൾ. ഒരു പതിറ്റാണ്ടുമുമ്പ് ജനറലാശുപത്രിയിൽ ഹൃദ്രോഗ ചികിത്സാ വിഭാഗം വിപുലപ്പെടുത്തുന്നതിനായി കാത്ത് ലാബ് ആരംഭിക്കുന്നതിന് പദ്ധതി വിഭാവനം ചെയ്യുകയും ഇതിനായി പ്രത്യേക കെട്ടിടവും നിർമിച്ചിരുന്നു. എന്നാൽ, കാത്ത് ലാബ് വന്നില്ലെന്നു മാത്രമല്ല ഉണ്ടായിരുന്ന ഒ.പി.വിഭാഗവുംകൂടി ഇല്ലാതാകുകയും ചെയ്തു. കാത്ത് ലാബിനുമാത്രമായി നിർമിച്ച കെട്ടിടഭാഗം വെറുതേ കിടക്കുകയാണ്.