തീർഥാടനകാലം അടുത്തു; റോഡിൽ വരപോലും തെളിഞ്ഞില്ല...

എരുമേലി : ഒന്നര പതിറ്റാണ്ട് മുമ്പുവരെ തീർഥാടനകാലമടുക്കുമ്പോഴേ എരുമേലിയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിലുള്ള മുന്നൊരുക്കങ്ങൾ കാണാമായിരുന്നു. തിരക്കിട്ട നിർമാണം.. തകൃതിയായ പ്രവൃത്തികൾ...എന്നിവയെല്ലാം മുറയായി നടക്കാറുണ്ട്. എന്നാൽ ഇക്കുറി ശബരിമല തീർഥാടനത്തിനെത്തുന്ന ഭക്തർക്ക് മതിയായ പ്രാഥമിക സൗകര്യമെങ്കിലും ഒരുക്കാനുള്ള നടപടി ഉണ്ടായിട്ടില്ല. കുറഞ്ഞപക്ഷം സുരക്ഷിത യാത്രയെങ്കിലും പ്രദാനം ചെയ്യണം. എന്നാൽ ഇന്നുവരെ ഒന്നുംചെയ്യാത്ത കാഴ്ച...എരുമേലി, കാഞ്ഞിരപ്പള്ളി പാതകളിൽ പ്രധാന ജങ്ഷനുകളിൽ സീബ്രാവര വരെ മാഞ്ഞു. ശബരിമലപാതകളിൽ പലയിടങ്ങളിലും ജങ്ഷനുകളിൽ റോഡിന്റെ മധ്യവരയും അരികിലത്തെ വരകളും കാണാനാവില്ല. എല്ലാം ഒരുക്കുമെന്ന് വിവിധവകുപ്പുകൾ പറയുമ്പോഴും ഒന്നും നടപ്പാകാത്ത കാഴ്ച. എരുമേലി പഞ്ചായത്തിൽ തീർഥാടന കേന്ദ്രങ്ങളിലെല്ലാം ഇതാണവസ്ഥ.

എരുമേലി ടൗണിൽ കാൽനട യാത്രികർക്ക് ആശ്രയമായ സീബ്രാലൈൻ മാഞ്ഞ നിലയിലാണ്. ഈ ലൈനിന്റെ ഇരുപുറമാണ് പേട്ട ധർമശാസ്താക്ഷേത്രവും വാവരുപള്ളിയും. എരുമേലി ടൗണിലെ പ്രധാന പാതയായ സെയ്ന്റ് തോമസ് സ്കൂൾ ജങ്ഷനിൽ സീബ്രാലൈൻ കാണാനില്ല. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പാതയാണിത്.